ഈത്തപ്പഴ രുചി വിടാതെ റമദാൻ
text_fieldsതൃശൂർ: റമദാൻ മാസത്തിൽ നോമ്പ് തുറക്കാൻ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് ഈത്തപ്പഴമാണ്. റമദാൻ പാതി പിന്നിട്ടെങ്കിലും ഈത്തപ്പഴ വിപണിയിൽ തിരക്കിന് കുറവില്ല. വ്യത്യസ്ത രുചിയിലും വിലയിലും ഈത്തപ്പഴങ്ങൾ വിപണിയിലുണ്ടെങ്കിലും സൗദിയിൽനിന്നുള്ള ‘മബ്റൂം’ ഈന്തപ്പഴമാണ് വിപണിയിലെ താരം. കിലോക്ക് 1200 രൂപ വിലയുള്ള ഈ ഈന്തപ്പഴം ഏറ്റവും വിലയേറിയ ഇനങ്ങളിൽ ഒന്നാണ്. കോഴിക്കോട് നിന്നാണ് ഇവ പ്രധാനമായും തൃശൂർ വിപണിയിലേക്ക് എത്തിക്കുന്നത്.
അജ്വ, സഫാവി, കിമിയ, സുക്കിരി, സഹിദി, ഉവ, റോയൽ കിങ് എന്നിങ്ങനെ വിവിധ ഇനം ഈത്തപ്പഴങ്ങൾ ലഭ്യമാണ്. ഇതിൽ റോയൽ കിങ്ങിനും കിമിയക്കുമാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവയാണിവ. കിമിയക്ക് കിലോ 350 രൂപയും റോയൽ കിങ്ങിന് 260 രൂപയുമാണ് വില. ഓരോ ഈത്തപ്പഴ ഇനത്തിനും സവിശേഷമായ ഗുണങ്ങളുണ്ട്. കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ നിയന്ത്രിക്കാൻ അജ്വ ഈത്തപ്പഴം മികച്ചതാണ്.
പോഷകസമൃദ്ധമായ മബ്റൂം ആരോഗ്യത്തിനും, നാരുകൾ നിറഞ്ഞ സഫാവി ദഹനത്തിനും ഉത്തമമാണ്. റമദാൻ പാതി പിന്നിട്ടെങ്കിലും വളരെ മികച്ച കച്ചവടം നടക്കുന്നതായി ബിസ്മി ട്രേഡേഴ്സ് കടയുടമ ഷാഹിദ് പറഞ്ഞു.