കരുതലിന്റെ പെരുന്നാൾ; വ്രതശുദ്ധിയുടെ നാളുകൾക്കൊടുവിൽ ഇന്ന് ചെറിയ പെരുന്നാൾ
text_fieldsപാരിലുമകതാരിലും പ്രത്യാശയുടെ ശവ്വാൽ അമ്പിളി ചിരി പരത്തട്ടെ. സമാധാനത്തിന്റെ വെളിച്ചം തേടി ഒരു ഈദ് കൂടി
ഫോട്ടോ: താഹിർ
ദോഹ: ഒരുമാസം നീണ്ടുനിന്ന വ്രത ദിനങ്ങൾക്കൊടുവിൽ ഇതര ഗൾഫ് നാടുകൾക്കൊപ്പം ഖത്തറിനും ഇന്ന് സന്തോഷപ്പെരുന്നാൾ. റമദാനിലെ 30 ദിവസങ്ങളിലെ നോമ്പുകൾ പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കരുതലിന്റെയും സമാധാനത്തിന്റെയും ആശ്വാസ വാക്കുകൾ പങ്കുവെച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. നാട്ടിലെ ബന്ധുക്കളൊടൊപ്പം ഒന്നിച്ചാണ് പ്രവാസകളുടെയും പെരുന്നാൾ.
രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുത്ത പള്ളികളിൽ രാവിലെ 5.53 ന് പെരുന്നാൾ നമസ്കാര സമയം ആരംഭിക്കും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പെരുന്നാൾ നമസ്കാരവും ഖുതുബയും ഉൾപ്പെടെയുള്ള മുഴുവൻ ചടങ്ങുകളും 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. തുറസ്സായ സ്ഥലങ്ങളിലുള്ള ഈദ് ഗാഹുകളിലും മറ്റ് താൽക്കാലിക നമസ്കാര ഇടങ്ങളിലും ഇത്തവണ പെരുന്നാൾ നമസ്കാരം അനുവദിക്കില്ല.


