കാഴ്ചക്കപ്പുറം വിശ്വാസം
text_fieldsഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങളുടെ അടിത്തറ എന്താണ്? പഞ്ചേന്ദ്രിയങ്ങൾ മുഖേന ലഭ്യമാകുന്ന അറിവാണോ അത്? അല്ലെങ്കിൽ മനുഷ്യന്റെ ബുദ്ധിയും ജീവിത പരിചയവും പരീക്ഷണ നിരീക്ഷണങ്ങളും വഴി അവ കണ്ടെത്താനാവുമോ? അതുമല്ലെങ്കിൽ ഊഹാപോഹങ്ങളും കെട്ടുകഥകളും ആണോ?
ഖുർആനിന്റെ കാഴ്ചപ്പാടിൽ ഇവയൊന്നും തന്നെ വിശ്വാസ പ്രമാണങ്ങളെ മനസ്സിലാക്കാനുള്ള പ്രഥമ വഴികളല്ല. ഖുർആനിനിലെ രണ്ടാം അധ്യായത്തിന്റെ തുടക്കത്തിൽ വിശ്വാസികളെ കുറിച്ച് ‘അദൃശ്യത്തിൽ വിശ്വസിക്കുന്നവർ’എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങൾ, ബുദ്ധി, ജീവിത പരിചയം തുടങ്ങിയവ കൊണ്ട് നേർക്കുനേരെ അറിയാൻ കഴിയാത്ത ചില കാര്യങ്ങളിൽ വിശ്വസിക്കുക എന്നതാണ് ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാനം.
കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പർശം എന്നീ ഇന്ദ്രിയങ്ങളിലൂടെ മനുഷ്യൻ അനുഭവിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്യുന്നു. ശാസ്ത്രവും പരീക്ഷണ നിരീക്ഷണങ്ങളും മനുഷ്യബുദ്ധിയും ഈ പരിധിക്കുള്ളിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇസ്ലാമിന്റെ വിശ്വാസക്രമം ഇതിലൊതുങ്ങുന്നതല്ല. മനുഷ്യബുദ്ധി കൊണ്ട് മാത്രം ഗ്രഹിക്കാനാകുന്നതും, ഇന്ദ്രിയങ്ങൾ കാണിച്ചുതരുന്നതും മാത്രമല്ല അറിവിന്റെ സ്രോതസ്സ് എന്ന് ഖുർആൻ പഠിപ്പിക്കുന്നു. ഈ സ്രോതസ്സുകളെ നിഷേധിക്കാതെ തന്നെ അറിവിന്റെ പ്രഥമ സ്രോതസ്സായി ഖുർആൻ പഠിപ്പിക്കുന്നത് സ്രഷ്ടാവായ അല്ലാഹുവിനെയാണ്. സത്യവും സ്വീകാര്യവും വിശ്വസനീയവുമായ വഴിയിലൂടെ മനുഷ്യരിലേക്ക് നൽകപ്പെട്ട ദൈവിക വെളിപാട് ആണ് വിശ്വാസ കാര്യങ്ങളുടെ അടിസ്ഥാന സ്രോതസ്സ്.
അല്ലാഹു, മാലാഖമാർ, വേദഗ്രന്ഥങ്ങൾ, നബിമാർ, പരലോകം, വിധി എന്നീ കാര്യങ്ങളിൽ - അവയെ കുറിച്ച് ഇസ്ലാമിക പ്രമാണങ്ങൾ അവതരിപ്പിക്കുന്ന വിശദാംശങ്ങൾ ഉൾപ്പെടെ വിശ്വസിക്കുക എന്നതാണ് ഖുർആൻ അവതരിപ്പിക്കുന്ന ജീവിത രീതിയുടെ വിശ്വാസപരവും ആദർശ പരവുമായ അടിത്തറ. ഇസ്ലാമിക വിശ്വാസം കേവല അനുഭവശാസ്ത്രമല്ല, മറിച്ച് മനുഷ്യബുദ്ധിയോട് ക്രിയാത്മകമായി സംവദിക്കുന്ന ദൈവിക വെളിപാട് ആണ്.
റമദാൻ മാസം ഈ വിശ്വാസത്തെ കൂടുതൽ ആഴത്തിൽ അനുഭവിപ്പിക്കുന്നു. ആരും കാണാത്തിടത്തും ഉപവാസം പാലിക്കുന്നതും, പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും അദൃശ്യ കാര്യങ്ങളിൽ വിശ്വാസം ഉള്ളതുകൊണ്ടാണ്.


