സ്നേഹക്കൂട്ടിലെ മൈലാഞ്ചി മൊഞ്ച്
text_fieldsവര: ഷബ്ന സുമയ്യ
ഭിന്നതകളാല് വിഭജിക്കപ്പെടുന്ന ലോകത്ത് പച്ചയായ യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ ജീവിതത്തെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുകയാണ് പ്രത്യേക കുട്ടികള്‍ക്കുള്ള കോഴിക്കോട് കൊയിലാണ്ടിയിലെ നെസ്റ്റ് കെയര്‍ ഹോം. ഇവിടെ, ഉപേക്ഷിക്കപ്പെട്ട ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍, സ്വന്തമായി വിളിക്കാന്‍ കുടുംബമില്ലാത്ത കുട്ടികള്‍ ഓരോ ഈദും ക്രിസ്മസും ഓണവും വിഷുവും അരിച്ചെടുക്കാത്ത സന്തോഷത്തോടെയും നിഷ്കളങ്കതയോടെയും ആഘോഷിക്കുന്നു. ഇവിടത്തെ കുട്ടികളും അവരെ പരിചരിക്കുന്ന അമ്മമാരും ആഘോഷങ്ങളുടെ അര്‍ഥങ്ങള്‍ നിശ്ശബ്ദമായി നമ്മെ പരിചയപ്പെടുത്തുന്നവരാണ്. രക്തത്തിനപ്പുറമുള്ള ഒരു ബന്ധവുമായാണ് നെസ്റ്റ് കെയര്‍ ഹോമിലെ അമ്മമാരുടെ ഹൃദയസ്പര്‍ശിയായ ജീവിതയാത്രകള്‍
ആകാശത്ത് പെരുന്നാളമ്പിളി ഉദിക്കുമ്പോള്‍ അതിലേറെ മിന്നുന്ന അമ്പിളി തെളിച്ചം ഉദിച്ചുയരും ഇങ്ങ് വടക്കന്‍ കേരളത്തിലെ നിയാര്‍ക്ക് എന്ന ഈ കൊച്ചു സ്വര്ഗക്കൂട്ടില്. സന്തോഷത്തിന്റെ തിളക്കങ്ങള്‍ക്കപ്പുറം ഈ ലോകത്തിലെ നിറം മങ്ങലുകളോ കെട്ടവാര്ത്തകളോ ഒന്നും അവരെ ബാധിക്കാറില്ല. അവര്‍ക്കെന്നും സന്തോഷമാണ്. ആഘോഷങ്ങള്‍ അതിന് മാറ്റുകൂട്ടുന്ന വര്‍ണത്തൂവലുകളും.
പെരുന്നാളാവുമ്പോള്‍ നിറവേറെയാണ് ആഘോഷങ്ങള്‍ക്ക്. പുത്തനുടുപ്പ്. നല്ല ഭക്ഷണം..പിന്നെ കൈകളിലെ മൈലാഞ്ചി. തലേദിവസത്തെ മൈലാഞ്ചിയിടലോടെ മൊഞ്ചേറെയാണ് ഈ ആഘോഷരാവിന്. പെരുന്നാള്‍ പുലരിയിലേക്ക് കണ്തുറക്കുമ്പോഴുള്ള കൈകളിലെ നിറത്തുടുപ്പിനും. അമ്മമാരും കുട്ടികളും ഒന്നിച്ചിരുന്നാണ് ഇവിടെ മൈലാഞ്ചിയിടല്‍. നിയാര്‍ക്കിലെ അഡ്മിനിസ്ട്രേറ്റര്‍ ഐഷയുടെ നേതൃത്വത്തിലാണ് പരിപാടി. കൈകളില്‍ മൈലാഞ്ചിച്ചിത്രങ്ങള്‍ വിരിയുമ്പോള്‍ അവരുടെ ചേലൊത്ത മുഖങ്ങളില്‍ വിരിയുന്ന പൂനിലാവുണ്ട്. അതിനാണ് ഈ ലോകത്തിലേറ്റവും തിളക്കമെന്ന് തോന്നും.
'നിറം ചുവപ്പാണോ പച്ചയാണോ എന്ന് അവര്‍ക്ക് അറിയില്ലായിരിക്കാം, പക്ഷേ അവരുടെ മുഖത്തെ സന്തോഷമാണ് പ്രധാനം.'അമ്മമാരിലൊരാളായ നസീബ പറയുന്നു. പെരുന്നാള്‍ പുലരിയില്‍ അമ്മമാര്‍ക്ക് തിരക്കാണ്. അവരുടെ മാലാഖക്കുട്ടികളെ കുളിപ്പിച്ച് പുതുവസ്ത്രം അണിയിച്ച് സുന്ദരനും സുന്ദരിയുമാക്കണം. അതുകഴിഞ്ഞ് ഉള്ളം നിറഞ്ഞ പിരിശം ചേര്‍ത്ത് അവര്‍ക്ക് ഇഷ്ട വിഭവങ്ങളൊരുക്കണം.
'ആഘോഷ വേളകളില്‍ കുട്ടികള്‍ കുടുംബത്തിന്റെയും പാരമ്പര്യത്തിന്റെയും ഊഷ്മളത അനുഭവിക്കുന്നുവെന്ന് ഉറപ്പാക്കും. എന്താണ് സംഭവിക്കുന്നതെന്നോ ഈദ് എന്താണെന്നോ ലോകം ആഘോഷിക്കുന്നതെന്തിനാണെന്നോ അവര്‍ക്ക് മനസ്സിലാകുന്നില്ല, എന്നിട്ടും, ഞങ്ങള്‍ അവര്‍ക്കായി ഇതെല്ലാം ചെയ്യുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമ്പോള്‍, ഹൃദയം വാക്കുകള്‍ക്കതീതമായ വികാരത്താല്‍ നിറയുന്നു. ഇത് ജോലിയല്ല, സമര്‍പ്പണമാണ്'-നസീബ കൂട്ടിച്ചേർക്കുന്നു.
നിയാർക്കിൽ കുഞ്ഞുങ്ങളെ മൈലാഞ്ചിയണിയിക്കുന്ന അമ്മമാർ
ആഘോഷവേളകള്‍ അടുക്കുമ്പോള്‍ വല്ലാത്ത ആശങ്ക മനസ്സില്‍ തിങ്ങും. ഈ ദിവസങ്ങളടുപ്പിച്ച് കുട്ടികളാരും ആശുപത്രിയിലാവരുതേ എന്നായിരിക്കും പ്രാര്‍ഥന. കാരണം സെന്‍സിറ്റീവ് ആണ് അവരുടെ ആരോഗ്യം. ട്യൂബിലൂടെയുള്ള ഫീഡിങ് മറ്റും കാരണം സാധാരണയായി നിരന്തരം ഹോസ്പിറ്റലിലാവും. എന്നാലും ഇവിടത്തെ അമ്മമാര്‍ സദാ കര്‍മനിരതരായിരിക്കും. അര്‍ധരാത്രിയെന്നോ പകലെന്നോ ഇല്ലാതെ പലപ്പോഴും ഈ മക്കളെയുമെടുത്ത് മെഡിക്കല്‍ കോളജിലേക്ക് ഓട്ടമാണ്. ആരെങ്കിലും ആശുപത്രിയിലായാല്‍ ഈ അമ്മമാര്‍ക്ക് ആഘോഷമില്ല. കരുതലിന്റെയും പരിചരണത്തിന്റെയും മാത്രം ദിവസമായി അത് മാറും.
ഇവിടെ ഓരോ ആഘോഷവും സ്നേഹത്തിന്റെയും ഒരുമയുടെയും ശുദ്ധമായ മനുഷ്യബന്ധത്തിന്റെയും അനുഭവമാണ്. ഇവിടെയുള്ള കുട്ടികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ വാക്കുകളില്‍ പ്രകടിപ്പിക്കാനോ, സംസാരത്തില്‍ സന്തോഷം പ്രകടിപ്പിക്കാനോ കഴിയില്ല. എന്നാല്‍, അവരുടെ പുഞ്ചിരിയും അവരുടെ കണ്ണുകളിലെ തിളക്കവും ആഘോഷങ്ങളെ അവര്‍ ആശ്ലേഷിക്കുന്ന രീതിയും സംസാരിക്കുന്നു.
നസീബ ആദ്യമായി നിയാർക്കിലെത്തിയപ്പോള്, ലോകത്ത് മറ്റാരുമില്ലാത്ത കടുത്ത വൈകല്യങ്ങളുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ കാഴ്ച അവരെ ഞെട്ടിച്ചു. 'സംസാരിക്കാന്‍ കഴിയാത്ത, കൈയും കാലും ചലിപ്പിക്കാന്‍ കഴിയാത്ത, മുഖത്ത് പതിക്കുന്ന കൊതുകിനെ പോലും അകറ്റാന്‍ കഴിയാത്ത കുട്ടികളുണ്ട്'. അവര്‍ പറയുന്നു. എന്നിട്ടും, നമ്മള് അവരോടൊപ്പമുള്ളപ്പോള് അവരുടെ പുഞ്ചിരി, അവര്‍ക്ക് നമ്മളിലുള്ള വിശ്വാസം, ആശ്രിതബോധം എന്നിവ ഓരോ നിമിഷവും വിലപ്പെട്ടതാക്കുന്നു'.
തങ്ങളില്‍ ഈ കുഞ്ഞുങ്ങള്‍ എത്രത്തോളം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവിന്റെ നിമിഷം മറ്റൊരമ്മയായ സമീറ ഓര്‍ക്കുന്നു. 'ചില കുട്ടികളെ മറ്റുള്ളവർ ദത്തെടുത്തപ്പോഴാണ് അവര്‍ ഞങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നതെന്ന് ശരിക്കും മനസ്സിലായത്. അവര്‍ പുതിയ വീട് കണ്ടെത്തുന്നതിലെ സന്തോഷത്തിന് ഒപ്പം ഞങ്ങളുടെ ജീവന്റെ ഭാഗം പറിച്ചെടുക്കുന്ന പോലെയുള്ള വേദനയായിരുന്നു'. ഈ കുട്ടികൾ പരമ്പരാഗത കുടുംബബന്ധങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യമില്ലാത്തവരാണ്. പക്ഷേ, അവര്‍ക്ക് മനോഹരമായ ഒന്നുണ്ട് ഇവിടെ. അവരെ ആഴത്തില്‍ സ്നേഹിക്കുന്ന ഒരു കുടുംബം.
ഈദ് പുലര്‍ച്ചെ മധുരപലഹാരങ്ങളുമായി എത്തുന്ന ചെയര്മാന് അബ്ദുല്ലക്ക, കുട്ടികളെ സ്നേഹത്തോടെയും കരുതലോടെയും ആശ്ലേഷിക്കുന്ന പ്രിയപ്പെട്ട യാസിക്ക, ഈദ് ട്രീറ്റുകള്‍ കൊണ്ടുവരാന്‍ മറക്കാത്ത സെക്യൂരിറ്റി ജീവനക്കാരായ ആദം, നാസര്‍ തുടങ്ങി നെസ്റ്റിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമാണ് കുട്ടികളെല്ലാവരും. രക്തബന്ധത്തിനപ്പുറം നിരുപാധികമായ സ്നേഹത്താലും കാരുണ്യത്താലും ബന്ധിതമായ ഒരു കുടുംബമാണ് ഇവിടെയുള്ളത്.
ഒരുകാലത്ത് സ്വന്തമെന്ന് വിളിക്കാന്‍ ആരുമില്ലാതെ ജീവിതത്തില്‍ തീര്‍ത്തും ഒറ്റക്കായ ഈ കുഞ്ഞുങ്ങള്‍ക്കും അവരുടെ ഓരോ ഹൃദയമിടിപ്പും നിശ്വാസവും തിരിച്ചറിയുന്ന അമ്മമാരായ നീതുവിനും സ്നേഹക്കും മഞ്ജിതക്കും രമ്യക്കും ആതിരക്കും നസീബക്കും സമീറക്കും സജ്നക്കും സുമക്കും സുഗതക്കും ശോഭക്കും റഹ്മത്തിനും അശ്വതിക്കും ഫിദക്കും ശംസീനക്കും നെസ്റ്റ് സ്നേഹത്തിന്റെ വിളക്കുമാടമായി മാറുന്നു.
എങ്കിലും ഈ പുഞ്ചിരികള്‍ക്ക് പിന്നില്‍ ഹൃദയഭേദകമായ ഒരു യാഥാർഥ്യമുണ്ട്. ഈ കുട്ടികളില്‍ ഭൂരിഭാഗവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇടക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ട്. അവര്‍ക്ക് വിശക്കുമ്പോഴോ വേദന അനുഭവപ്പെടുമ്പോഴോ ടോയ്ലെറ്റില് പോവാനോ പറയാനോ പ്രകടിപ്പിക്കാനോ കഴിയില്ല. കുടുംബമെന്നോ ബന്ധമെന്നോ വിളിക്കാന്‍ അവര്‍ക്ക് ലോകത്ത് ആരുമില്ല, നെസ്റ്റ് കെയര്‍ ഹോമിലെ അമ്മമാര്‍ അവരുടെ എല്ലാ ആവശ്യങ്ങളും മനസ്സിലാക്കുന്നു. അവരാണ് ഈ കുഞ്ഞുങ്ങളുടെ കണ്ണും കാതും നാവും.
സ്വന്തം വീട്ടില്‍ കുടുംബവും കുട്ടികളും ഉണ്ടെങ്കിലും, ഈ കുഞ്ഞുങ്ങളോടൊപ്പമാണ് അമ്മമാരുടെ എല്ലാ ആഘോഷദിനങ്ങളും. ആഘോഷത്തിന്റെ സന്ദേശം സ്നേഹമാണ് എന്ന് ഇവര്‍ തെളിയിക്കുന്നു, ശുദ്ധവും കലര്‍പ്പില്ലാത്തതുമായ സന്തോഷത്തിന്റെ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നു. ഈ കുട്ടികളുടെയും ഇവിടത്തെ അമ്മമാരുടെയും ദൈനംദിന ജീവിതം നിശ്ശബ്ദമായ പോരാട്ടമാണ്. അവര്‍ വിവരിക്കാന്‍ കഴിയാത്ത വേദനയെ ശമിപ്പിക്കുകയും ദുരിതത്തിന്റെ നിമിഷങ്ങളില്‍ ആശ്വാസം നല്‍കുകയും ഓരോ കുട്ടിക്കും സുരക്ഷിതത്വവും സ്നേഹവും ഉറപ്പാക്കുകയും ചെയ്യുന്നു. അവരുടെ ആരാധന അനുഷ്ഠാനത്തിനപ്പുറമാണ്. ഭക്തി സ്നേഹമാണ്, ആരുമില്ലാത്ത കുട്ടികളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ്.
വിരല്‍ത്തുമ്പിലൂടെ, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന അസഹിഷ്ണുതയും വര്‍ഗീയതയും സംഘര്‍ഷവും നിറഞ്ഞ ഒരു ലോകത്തിനു ഇവര്‍ തികച്ചും അന്യരാണ്. ഇവിടെ അനുഷ്ഠിക്കുന്ന ഒരേയൊരു മതം സ്നേഹമാണ്, സംസാരിക്കുന്ന ഒരേയൊരു ഭാഷ അനുകമ്പയുടെയും പരിഗണനയുടേയുമാണ്.