ജീവിതത്തെ കർമസാക്ഷ്യമാക്കുക
text_fields"ജിന്നുകളെയും മനുഷ്യരെയും എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല" എന്നത് അല്ലാഹുവിന്റെ പ്രഖ്യാപനമാണ്. ജീവിതം അടിമുടി ഇബാദത്തായി മാറണം.
പൂർവിക ഗുരുക്കന്മാർ വഴിപ്പെടുക അല്ലെങ്കിൽ വിധേയപ്പെടുക എന്നൊക്കെ ഇബാദത്തിന്റെ പൊരുളായി വിശദീകരിച്ചത് ഏറെ ചിന്തനീയമാണ്. ഇബാദത്തിനെ 'ആരാധന' മാത്രമായി പരിമിതപ്പെടുത്തുന്നത് വളരെ വിപുലമായ മഹൽ ആശയത്തെ നിർവീര്യമാക്കലാണ്.
മുഴുജീവിതവും അല്ലാഹുവിനുള്ള ഇബാദത്ത് (വഴിപ്പെടൽ) ആക്കുകയെന്നാൽ ജീവിതത്തെ ഇസ്ലാമീകരിക്കലാണ്.
ജീവിതത്തിന്റെ അടക്കവും അനക്കവും ഇസ്ലാമിക മര്യാദകൾ ദീക്ഷിച്ചുകൊണ്ടാകുമ്പോൾ അത് അല്ലാഹുവിനുള്ള ഇബാദത്തായി മാറുന്നു. വാക്കും പ്രവൃത്തിയും തമ്മിൽ വൈരുധ്യമുണ്ടാകരുതെന്ന പോലെ ചര്യയും ചമയവും (സീറത്തും സൂറത്തും) തമ്മിൽ പൊരുത്തമുണ്ടാകാനും ശ്രദ്ധിക്കേണ്ടതുണ്ട്.
കൊച്ചുകൊച്ചു കാര്യങ്ങൾ എന്ന് പലപ്പോഴും വിലയിരുത്തുന്ന കാര്യങ്ങൾ ഒന്നിച്ചു ചേരുമ്പോഴാണ് ഇസ്ലാമിക വ്യക്തിത്വവും അതിലൂടെ ഇസ്ലാമിക സംസ്കാരവും രൂപം കൊള്ളുന്നത്. ഒരു നന്മയെയും നിസ്സാരവത്കരിക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്ന് തിരുനബി ഉണർത്തിയിട്ടുണ്ട്.
പല ചെറുകാര്യങ്ങളും നമ്മുടെ സംസ്കാരത്തെ കാത്തുസൂക്ഷിക്കുന്ന വേലികളാണ്. നല്ല ശീലങ്ങളും നിഷ്ഠകളും വഴി പല തിന്മകളും നമ്മിൽനിന്ന് അകന്ന് മാറിപ്പോകുമെന്നത് അനുഭവ സത്യമാണ്. ഇസ്ലാമികമായ ജീവിത മര്യാദകൾ അതിന്റെ ആത്മാവ് ആവാഹിച്ച് ഉയർത്തിപ്പിടിക്കുക വഴി ബഹുസ്വര സമൂഹത്തിൽ നല്ലതായ പ്രതിനിധാനം നിർവഹിക്കാൻ സാധിക്കും.
ശീലങ്ങളും സമ്പ്രദായങ്ങളും മറകളും മുറകളും ചിട്ടകളും ചട്ടങ്ങളുമെല്ലാം ഇസ്ലാമീകരിക്കാൻ സജ്ജമാക്കുകയാണ് റമദാൻ എന്ന പാഠശാല.
നിത്യജീവിതത്തിന്റെ വ്യത്യസ്ത രംഗങ്ങളിൽ ഇസ്ലാമിക മര്യാദകൾ അതിന്റെ പൊരുളറിഞ്ഞു പാലിക്കുമ്പോൾ അത് കർമസാക്ഷ്യവും പ്രാർഥനയുമായി മാറുന്നു. നിർദിഷ്ട മര്യാദകളും രീതികളും ദീക്ഷിക്കുമ്പോൾ അത് ദൈവത്തിനുള്ള ഇബാദത്തുമാണ്.
മര്യാദകളുടെയും പ്രാർഥനകളുടെയും പൊരുൾ ആവാഹിച്ച് അവ പതിവ് ശീലമാക്കേണ്ടതുണ്ട്. ഇസ്ലാമിക മര്യാദകളുടെ നന്മയും മേന്മയും ലോകത്തിനാകെ അനുഭവവേദ്യമാക്കാൻ ഇത് വഴിവെക്കും.
ഖുർആനിലെയും ഹദീസിലെയും വിശിഷ്ട പ്രാർഥനകൾ വിശദമായി ഗ്രഹിച്ച് പതിവാക്കേണ്ട സംഗതികളാണ്. പ്രാർഥനയും അധ്വാനവും ഒപ്പത്തിനൊപ്പം വേണമെന്നാണ് ഇസ്ലാമിന്റെ തേട്ടം. പ്രാർഥനയിലെ പ്രമേയം പുലരാൻ ആവശ്യമായ പ്രവർത്തനങ്ങൾ വേണമെന്ന് സാരം.