റമദാനിലെ എന്റെ ഓർമകൾ
text_fieldsകുട്ടിക്കാലത്ത് വീട്ടിനടുത്ത് താമസിച്ചിരുന്ന ഒരു ചേച്ചി ഇടക്കിടെ തുപ്പുന്നത് കണ്ടിട്ട് ചോദിച്ചപ്പോഴാണ് നോമ്പിനെക്കുറിച്ച് ആദ്യം അറിയുന്നത്. ‘നോമ്പായതുകൊണ്ട് കുടിനീരും ഇറക്കാൻ പാടില്ല’ എന്നായിരുന്നു മറുപടി. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരി വെള്ളം കുടിക്കാതെ നോമ്പു നോക്കുന്നത് കണ്ടറിവുള്ള കാര്യമാണ്.
കാലം കടന്നുപോയി പ്രവാസ ജീവിതം തുടങ്ങി. ഒമാനിൽ എത്തിയ ശേഷമാണ് കഴിയുന്ന ദിവസങ്ങളിൽ നോമ്പെടുക്കുവാൻ തുടങ്ങിയത്. എൻ്റെ മകൾ കുറച്ച് വലുതായപ്പോൾ നിർബന്ധമില്ലാതെ തന്നെ അവൾ സ്വയം അറിയിച്ചു. അവളും നോമ്പ് എടുക്കുന്നു എന്ന്. കൂട്ടുകാരികൾ എടുക്കുന്നത് കൊണ്ടാകും മകളും നോമ്പെടുത്തു തുടങ്ങി. എനിക്ക് മനസ്സുകൊണ്ട് സന്തോഷം തോന്നി. കാരണം അവൾക്കും താല്പര്യം തോന്നിയല്ലോ. എല്ലാവർക്കും ഒപ്പം വിശന്നിരിക്കുന്നു. പ്രത്യേക ഒരുക്കങ്ങൾ ഒന്നുമില്ല; വീട്ടിലുള്ള സാധാരണ ഭക്ഷണം തന്നെയാണ് നോമ്പു തുറക്കുന്നത്.
ഒരിക്കൽ വർഷങ്ങൾക്ക് മുമ്പ് റമദാൻ നോമ്പുള്ള കാലത്ത് ഇന്ത്യൻഎംബസിൽ പോയി തിരിച്ചു വരുമ്പോൾ പൊരിവെയിലത്ത് കൈകുഞ്ഞിനെക്കും കൊണ്ട് നടക്കുന്ന സമയത്ത് കാറ്റുകൊണ്ട് കുട മടങ്ങിപ്പോകുന്നു. പിടിക്കാൻ കഴിയുന്നില്ല. ഇതു കണ്ട് അലിവു തോന്നിയ ഒരാൾ ഞങ്ങളെ കാറിൽ കയറ്റി ബസ്സ്റ്റോപ്പിൽ ആക്കാമെന്നു പറഞ്ഞു. ആൾ വീടിനടുത്തു വരെ ഞങ്ങളെ എത്തിച്ചുതന്നു. അതും നോമ്പു സമയത്ത് സഹായിക്കാൻ ദൈവകൃപയാൽ തോന്നിയതാവാം. റമദാനിലെ പുണ്യ പ്രവൃത്തികൾ പല രൂപത്തിലാണ് അനുഭവപ്പെടുന്നത്.
ഒമാനിലെ നോമ്പുകാലം ഓർമ്മകളാൽ നിറഞ്ഞതാണ്. കുറച്ചു കാലം കടന്നശേഷം അയൽപക്കത്തു സ്വദേശിയായ വീട്ടിൽ നിന്നും പലപ്പോഴും പലഹാരങ്ങളും ബിരിയാണിയും ഒക്കെ കൊണ്ടു വരുമായിരുന്നു. നോമ്പു സമയം മാത്രമല്ല സാധാരണ ദിവസങ്ങളിലും ആ സൗഹ്യദം അനുഭവിച്ചിരുന്നു. ഇപ്പോൾ അവർ വേറെ സ്ഥലത്തേക്ക് താമസം മാറിയെങ്കിലും ആ സ്നേഹം ഓർമ്മയിൽ നിലനിൽക്കുന്നു.
ഒരു പ്രാവശ്യം മകളുടെ ജോലി സ്ഥത്ത് നോമ്പു തുറക്കാൻ പോയ അനുഭവവും മനോഹരമായിരുന്നു. ബഫേ ഭക്ഷണവും കുട്ടികളുടെ ചെറിയ പരിപാടികളും ചേർന്ന് ആഘോഷാന്തരീക്ഷം സൃഷ്ടിച്ചു. മറ്റൊരു ഓർമ്മ ഗാലയിൽ നടന്ന തുറസ്സായ നോമ്പുതുറക്കലാണ്. വിവിധ ഭാഷകളും സംസ്കാരങ്ങളും ഉള്ള കുടുംബങ്ങൾ ഒരുമിച്ച് ഇരുന്ന് നോമ്പുതുറന്ന ആ സന്ധ്യ ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു. കൊച്ചു കൊച്ചു സഹായങ്ങളായി നമ്മളാൽ കഴിയുന്നത് ചില കാര്യങ്ങൾ ചെയ്യാറുണ്ട്.
എല്ലാ ഈദുൽ ഫിത്തറിനും ഉച്ചക്ക് സ്നേഹപ്പൊതികളുമായി എത്തുന്ന ലത്തീഫ് എന്ന സഹോദരനെ ഒരിക്കലും മറക്കാൻ കഴിയില്ല. അന്നത്തെ ദിവസത്തെ ഉച്ച ഊണ് വീട്ടിൽ കൊണ്ടു തരും.
ഒമാൻ സൗഹൃദവും മനുഷ്യത്വവും നിറഞ്ഞ രാജ്യമായാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ച് ആദ്യകാലങ്ങളിൽ ഇവിടെയുള്ള ജനങ്ങളുടെ അടുപ്പത്തിനും സ്നേഹത്തിനും ദൈവത്തിനു നന്ദി പറയുമായിരുന്നു. സാധാരണ കുടുംബങ്ങൾക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന നിയമ സംവിധാനവും സാമൂഹിക സൗഹൃദവും ഇവിടെ കാണാം. റമദാനിൻ്റെ പുണ്യദിനങ്ങൾ എല്ലാവർക്കും ആത്മശാന്തിയും നന്മയും നൽകട്ടെ എന്ന പ്രാർത്ഥനയോടെ ആശംസകൾ.


