‘ഖബറിൽ നിന്നിറങ്ങി വന്ന ഖദ്റ്’
text_fieldsനോമ്പുകാലം ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. അത്താഴത്തിൽ നിന്ന് തുടങ്ങി, രാത്രി നമസ്കാരംവരെ നീളുന്ന സമയങ്ങളിലെ ഭക്ഷണക്രമത്തിലും പ്രാർഥനകളിലും ഈ വൈവിധ്യം കാണാം. ഇതുതന്നെയാണ് റമദാന്റെ ചൈതന്യവും. പൊന്നാനി പള്ളികളുടെ ഏതാണ്ട് അതേകാലക്രമത്തിൽ നിർമിച്ച പള്ളിയാണ് മാറഞ്ചേരിയിലെ കോടഞ്ചേരി ജുമാമസ്ജിദ്.
കോകസന്ദേശത്തിലടക്കം പ്രതിപാദിക്കപ്പെട്ട പ്രശസ്തമായ ആഴ്വാഞ്ചേരി മനയും മാറഞ്ചേരി ശിവക്ഷേത്രവും സമീപത്ത് തന്നെയുണ്ട്. മൂന്ന് നിലകളുള്ള പള്ളിയുടെ ഓരോ അണുവിലും നിർമാണമേഖലയിൽ പങ്കെടുത്തവരുടെ മനോഹരമായ കരവിരുതുകൾ കാണാം. കേരളീയ ശൈലിയിലുള്ള പള്ളിയുടെ തൂണുകളിൽ പേർഷ്യൻ കൊത്തുവേലകളുടെയും സമന്വയം കാണാം. ഉളികളുടെ മൂർച്ചകൾ പള്ളിയുടെ ചവിട്ടുപടിയിൽനിന്ന് തുടങ്ങി, മിമ്പറിലൂടെ കടന്ന് മിനാരംവരെ നീളുന്ന ഭാഗങ്ങളിൽ തീർത്ത മനോഹരമായ കൊത്തുവേലകൾ.
റമദാൻ മാസത്തിൽ പള്ളിയും പരിസരവും ഉറങ്ങാറില്ല. പള്ളിപ്പറമ്പിലെ കുറ്റിക്കാടുകളെയും മിസാൻ കല്ലുകളെയും തഴുകിവരുന്ന കാറ്റേറ്റ് പള്ളിക്കുളത്തിന്റെ കൽപടവുകളിൽ കഥകളും വിശേഷങ്ങളും കൂട്ടത്തോടെ ഇരിക്കും. ദിക്റുകളും ഖുർആൻ പാരായണവും ഒറ്റക്കിരിക്കും. വിശാലമായ പള്ളിക്കുളത്തിൽ ഇറങ്ങിയാൽ റമദാൻ നിലാവും നക്ഷത്രങ്ങളും പ്രഭാതത്തിലെ ബാങ്ക് കേട്ടാലേ കരക്ക് കയറാറുള്ളൂ. വർഷങ്ങൾക്ക് മുമ്പ് ഒരു റമദാൻ രാത്രിയിൽ ഉണ്ടായ ഒരു സംഭവം ഓരോ റമദാനും ഓർമിച്ച് കൊണ്ടിരിക്കും. പ്രദേശത്ത് മാമുക്ക എന്നൊരു വ്യക്തി ഉണ്ടായിരുന്നു. മാനസികമായ ചില രോഗങ്ങൾ അലട്ടിയിരുന്ന ആളായിരുന്നു അദ്ദേഹം.
എല്ലാവരും ഉറങ്ങുന്ന സമയത്ത് ചൂട്ടുംകെട്ടി മാമുക്ക പള്ളിയുടെ പരിസരത്ത് എത്തും. പരിസരമാകെ ചൂലെടുത്ത് വൃത്തിയാക്കും. പിന്നെ, പള്ളിക്കുളത്തിലിറങ്ങി ഒരു മുങ്ങിക്കുളി. മൂപ്പരും നിലാവും സുബഹി ബാങ്ക് കേട്ടാലേ കുളത്തിൽനിന്ന് കരക്ക് കയറാറുള്ളൂ. നിലാവില്ലാത്ത രാവാണെങ്കിൽ ഇരുട്ടും നക്ഷത്രങ്ങളും ആയിരിക്കും കൂട്ടിന് കുളിക്കാൻ. അത്താഴം കഴിക്കാൻ പരിചയമുള്ള വീടുകളിലേക്ക് പോകും. അല്ലെങ്കിൽ അത് വേണ്ടെന്നുവെക്കും. നമസ്കാരം കഴിഞ്ഞാൽ ചൂട്ടുംകെട്ടിയാണ് മാമുക്കാടെ മടക്കം. കുറുക്കന്മാരെ കണ്ടാൽ ഉരുളൻ കല്ലെടുത്ത് എറിയും.
ഇതിനിടക്ക് പരിചയമുള്ള വീടുകളിൽ കയറും. അവരോട് രാത്രിയെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കും. ജിന്നിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് സങ്കടം പറയും. റമദാനിലെ അവസാന പത്തിലാണ് ആ സംഭവം നടക്കുന്നത്. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് വിശ്വാസികൾ പള്ളിയിൽ രാവും പകലുമുണ്ട്.
ഇഫ്താറിന് കൊണ്ടുവന്ന സേമിയ പായസത്തിന്റെ മണം അവിടെ വിട്ടുപോയിട്ടില്ല. തരിക്കഞ്ഞി ഇനിയുമൊരു ഗ്ലാസ് കിട്ടുമോ എന്ന ചോദ്യവുമായി കാറ്റ് കറങ്ങിനടക്കുന്നുണ്ട്. പള്ളിയിൽനിന്ന് ഇറങ്ങിവരുന്ന വെളിച്ചം പള്ളിക്കാട്ടിലൂടെ നടന്ന് ഉറക്കെ സലാം പറയുന്നുണ്ട്. ഇടക്ക് പള്ളിക്കുളത്തിലിറങ്ങി മുഖം കഴുകുന്നുണ്ട്. ആ രാത്രിയിലാണ് പള്ളിയുടെ പരിസരത്തുള്ള ഒരാൾ മരണപ്പെട്ടത്. കിടപ്പുരോഗിയായിരുന്നു. അയാൾക്ക് നല്ല മരണം കിട്ടിയെന്ന് പലരും പറയുന്നത് കേട്ടു.
രാത്രിയാണ് മാമുണ്ണിക്കാടെ നേതൃത്വത്തിൽ ഖബർ പണി പൂർത്തിയായത്. ഗൾഫിൽനിന്ന് ആരും വരാനില്ലാത്തത് കൊണ്ട് ഖബറടക്കം രാത്രി തന്നെ നടക്കുമെന്ന് പള്ളിയിലെ മൈക്ക് വിളിച്ചുപറഞ്ഞു. ഖാദർ ഉസ്താദായിരുന്നു അന്നത്തെ ഖത്തീബ്, അബ്ദു മുസ്‍ലിയാരായിരുന്നു മുക്രി. മുസ്‌ലിം പള്ളികളിൽ പ്രാർഥനക്കായി ക്ഷണിക്കുന്ന ആളെയാണ് മുഅദ്ദിൻ അഥവാ മുക്രി എന്നു പറയുന്നത്. പള്ളിയിൽ ദർസുണ്ടായിരുന്നു.
പരമ്പരാഗതമായി നടക്കുന്ന ദർസിൽ പഠിക്കാനായി പല ജില്ലകളിൽനിന്നും വിദ്യാർഥികൾ എത്തിയിരുന്നു. തൊട്ടടുത്ത വീടുകളിൽനിന്നായിരുന്നു ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. രാവിലെ 10 മണിക്കുള്ള കഞ്ഞി പള്ളിയിലായിരുന്നു തയാറാക്കിയിരുന്നത്. കഞ്ഞിയുടെ കൂടെയുള്ള തേങ്ങ ചമന്തിയുടെ രുചി മാറഞ്ചേരി മൊത്തം പറഞ്ഞുനടന്നിരുന്നു. റമദാനിൽ കഞ്ഞി അവധിയെടുക്കും. മയ്യത്ത് നമസ്കാരം രാത്രി നമസ്കാരത്തിന് ശേഷമായിരുന്നു. ആകാശത്തേക്ക് നോക്കി ചിലർ ഇന്ന് ലൈലത്തുൽ ഖദറിന്റെ അടയാളങ്ങൾ കാണുന്നുണ്ടെന്ന് അടക്കം പറയുന്നത് കേട്ടു. ചിലരതിനെ പിന്താങ്ങിയപ്പോൾ, മറ്റു ചിലർ പ്രവാചക വചനങ്ങൾവെച്ച് ഖണ്ഡിച്ചു.
മയ്യത്ത് ഖബറിലേക്ക് കൊണ്ടുപോകാനായി പെട്രോമാക്സ് മുന്നിൽ നടന്നു. പിന്നാലെ വീട്ടുകാരും നാട്ടുകാരും. പെട്രോമാക്സ് ഖബറിന്റെ അടുത്ത് എത്തുന്നതിന് മുമ്പ് ഖബറിൽനിന്ന് ഒരു വെളിച്ചം മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുവന്നു. അതുകണ്ട് ചിലർ പിന്നോട്ടോടാൻ തുടങ്ങി. എന്നാൽ, ചില ധൈര്യങ്ങൾ മുന്നോട്ടുതന്നെ നടന്നു. ഖബറിൽനിന്ന് ചൂട്ടും അതോടൊപ്പം മാമുക്കാടെ ചിരിയും ഉയർന്നുവന്നപ്പോഴാണ് ആളുകളുടെ ആശ്വാസം നിശ്വസിച്ചത്. ഞാൻ ശരിക്കും വിചാരിച്ചത് ലൈലത്തുൽ ഖദറിറങ്ങി വന്നതാണെന്ന് ആരോ പറഞ്ഞു. മയ്യത്ത് ഖബറിലേക്ക് ഇറക്കുന്ന തിരക്കിൽ കേട്ടവരാരും അതിന് ബദൽ പറഞ്ഞില്ല. നാളെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.