ഗൃഹാതുരത്വത്തിന്റെ സമൂസ പുരാണം
text_fieldsസുഹാർ: പന്തിയിൽ പക്ഷഭേദമില്ലാതെ എല്ലാവരുടെയും ഇഷ്ടവിഭവമാണ് സമൂസ. ഗൾഫ് രാജ്യങ്ങളിലെ കഫറ്റീരിയകളിൽ വൈകുന്നേരങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിഭവം സമൂസയാണ്. റമദാൻ തുടങ്ങുന്നതോടെ സമൂസയുടെ പവർ ഒന്ന് കൂടും. നോമ്പ് തുറ വിഭവങ്ങളിൽ പുതിയ പലഹാരങ്ങൾ എത്ര മാറി മറിഞ്ഞു വന്നാലും ഏതെല്ലാം എണ്ണ കടികൾ കളം വിട്ടു പോയാലും പണക്കാരന്റെയും പാവപ്പെട്ടവന്റെയും സുപ്രകളിൽ സമൂസ ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു.
രുചിയിലും ആകൃതിയിലും വലുപ്പത്തിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സമൂസ ഒരു ആഗോള വിഭവം തന്നെയാണ്. സെപ്റ്റംബർ അഞ്ചിന് ലോക സമുസ ദിനം പോലും ആചരിച്ചുവരുന്നു. ജോലികഴിഞ്ഞ് മടങ്ങുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ വയറു നിറക്കാനും ക്ഷീണമകറ്റാനും പറ്റിയ വിഭവമായി സമൂസ മാറിക്കഴിഞ്ഞു. ഏതു സമയത്തും ലഭ്യമാകുന്ന ചെറുകടികളിൽ പ്രധാനിയാണ് ത്രികൊണത്തിൽ പൊരിച്ചെടുക്കുന്ന സമൂസ അഥവാ സംബൂസ. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പലഹാരമായ സമുസക്ക് പറയാനുള്ളത് നൂറ്റാണ്ടുകൾ നീളുന്ന ഒരു ലോകസഞ്ചാരത്തിന്റെ കഥയാണ്. സമോസ പൂർണമായും ഒരു ഇന്ത്യൻ വിഭവമാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും, ഇതിന്റെ വേരുകൾ മധ്യേഷ്യയിലും ഇറാനിലുമാണ്. പുരാതന കാലത്ത് പേർഷ്യൻ വ്യാപാരികളും സഞ്ചാരികളും യാത്രകളിൽ കൊണ്ടുപോയിരുന്ന ലഘുഭക്ഷണമായിരുന്നു ഇത്. പേർഷ്യൻ വാക്കായ ‘സൻബോസാഗ്’ എന്നതിൽ നിന്നാണ് സമോസ എന്ന പേര് വന്നതെന്ന് പറപ്പെടുന്നു.
തീക്കനലിൽ ചുട്ടെടുക്കുന്ന ഈ പലഹാരം യാത്രകളിൽ കേടുകൂടാതെ സൂക്ഷിക്കാൻ എളുപ്പമായിരുന്നു. 13ാം നൂറ്റാണ്ടിലോ 14ാം നൂറ്റാണ്ടിലൊ ആണ് സമൂസ ഇന്ത്യയിലെത്തുന്നത്. മധ്യേഷ്യയിൽ നിന്നുള്ള വ്യാപാരികളും പാചകക്കാരും വഴിയാണ് ഇത് ഇന്ത്യൻ രാജകൊട്ടാരങ്ങളിൽ വിളമ്പാൻ തുടങ്ങിയത്.
ഗൾഫ് പ്രവാസികളുടെ ഇഫ്താർ നോമ്പുതുറ വിരുന്നുകളിൽ സമൂസക്ക് പ്രത്യേക സ്ഥാനമുണ്ട്. ഈന്തപ്പഴവും ചായയും സസയുമാവും നോമ്പ് തുറയുടെ മുഖ്യവിഭവങ്ങൾ.
സമൂസയിൽ കാലങ്ങളായി ഗ്രീൻപീസും വെജിറ്റബിൾസും ആണ് ഫില്ലിങ്ങായി ഉണ്ടാകുക എങ്കിലും ചീസ്, ചിക്കൻ, ബീഫ്, കീമ തുടങ്ങി വൈവിധ്യമാർന്ന കൂട്ടുകൾ നിറച്ച് സമൂസകൾ വീടുകളിലും പള്ളികളിലും ഒരുപോലെ വിളമ്പാറുണ്ട്. പുതിയ രുചികളുടെ അന്വേഷണങ്ങളിൽ സമൂസയിലും മാറ്റങ്ങൾ ഉണ്ടായി. എന്തൊക്കെ മസാലകളിൽ സമൂസ ഉണ്ടാക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ കഴിയില്ല.
മധുരമുള്ള മസാലയിൽ തുടങ്ങി പെരി പെരി ചിക്കൻ കൊണ്ടുപോലും സമൂസ ഉണ്ടാക്കുന്നു. കബാബ്, പിസ, ചോളം, നഗ്ഗട്ട്സ്, ചെമ്മീൻ, കൂന്തൽ, വെജിറ്റബിൾ, തുടങ്ങിയവയിലെല്ലാം സമൂസ വിൽപനക്കുണ്ട്. ഫ്രോസൺ സമൂസ ലഭ്യമായതോടെ ഓർഡർ അനുസരിച്ചു പൊരിച്ചുനൽകിയാൽ മതി, പ്രവാസ ലോകത്ത് പൊരിച്ചെടുക്കാത്ത സമൂസ റസ്റ്ററന്റുകളിൽ നൽകുന്ന പലരും ഉണ്ടായിരുന്നു.
ഇന്ന് ഈ മേഖലയിൽ വൻകിട കമ്പനികൾ കീഴടക്കി കഴിഞ്ഞു. റമദാൻ ആഗതമാകുമ്പോൾ സമൂസ ഷീറ്റ് മുതൽ റെഡി ടു കുക്ക് സമുസ വരെ സൂപ്പർ മാർക്കറ്റുകളുടെ ഫ്രോസൺ ഏരിയകളിൽ സ്ഥാനം പിടിക്കും. പ്രവാസലോകത്ത്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ, സമൂസ എന്നത് വെറുമൊരു പലഹാരമല്ല, അത് പ്രവാസികളുടെ ജീവിതരീതിയുടെയും ഒത്തുചേരലുകളുടെയും ഒരു പ്രധാന ഭാഗമാണ്.
നാടുവിട്ട് നിൽക്കുന്ന ഓരോ ഇന്ത്യക്കാരനും, പ്രത്യേകിച്ച് മലയാളിക്കും ഒരു കപ്പ് ചായയും ചൂടുള്ള സമൂസയും നൽകുന്ന അനുഭവം ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ്.


