അലവ്യാക്കാന്റെ അത്തർ
text_fieldsഉപ്പ മരിക്കുമ്പോൾ മൂത്ത പെങ്ങൾക്ക് പന്ത്രണ്ടും ഏറ്റവും ഇളയവനായ എനിക്ക് അഞ്ചുമാസവുമായിരുന്നു പ്രായം. ഉപ്പയുടെ വിയോഗം കുടുംബത്തിന്റെ ഉള്ളുലച്ചെങ്കിലും ആ തകർച്ചയിൽ പതറാതെ ഉമ്മ പല കൂലി വേലകളും ചെയ്ത് ഞങ്ങളെ പോറ്റി.
അതുകൊണ്ടുതന്നെ ഉമ്മ മിക്ക ദിവസങ്ങളിലും പകലന്തിയോളം വീട്ടിൽ ഞങ്ങളോടൊപ്പമുണ്ടാകാറില്ല. പെരുന്നാൾ പോലുള്ള ആഘോഷ ദിനങ്ങളിൽ മാത്രമേ ഉമ്മ വീട്ടിലുണ്ടാവുകയുള്ളൂ. പെരുന്നാളിനുള്ള ഒരുക്കങ്ങളെല്ലാം തലേന്ന് തന്നെ പുരോഗമിക്കും. എന്റെ വീട്ടുമുറ്റത്താണ് അയൽപക്കത്തെ കുട്ടികളെല്ലാം ഒത്തുകൂടാറുള്ളത്.
നടക്കാൻ വയ്യാത്ത എന്നെയും അവർക്കൊപ്പം കൂട്ടുക എന്നായിരുന്നു അവരുടെ ഉദ്ദേശ്യം. മൂത്ത പെങ്ങൾ ഖദീജയും ഉമ്മയും വീട്ടുകാര്യങ്ങളിൽ മുഴുകുമ്പോൾ ഞാനും ചെറിയ ജ്യേഷ്ഠനും പെങ്ങളും പെരുന്നാളൊരുക്കുന്ന തിരക്കിലാകും. മൂത്ത ജ്യേഷ്ഠന്മാർ വീട്ടിലെ ആവശ്യങ്ങൾക്കും ഓടി നടക്കും.
മൈലാഞ്ചി പറിക്കലാണ് ആദ്യത്തെ പണി. അതിന് അയൽപക്കത്തെ കുട്ടികളെല്ലാം പല സംഘങ്ങളായി തിരിഞ്ഞ് പോകും. കൂട്ടത്തിൽ മുതിർന്നവർ എന്നെയും എടുത്തു നടക്കും. എന്നെ എടുക്കുന്നവർക്ക് മൈലാഞ്ചി പറിക്കണ്ട എന്ന ആനുകൂല്യം ഉള്ളതുകൊണ്ട് പലരും എന്നെ എടുക്കാൻ ഉത്സാഹം കാണിക്കും.
ചിലപ്പോൾ ഞാനെടുക്കാം എന്ന് പറഞ്ഞുള്ള തർക്കങ്ങളും അവർക്കിടയിൽ ഉണ്ടാവാറുണ്ട്. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം ആരെടുത്താലും വേണ്ടില്ല എനിക്ക് അവരോടൊപ്പം കൂടിയാൽ മതിയെന്നായിരുന്നു.
പിന്നീട് അതെല്ലാം അമ്മിയിലിട്ട് അരച്ച് ദോശമാവ് രൂപത്തിലാക്കി വെക്കും. ഇനിയാണ് കാത്തിരിപ്പ്. നാളെ പെരുന്നാളാകുമോ? കതിന പൊട്ടുമോ? എന്നൊക്കെയുള്ള ആകാംക്ഷ ഞങ്ങളുടെ കണ്ണുകളിൽ തെളിഞ്ഞുനിൽക്കും.
നോമ്പ് തുറന്നാലും ഞങ്ങളുടെ ഉത്കണ്ഠക്ക് അതിരുണ്ടാവില്ല. നാളെ പെരുന്നാളാകുമോ?. മാനത്ത് ചന്ദ്രക്കല കാണുമോ?.. പള്ളിയിൽനിന്ന് തക്ബീർ ധ്വനികൾ മുഴങ്ങുമോ?. അങ്ങനെയങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ.
ചെറിയ ജ്യേഷ്ഠൻ ഉൾപ്പെടെ മൂന്ന് സഹോദരങ്ങളും അവരുടെ ചങ്ങാതിമാരുമൊത്തു പുറത്തേക്ക് പോകും. ചിലപ്പോൾ മമ്പാട്ടങ്ങാടിയിലേക്കും.
കാപ്പാട് നിന്ന് മാസം കണ്ടു. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാദിയും പാണക്കാട് തങ്ങളും മറ്റു ഖാദിമാരും അറിയിച്ചിരിക്കുന്നു. റേഡിയോയിൽ നിന്ന് കേട്ട മാസപ്പിറവി കണ്ട അറിയിപ്പ് അയൽവാസി ആയിഷക്കുട്ടി താത്ത വഴിയാണ് അറിയുന്നത്.
അലീമാ മാസം കണ്ട്ക്കണ്. നാളെ പെരുന്നാളാ.. ...അടുക്കളയിലെ തിരക്കിൽനിന്ന് ആയിഷക്കുട്ടി താത്ത വേലിക്കലേക്ക് വന്ന് ഉമ്മാനോട് പറയും. അത് കേൾക്കണ്ട താമസം ഉമ്മ അത് അടുത്ത വീട്ടിലെ ബിജ്ജായിഷാത്താനോടും പറയും. അവർ ഇത്തീമുണ്ണി താത്താനോടും പറയും. ചുരുക്കത്തിൽ ഒരാളിൽനിന്ന് പല വീടുകളിലേക്കും ഈ സന്ദേശമെത്തും. വൈകാതെ പള്ളികളിൽനിന്ന് തക്ബീർ ധ്വനികളുമുയരും.
അതോടെ അടുക്കളപ്പണികൾക്ക് വേഗം കൂടും. ഉമ്മ വിറക് വിറ്റതിന്റെയും മറ്റും സ്വരുക്കൂട്ടിവെച്ച പണം മഞ്ഞൾ പാത്രത്തിൽനിന്നും തലയിണ ഉറയിൽനിന്നുമെല്ലാമെടുത്ത് ജ്യേഷ്ഠന്മാരെ ഏൽപിക്കും. അവരതും കൊണ്ട് നടുവക്കാട്ടെ ഇറച്ചിക്കടയിലേക്ക് ഓടും. നടുവക്കാട് ഇറച്ചി തീർന്നു. മമ്പാടും തീർന്ന മട്ടാണ് മാത്രവുമല്ല അവിടെ നീണ്ട വരിയുമാണ്. ഇറച്ചി കിട്ടുമോ എന്ന് സംശയം. ചിലർ വടപുറത്തേക്ക് പോയിട്ടുണ്ട്.
എങ്കിലും പോത്തിനെ അറുത്തത് വരാനുണ്ട് എന്നതിന്റെ ശ്രുതികളും പലപ്പോഴും കേൾക്കാറുണ്ട്. എന്നാലും രാത്രി ഏറെ വൈകി രണ്ട് കിലോ പോത്തിറച്ചിയുമായി സഹോദരങ്ങൾ വീട്ടിലിത്തുമ്പോഴാണ് കുട്ടികളായ ഞങ്ങൾക്ക് ശ്വാസം നേരെ വീഴുക. ഇതിനിടയിൽ മൈലാഞ്ചി ഇടുന്നത് തകൃതിയിൽ നടക്കുന്നുണ്ടാവും. അയൽപക്കത്തെ കുട്ടികളും മറ്റും വട്ടംകൂടും. ചക്കയുടെ കറ മരക്കമ്പിന്റെ അറ്റം കൊണ്ട് ഒപ്പിയെടുത്ത് നേരത്തേ സൂക്ഷിക്കുമായിരുന്നു.
അത് തകരപ്പാത്രത്തിലിട്ട് ചൂടാക്കി തിളച്ച് ഉരുകുമ്പോൾ തെങ്ങിന്റെ പച്ച ഈർക്കിലി ചക്കക്കറയിൽ മുക്കി ഉള്ളം കൈയിലും വിരലിലുമെല്ലാം പൂക്കൾ വരച്ച് അതിന്റെ മുകളിൽ അരച്ചെടുത്ത മൈലാഞ്ചി കൊണ്ട് മൂടുകയായിരുന്നു പതിവ്. ഇങ്ങനെ പൂക്കൾ കുത്തുമ്പോൾ പലരും പൊള്ളൽ സഹിക്കാതെ ഹൗ......ഹൗ -എന്ന് പറയുന്നുണ്ടാവും.
ഓരോരുത്തർക്കും മറ്റുള്ളവരാണ് മൈലാഞ്ചി ഇട്ടുകൊടുക്കാറുള്ളത്. എന്റെ പിറകോട്ട് തിരിഞ്ഞ കുഞ്ഞുകൈയിലും ഇത്തരത്തിൽ മൈലാഞ്ചിയിട്ടു തരാൻ ഞാൻ വാശി പിടിക്കും. അങ്ങനെ ഞാനും അവരെ പോലെ വിളഞ്ഞി കുത്തി മൈലാഞ്ചിയിടും.
അപ്പോഴേക്കും അബോക്കരാക്ക വരുന്നുണ്ടോ എന്ന് നോക്കാൻ ഉമ്മ എന്നെയാണ് ഏൽപിക്കാറ്. വളഞ്ഞ് തിരിഞ്ഞു കിടക്കുന്ന മൂന്നടിപ്പാതയിലൂടെ നടന്നുവരുന്ന അബോക്കരാക്കാന്റെ തലവട്ടം കാണുമ്പോഴേക്കും ഞാൻ വിളിച്ചു പറയും. ഇങ്ങളെ ഉമ്മ വിളിക്കണണ്ട്.
അതുകേട്ട് ഉമ്മ നേരത്തെ കോഴിക്കൂട്ടിൽ കരുതിവെച്ച മുഴുത്ത ഒന്നോ രണ്ടോ പൂവൻ കോഴികളെയും കൊണ്ട് മുറ്റത്തിറങ്ങും. അടുക്കള ഭാഗത്ത് ചായ്പ്പിനോട് ചേർന്നുള്ള, തെങ്ങോല മെടഞ്ഞതുകൊണ്ട് മറച്ച മൂത്രപ്പുരയുടെ അപ്പുറത്തുള്ള മുരിങ്ങമരത്തിന്റെ ചുവട്ടിൽവെച്ച് അബോക്കരാക്കാന്റെ അരയിലെ പച്ച ബെൽറ്റിനിടയിൽ താഴ്ത്തിവെച്ച പിച്ചാത്തി പുറത്തെടുക്കും. നിമിഷ നേരം കൊണ്ട് കത്തി കോഴിയുടെ കഴുത്തിലൂടെ കയറിയിറങ്ങും.ഒടുവിൽ പെരുന്നാൾ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് രാത്രി ഏറെ വൈകിയാകും ഞങ്ങൾ കിടക്കാൻ.
എല്ലാവരും മൈലാഞ്ചിക്കൈകൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുകെട്ടിയാണ് ഉറക്കം. രാത്രി ഏകദേശം ഒരു മണി കഴിഞ്ഞാവും പാൽക്കാരൻ ചെമ്പൻ കാക്ക അങ്ങാടിയിൽനിന്ന് തന്റെ വീട്ടിലേക്ക് മടങ്ങുന്നത്. അദ്ദേഹത്തിന് പ്രത്യേകതയുണ്ടായിരുന്നു. പോകുന്ന വഴികളിലെല്ലാം കാണുന്ന വീട്ടുപടിക്കൽ എത്തിയാൽ ആ വീട്ടുകാരുടെ പേര് വിളിച്ച് "മാസം കണ്ട്ക്കണ് നാളെ പെരുന്നാളാട്ടോ"എന്ന് ഉറക്കെ വിളിച്ചുപറയും.
എന്റെ വീട്ടു പടിക്കലെത്തിയാലും ചെമ്പൻ കാക്ക വിളിച്ചുപറയും "അലീര്മ്മാ..മാസം കണ്ടക്കണ്നാളെ പെരുന്നാളാട്ടോ' ചെമ്പൻ കാക്കാന്റെ തൊട്ടു പിറകിലോ തൊട്ടുമുന്നിലോ ആയി സി.ടി കാക്കയുമുണ്ടാകും. സി.ടി.കാക്ക ഞങ്ങളുടെ തൊട്ടയൽവാസിയായിരുന്നു.
പെരുന്നാൾ ദിവസം നേരത്തേ എഴുന്നേൽക്കും. നല്ലെണ്ണയും വെളിച്ചെണ്ണയും കൂട്ടിക്കലർത്തി അതിൽ പച്ച മഞ്ഞളും ചേർത്ത് ദേഹമാസകലം തേച്ചുപിടിപ്പിച്ച ശേഷമായിരിക്കും ഉമ്മ എന്നെ കുളിപ്പിക്കുക.
അപ്പോഴാണ് മൈലാഞ്ചി ചുവപ്പിന്റെ ഭംഗിയും മണവുമൊക്കെയുമറിയുക. അത് ഇന്നും ഒരു കുളിരോർമയാണ് . പുത്തൻ കുപ്പായവും ട്രൗസറുമിട്ട് മുടിചീകി മണ്ണിനു മുകളിൽ കരിതേച്ച വീടിന്റെ കോലായിൽ പുൽപ്പായ വിരിച്ച് ഉമ്മ എന്നെ അതിലിരുത്തും. അപ്പോഴായിരിക്കും അയൽക്കാരനായ അത്തർ വിൽക്കുന്ന അലവ്യാക്കവീട്ടിൽ വരുന്നത്.
അദ്ദേഹം എന്നെ വാത്സല്യത്തോടെ തലോടി അത്തർ പെട്ടിയിൽ നിന്നൊരു അത്തർ കുപ്പിയെടുത്ത് പഞ്ഞിയിൽ മുക്കി എന്റെ ട്രൗസറിലും കുപ്പായത്തിലും പൂശി ത്തരും. കൂടെ ആ അത്തർ കുപ്പിയും. അന്നത്തെ മൈലാഞ്ചിച്ചോപ്പിന്റെ കൗതുകവും, അലവ്യാക്കാന്റെ അത്തറിന്റെ സുഗന്ധവും ഇന്നും ഓർമകളുടെ ഉള്ളറകളിൽ ഭദ്രമാണ്.