കാത്തിരിപ്പൂ ശാശ്വത മധുരം
text_fieldsമനുഷ്യജീവിതം വളരെ ചെറുതാണ്. മധുരം അതിന്റെ ദൈർഘ്യത്തിൽ അല്ല. അത് നാം ജീവിക്കുന്ന രീതിയിലാണ്. അത് നമ്മുടെ മനോഭാവത്തിൽ അധിഷ്ഠിതമാണ്. ഈ ചെറു ജീവിതം എങ്ങനെ സന്തോഷകരമാക്കാം?
1) ജീവിതം പരീക്ഷണമാണ്-ശിക്ഷയല്ല: ജീവിതം ദൈർഘ്യത്തിന്റെ പരീക്ഷയല്ല അത് ഗുണമേന്മയുടെ മത്സരമാണ്. ‘‘മരണവും ജീവിതവും സൃഷ്ടിച്ചത്, നിങ്ങളിൽ ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് നോക്കാനാണ്’’ (വിശുദ്ധ ഖുർആൻ 67:2)
2) യഥാർഥ സമ്പത്ത്: വിഭവങ്ങളുടെ ആധിക്യമാണ് സമ്പത്ത് എന്ന് തെറ്റിദ്ധരിച്ചവരോട് അത് ഹൃദയത്തിന്റെ ധന്യതയാണെന്ന് ദൈവം നമ്മെ ഓർമപ്പെടുത്തുന്നു (സ്വഹീഹുൽ ബുഖാരി). ജീവിതം ചെറുതാണെങ്കിലും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആണെങ്കിലും ധന്യമായ ഹൃദയത്തോടെ സ്വസ്ഥമായ മനസ്സോടെ ജീവിക്കുക. അസ്വസ്ഥമായ മനസ്സിന് ശീതീകരിച്ചിരുട്ടാക്കിയ മുറിയിൽപോലും ഉറക്കം കിട്ടുകയില്ല എന്നോർക്കുക.
3) ദുഃഖങ്ങൾ ശാപമല്ല, ശുദ്ധീകരണമാണ്: ജീവിത മധുരത്തെ ഇല്ലാതാക്കുന്ന ദുഃഖങ്ങൾ അത് ശാപമല്ല, ശുദ്ധീകരണമാണ്. ജീവിതത്തിന്റെ അടിസ്ഥാന താളംതന്നെ പരീക്ഷണമാണ്. രോഗങ്ങൾ, സാമ്പത്തിക ശാരീരിക മാനസിക പ്രതിസന്ധികൾ എന്നിവയിലെല്ലാം ആശ്വാസവും സമാധാനവും കണ്ടെത്താൻ വിശ്വാസികൾക്ക് സാധിക്കുന്നു. ‘‘വിശ്വാസിയുടെ കാര്യം അത്ഭുതംതന്നെ. അവന് പ്രയാസമുണ്ടായാൽ ക്ഷമിക്കും. അത് അവനു ഗുണകരമാണ്. സന്തോഷം ഉണ്ടായാൽ അവൻ നന്ദി കാണിക്കും. അതും അവന് ഗുണകരമാണ്’’ (ഹദീസ്).
ഈ ജീവിതം ഒരു ട്രാൻസിറ്റ് ലോഞ്ച് പോലെയാണ്; താൽക്കാലിക ആസ്വാദനം മാത്രമാണ്. ശാശ്വത മധുരം പരലോകത്ത് നമ്മെ കാത്തിരിക്കുന്നു.


