‘ഇല’യിലെ പെരുന്നാൾ പൊലിവ്
text_fieldsമൈലാഞ്ചിയിടുന്ന ‘ഇല’യിലെകുട്ടികൾ
പെരുന്നാള്‍ ഉഷാറാക്കണം. പെരുന്നാളെത്തുന്നതിന്റെ മുമ്പ് വിശേഷങ്ങളറിയാന്‍ അവരോടൊപ്പം കൂടിയപ്പോഴുള്ള മറുപടിയാണ്. പെരുന്നാളെങ്ങനെ കളറാക്കാമെന്നാണ് ഇവരോരോരുത്തരും ആലോചിക്കുന്നതും അവരുടെ ടീച്ചര്‍മാരോട് ചോദിക്കുന്നതും. മൈലാഞ്ചി മത്സരം വേണം എന്നാണ് ഷംസീനയുടെ ആവശ്യം. പെരുന്നാളിന് പുത്തനുടുപ്പ് കിട്ടും. പിന്നെ പടക്കം പൊട്ടിക്കാലോ എന്ന സന്തോഷം അദ്നാനും.
അങ്ങനെ അവരും കുഞ്ഞ് കുഞ്ഞ് സ്വപ്നങ്ങളിലാണ്. മിസ്നക്ക് പെരുന്നാള്‍ രാവിന് മൈലാഞ്ചിയിട്ട് കൈ ചുവപ്പിക്കണം. എങ്കിലെ പെരുന്നാള്‍ പൊലിവ് കൂടുകയുള്ളൂ. രാവിലെ എണീറ്റ് കുളിച്ച് പുത്തനുടുപ്പൊക്കെയിട്ട് റെഡിയാകും. അനിയന്മാരും മറ്റും പള്ളിയില്‍ പോകുമ്പോള്‍ ഒരു കണ്ടീഷന്‍ മിസ്നക്കുണ്ട്. നമസ്കാരം കഴിഞ്ഞുവരുമ്പോള്‍ വലിയ പള്ളിയില്‍ കയറണം. ഉപ്പാപ്പാന്റെ ഖബറിങ്കല്‍ പോകണം. ഉപ്പാപ്പാക്കുവേണ്ടി മറക്കാതെ പ്രാര്‍ഥിക്കണം. മിസ്നക്ക് എല്ലാവരെയും ഓര്മപ്പെടുത്താനുള്ളതും അതാണ്.
ഇലാശ്രമം
സംസാരിക്കാന്‍ കഴിയില്ലെങ്കിലും അദ്നാന്റെ ഇഷ്ടങ്ങള്‍ അവന്റെ ഉമ്മക്കറിയാം. അവന് പടക്കം പൊട്ടിക്കുന്നത് ഇഷ്ടാണ്. പടക്കം പൊട്ടിക്കുമ്പോള്‍ ഓനടുത്തു വന്നിരിക്കും. ചെറിയ പേടിയുണ്ടെങ്കിലും ഓനത് വലിയ ഇഷ്ടാണ്. സംസാരിക്കില്ലെങ്കിലും ചില ശബ്ദങ്ങള്‍ അവന് പുറപ്പെടുവിക്കും.
പുതിയ വളകള്‍ വാങ്ങി അതിന്റെ ചന്തം നോക്കിയിരിക്കാന്‍ ഫര്‍സാനക്ക് ഇഷ്ടമാണ്. വളകളേക്കാള്‍ മുഹബ്ബത്ത് കടലിനോടുമുണ്ട്. യാത്രകള്‍ ചെയ്യാന്‍ അവള്‍ക്കിഷ്ടമാണെങ്കിലും ബന്ധുവീടുകളിലേക്ക് പരിമിതമായേ പോകാറുള്ളൂ. അഞ്ച് മക്കളില്‍ നാലാമത്തെ കുട്ടിയാണ് ഫര്‍സാന. സോപ്പ്, ഹെയര്‍ ഓയില്‍ നിര്‍മാണത്തിലൂടെയാണ് ഈ കുടുംബം മുന്നോട്ടുപോകുന്നത്.
പെരുന്നാള്‍ ഡ്രസ്സെടുത്താല് ഒരു ഫോട്ടം മസ്റ്റാണ് നാനുവിന്. യാത്ര ചെയ്യാനും ഇഷ്ടാണ്. എന്നാല്‍, പരിമിതമായ ഭൗതിക സാഹചര്യം നിലനിനിൽക്കുന്ന കുടുംബാന്തരീക്ഷത്തില്‍ അത് വല്ലപ്പോഴുമൊക്കെയേ സാധിക്കാറുള്ളൂ.
എങ്കിലും മകന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം ഈ മാതാപിതാക്കളും കൂടെ നില്‍ക്കാറുണ്ട്. ശാന്ത സ്വഭാവക്കാരനായ നാനുവിന് എല്ലാവരോടും ഇഷ്ടമാണ്. നാനുവിനെയും എല്ലാവര്ക്കും ഇഷ്ടമാണ്. കുട്ടികളുടെ കൂടെ ഉള്ള ഓരോ നിമിഷവും സന്തോഷവും സമാധാനവും നല്‍കുന്നതാണെന്നാണ് ഇവരുടെ ടീച്ചര്‍മാരുടെ വാക്കുകള്‍.
ആ സന്തോഷം അവരുടെ മുഖത്തും കാണാം. എന്തിനെയും പോസിറ്റിവായി കാണണം. അപ്പോള്‍ സംഭവിക്കുന്നതും പോസിറ്റിവാകുമെന്നാണ് അവരുടെ വാക്കുകള്‍.
ഈ പെരുന്നാൾ പൊലിവിൽ ‘ഇല’ക്കും സന്തോഷം പങ്കുവെക്കാനുണ്ട്. സംരക്ഷിക്കാന്‍ ആരുമില്ലാത്ത ഉപേക്ഷിക്കപ്പെടുന്ന ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു കേന്ദ്രം Home of Hope ( center for excellency) ഇല ഫൗണ്ടേഷൻ ആരംഭിച്ചിരിക്കുന്നു.
ഇത്തരം മക്കളുള്ള രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കാലശേഷം ഇവരെ ആര് സംരക്ഷിക്കുമെന്ന ആശങ്കജനകമായ ചിന്തകള്‍, ഇത്തരം കുട്ടികളെ കൊല്ലുന്നതിലേക്കും സ്വയം ആത്മാഹുതി ചെയ്യുന്നതിലേക്കും എത്തിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ സമീപ കാലങ്ങളില്‍ അധികമായി കേള്‍ക്കുന്നു. ഇവിടെ സ്ഥാപിച്ചിട്ടുള്ള പത്തോളം വീടുകളില്‍ ഓരോ വീട്ടിലും രണ്ട് കുട്ടികളും ഒരു അമ്മയും എന്ന നിലയിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എവിടെയുള്ള ഇത്തരത്തിലുള്ള കുട്ടികൾക്കും ഇവിടെ അഡ്മിഷന് അപേക്ഷിക്കാവുന്നതാണ്. (Phone: 9895126566)
ഇത്തരം കുട്ടികളുള്ള ഒരമ്മയും അച്ഛനുമെങ്കിലും ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ നിര്വൃതിയിലാണ്ടുറങ്ങണമെന്നാണ് ഇല ആഗ്രഹിക്കുന്നത്. ഇവരെ ചേർത്തുനിർത്തുന്നതിൽ നമുക്കേവർക്കും ഉത്തരവാദിത്തമുണ്ട്. ആരോഗ്യമുള്ള നമ്മുടെ ജീവിതം ഇത്തരം പ്രവർത്തനങ്ങളിലൂടെ ഏറ്റവും മനോഹരമായി ഉപയോഗിക്കാൻ കൂടിയുള്ളതാണ്.