റമദാൻ വെളിച്ചമെങ്ങും നിറഞ്ഞു നിൽക്കട്ടെ
text_fieldsമാനത്ത് റമദാനമ്പിളി തെളിഞ്ഞപ്പോഴാരംഭിച്ച നോമ്പുകാലം ശവ്വാൽ അമ്പിളിയോടെ പരിസമാപ്തി കുറിക്കുകയായി. ഹിജ്റ കലണ്ടറിൽ മാസങ്ങൾ തുടങ്ങുന്നത് ചന്ദ്രന്റെ ഉദയാസ്തമയങ്ങളെ കണക്കാക്കിയാണല്ലോ. റമദാനിന്റെ പുഞ്ചിരിയെന്നോണം പൂനിലാവെത്തുമ്പോൾ, വിശ്വാസികളുടെ ഹൃദയങ്ങളിലും ദിവ്യമായ അനുഭൂതിയും, ആത്മ നിയന്ത്രണവും വന്നു ചേരുകയായ്. തുടർന്നുള്ള നോമ്പിന്റെ ദിവസങ്ങളിൽ അത് വിശുദ്ധി തേടിയുള്ള പലായനത്തിന്റെ നാളുകളാണ്. ജീവിതത്തിലെ സാധാരണ ദിനചര്യകൾ, പതിവ് ശീലങ്ങൾ എല്ലാം പടിക്ക് പുറത്ത്. അനാവശ്യങ്ങൾക്ക് മുന്നിൽ നിന്ന് ‘ഞാൻ നോമ്പ് കാരാനാണ്’ എന്ന് പറഞ്ഞു പിൻവാങ്ങാനുള്ള കരുത്താണ് ഓരോരുത്തരും ആർജിച്ചെടുക്കുന്നത്. ദൈവത്തോടോടുക്കാനുള്ള വിശ്വാസികളുടെ പരിശ്രമം തന്നെയാണ് നോമ്പ്. ഈ ഉപവാസകാലം മനസ്സിനെ ഒരുക്കി, ശരീരത്തെ മെരുക്കിയെടുക്കാനുള്ള തപസ്സ് തന്നെയാണ്. ഒടുവിൽ വ്രത വിശുദ്ധിയുടെ സന്തോഷവും, ഒത്തു ചേരുന്നതിന്റെ ആഘോഷവുമായിട്ടാണ് പെരുന്നാൾ വന്നണയുന്നത്. എന്റെ മധുരതരമായ ഇഫ്താർ, പെരുന്നാൾ അനുഭവങ്ങളെല്ലാം വിഭവ സമൃദ്ധമാണ്. അതിഥികളോടൊപ്പം ഒമാനി കുടുംബങ്ങളെല്ലാവരും മജ്ലിസിൽ ഒത്തുചേരുന്നു. സ്ത്രീകൾക്കാകട്ടെ പ്രത്യേകം സജ്ജീകരിച്ച മജ്ലിസുകളുണ്ടാവും. അവിടേക്ക് ഭക്ഷണത്തളിക എത്തുംമുന്നേ അന്തരീക്ഷം സുഗന്ധവ്യഞ്ജനങ്ങളുടെ മാസ്മരിക ഗന്ധം നിറയും. പരമ്പരാഗത വിഭവങ്ങളാൽ താലങ്ങൾ നിറയുന്നു. സ്നേഹമസൃണമായ ഒമാനി ആതിഥ്യം ഈത്തപ്പഴത്തിന്റെ മധുരം പോലെ, ആ വിരുന്നിന് ഏഴഴക് പകരുന്നത് തന്നെയാണ്. നോമ്പുതുറക്ക് കാരക്കക്ക് ഒപ്പം വെള്ളം, പഴവർഗങ്ങളും,
സമോസ, ലബാൻ. അങ്ങനെ കുറെയിനങ്ങളും ഒപ്പം ഒമാനി പൈതൃകത്തിന്റെ സമ്പന്നമായ പലഹാരങ്ങളുമാണുണ്ടാവുക. അതിനു ശേഷം ഹരീസ്,
ഷുവ, മജ്ബൂസ്, ബിരിയാണി തുടങ്ങിയവയും അണിനിരക്കും. എല്ലാം കാണുമ്പോൾതന്നെ വയറ് നിറയും മുന്നേ കണ്ണും, കരളും നിറയും. നിറഞ്ഞിരിക്കുന്ന ഭക്ഷണത്തളികകളും, അതിൽ നിന്ന് അതിഥിയെ സൽക്കരിക്കലും അറബ് സാംസ്കാരികതയുടെ സവിശേഷത തന്നെയാണ്.
ഈ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ മൂല്യങ്ങളായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയാണ്.എപ്പോൾ വേണമെങ്കിലും നിലച്ചു പോകാനിടയുള്ള ഉള്ളിലേയ്ക്കെടുക്കുന്ന ഓരോ ശ്വാസവും നമ്മുടെ നിയന്ത്രണത്തിലുള്ളതല്ലല്ലോ. അതെല്ലാം ദൈവത്തിന്റെ വരദാനം പോലെ നാം ഉപയോഗിക്കുകയാണെന്ന് കൃതജ്ഞതയോടെ ഓർക്കേണ്ടതില്ലേ. ജീവിതത്തെ ഈശ്വരനും, ഈശ്വരന്റെ സൃഷ്ടികൾക്കും മുന്നിൽ നന്ദി നിറഞ്ഞ സന്ദേശമാക്കി മാറ്റാം.
നന്ദികേടിൽനിന്ന് മാറി നടക്കാം. അതാണ് റമദാൻ നൽകുന്ന മാനവിക സന്ദേശമെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.ആലംബഹീനരായവരെ ചേർത്ത് പിടിക്കുന്ന മനുഷ്യരാകാൻ വേണ്ടി വിശുദ്ധിയാർന്ന ഒട്ടേറെ നന്മകളും, ജീവിതചര്യകളും നൽകിയാണ് റമദാൻ വിടവാങ്ങുകയാണ്. ദുശ്ശീലങ്ങളേ വിടയെന്ന് പറയാൻ വിശ്വാസി പഠിച്ചു കഴിഞ്ഞു.മാലാഖയോളം ഉയർന്നില്ലെങ്കിലും, പൈശാചിക ചിന്തകളിൽ നിന്ന്. അതിന്റെ തിന്മകളിൽ നിന്ന് അകന്ന് നിൽക്കാൻ റമദാൻ പരിശീലനം നൽകുകയായിരുന്നു. ചക്രവാളത്തിൽനിന്ന് റമദാൻ അമ്പിളിക്കല മാഞ്ഞുപോയാലും റമദാൻ പകർന്ന വെളിച്ചം ഇവിടെ നിറഞ്ഞു നിൽക്കണം. നിൽക്കട്ടെയെന്നാണ് എന്റെ പ്രാർഥന.