കന്നുകാലികളെപ്പോലെ ജീവിക്കുന്നവർ
text_fieldsമറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്റെ ചിന്താശേഷിയും കാര്യങ്ങൾ വിവേചിച്ചറിയാനുള്ള കഴിവുമാണ്. കണ്ണും കാതും തലച്ചോറുമൊക്ക മറ്റു ജീവികൾക്കുമുണ്ട്. എന്നാൽ അവയുപയോഗിച്ചുകൊണ്ട് ചിന്തിക്കാനും പഠിക്കാനുമൊന്നും ആ മൃഗങ്ങൾക്കാവില്ലല്ലോ.
കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്തവരുണ്ട്. കാതുണ്ടായിട്ടും കേൾക്കേണ്ടത് കേൾക്കാത്തവരുണ്ട്. ചിന്തിക്കാൻ കഴിവുണ്ടായിട്ടും കാര്യങ്ങൾ ചിന്തിച്ചുമനസ്സിലാക്കത്തവരുമുണ്ട്. ഇവരെയൊക്കെ കന്നുകാലികളോടാണ് അല്ലാഹു ഉപമിക്കുന്നത്. അല്ല, കന്നുകാലികളെക്കാൾ മോശമായ അവസ്ഥയിലാണ് അവർ എന്ന് അല്ലാഹു വിശദീകരിക്കുന്നു. കന്നുകാലികൾക്ക് അതിനുള്ള കഴിവില്ലാത്തത് കൊണ്ടാണ് എന്ന് വെക്കാം, കഴിവുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താത്തവർ അതുകൊണ്ട് തന്നെ കന്നുകാലികളേക്കാൾ മോശമാണ്.
അവര്‍ക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവര്‍ പഠിക്കുന്നില്ല. കണ്ണുകളുണ്ട്; അതുകൊണ്ട് കണ്ടറിയുന്നില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്. എന്നല്ല, അവരാണ് കൂടുതൽ പിഴച്ചവര്‍. അവര്‍ തന്നെയാണ് ഒരു ശ്രദ്ധയുമില്ലാത്തവര്‍ (വിശുദ്ധ ഖുർആൻ 7:179).
മറ്റൊരു സ്ഥലത്ത് അല്ലാഹു അവരെ ഉപമിക്കുന്നത് ഒച്ചയിട്ടാൽ മാത്രം ചലിക്കുന്ന കാലികളോടാണ്. അവരുടെ കണ്ണോ കാതോ ഹൃദയമോ അവർ ഉപയോഗപ്പെടുത്തുന്നില്ല. വിളിയും തെളിയും ഒച്ചയുമല്ലാതെ മറ്റൊന്നും അവരെ മുന്നോട്ട് നയിക്കുകയില്ല.
സ്വന്തമായ ചിന്തയോ കാഴ്ചപ്പാടോ ഒന്നും അവർക്കില്ല. ആരൊക്കെയോ ഒച്ചയിടുന്നതിന് അനുസരിച്ച് അവർ തുള്ളുന്നു. സത്യനിഷേധികളോടു സംസാരിക്കുന്നവന്റെ ഉപമ വിളിയും തെളിയുമല്ലാതൊന്നും കേള്‍ക്കാത്ത കാലികളോട് ഒച്ചയിടുന്ന ഇടയനെ പോലെയാണ്. അവര്‍ ബധിരരും മൂകരും കുരുടരുമാണ്. അവരൊന്നും ആലോചിച്ചറിയുന്നില്ല. (വിശുദ്ധ ഖുർആൻ 2:171).