സ്നേഹം പങ്കുവെക്കുന്ന നോമ്പുതുറകൾ
text_fieldsനോമ്പുകാലം എന്നത് കേവലം മതപരമായ ഒരു അനുഷ്ഠാനം മാത്രമല്ല. അത് വ്യക്തിയെയും സമൂഹത്തെയും സ്വാധീനിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ ഒരു പ്രതിഭാസം കൂടിയാണ്. പ്രത്യേകിച്ചും കൊടുക്കൽ വാങ്ങലുകളുടെയും സഹവർത്തിത്വത്തിന്റെയും നാടായ മലബാറിൽ.
ഭൗതികമായ സുഖഭോഗങ്ങളിൽ നിന്ന് മാറിനിന്ന് മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാനുള്ള വലിയ ഒരു സന്ദേശം നോമ്പുകാലം നൽകുന്നുണ്ട്. നോമ്പുകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ നോമ്പുതുറ.
ജാതി മതഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന നോമ്പുതുറ യഥാർഥത്തിൽ സമൂഹത്തിൽ സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും ഒരു പാലം നിർമ്മാണമാണ് നടത്തുന്നത്. സഹാനുഭൂതിയാണ് നോമ്പിന്റെ ഏറ്റവും വലിയ ഒരു പാഠം. മതിയായ ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുന്ന കോടാനുകോടി ജനങ്ങളുടെ വിശപ്പിന്റെ വേദന തിരിച്ചറിയാൻ നോമ്പ് സഹായിക്കുന്നു.
സുഹൃത്തുക്കളുടെയും സംഘടനകളുടെയും നിരവധി നോമ്പുതുറ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം ഒട്ടേറെ തവണ എനിക്ക് ലഭിച്ചിട്ടുണ്ട്. അവിടങ്ങളിലൊക്കെ അനുഭവിച്ചറിഞ്ഞ ഒരു സവിശേഷത പലതരം ഭക്ഷണവിഭവങ്ങളോടൊപ്പം തന്നെ അവർ വിളമ്പുന്ന അളവറ്റ സ്നേഹത്തിന്റെ സാന്ത്വന സ്പർശമാണ്.
തൊണ്ണൂറുകളുടെ അവസാനം പാരലൽ കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്താണ് അധ്യാപക സുഹൃത്തായിട്ടുള്ള ഷരീഫ് മാഷ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് നോമ്പുതുറക്ക് വേണ്ടി ക്ഷണിക്കുന്നത്. ഞങ്ങൾ പാരലൽ കോളേജ് അധ്യാപകർ ആയിട്ടുള്ള ഏകദേശം 15 ഓളം പേർ നാദാപുരത്തിന്റെ കിഴക്കൻ മലയോര ഗ്രാമത്തിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് ഞങ്ങളെ ഹൃദ്യമായി വീട്ടിലേക്ക് സ്വാഗതം ചെയ്തു. അതിഥി ദൈവതുല്യമാണെന്ന വിശ്വാസം അവരുടെ ഓരോ വാക്കിലും പ്രവൃത്തിയിലും തുളുമ്പുന്നുണ്ടായിരുന്നു.
വറുത്തതും പൊരിച്ചതുമായ മാംസ വിഭവങ്ങളും നിരവധി പലഹാരങ്ങളും എല്ലാമായി ഒട്ടനവധി ഭക്ഷണപദാർഥങ്ങൾ നിരത്തിവെച്ച് പള്ളിയിൽ നിന്നുള്ള ബാങ്ക് വിളിക്കായി എല്ലാവരും നിശബ്ദരായി കാത്തിരിക്കുന്ന ആ ഒരു നിമിഷം അനുഭവിച്ച ആത്മീയ അനുഭവത്തിന്റെ പ്രസരിപ്പ് ഇപ്പോഴും ഓർമ്മയിലുണ്ട്. ഭക്ഷണ വൈവിധ്യത്തെക്കാളും അതിന്റെ ധാരാളിത്തത്തെക്കാളും എന്നെ ആകർഷിച്ചത് അവിടെ അന്ന് വിളമ്പിയ സ്നേഹമായിരുന്നു. ‘കുറച്ചുകൂടി കഴിക്കൂ‘ ‘ഇതുകൂടി കഴിക്ക്’ എന്നുള്ള സുഹൃത്തിന്റെ ഉപ്പയുടെയും ഉമ്മയുടെയും നിർബന്ധം ഉണ്ടാക്കിയ സ്നേഹബന്ധത്തിന്റെ തണൽ ഇപ്പോഴും മനസ്സിൽ എവിടെയോ ഒരു കുളിർ നൽകുന്നുണ്ട്.
ഭക്ഷണം കഴിഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ വയർ മാത്രമല്ല മനസ്സും വല്ലാതെ നിറഞ്ഞിരുന്നു. മതമല്ല മനുഷ്യർ തമ്മിലുള്ള സ്നേഹവും പങ്കുവെക്കലും ആണ് ജീവിതത്തിലെ ഏറ്റവും പ്രധാനമെന്ന് ആ നോമ്പുതുറ എന്നെ ബോധ്യപ്പെടുത്തിത്തന്നു.
ഇന്ന് പ്രവാസ ലോകത്തിൽ ഒട്ടുമിക്ക മലയാളി സംഘടനകളും നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം പരസ്പര സ്നേഹത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം പ്രസരിപ്പിക്കുന്നു എന്നുള്ളതുകൊണ്ടുതന്നെ അത്തരം നോമ്പുതുറകളിൽ പങ്കെടുക്കുക എന്നുള്ളത് ഏറെ സന്തോഷമുള്ള കാര്യവുമാണ്.


