മഴ കൊണ്ടുപോയ മണ്ണ്
text_fieldsകൂട്ടത്തിൽ ഏറ്റവും മോശപ്പെട്ടത് ദാനധർമം ചെയ്യാൻ നീക്കിവെക്കുന്ന ആളുകളുണ്ട്. തന്റെ ഉപയോഗം കഴിഞ്ഞ് ആവശ്യമില്ലാത്തത് മറ്റുള്ളവർക്ക് കൊടുക്കുന്നതല്ല പുണ്യകരമായ ദാനധർമം, മറിച്ച് തനിക്ക് ഇഷ്ടമുള്ളതും ആവശ്യമുള്ളതും മറ്റുള്ളവർക്കായി നീക്കിവെക്കുമ്പോഴാണ് ഒരാൾ യഥാർഥ ധർമിഷ്ഠനാവുന്നത് എന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു. സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും ചെലവഴിക്കുക (വിശുദ്ധ ഖുർആൻ 2:177).
ഒരു സഹായം ചെയ്തു എന്ന കാരണത്താൽ എപ്പോഴും അത് എടുത്തു പറയുകയും സഹായം സ്വീകരിച്ച ആളെ പ്രയാസപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് മാന്യതയല്ല. അത്തരക്കാർ ഒരു സഹായവും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നും അല്ലാഹു ഉണർത്തുന്നു.
"അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നു; എന്നിട്ട് ചെലവഴിച്ചത് എടുത്തുപറയുകയോ ദാനം വാങ്ങിയവരെ ശല്യപ്പെടുത്തുകയോ ചെയ്യുന്നുമില്ല; അത്തരക്കാര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ക്ക് പേടിക്കേണ്ടിവരില്ല. ദുഃഖിക്കേണ്ടിയും വരില്ല. ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ " (വിശുദ്ധ ഖുർആൻ 2: 262,263).
ചില ആളുകളുടെ ദാനധർമങ്ങൾ വെറും പൊള്ളയായിരിക്കും. ആളുകളെ കാണിക്കാനും പൊങ്ങച്ചത്തിനും വേണ്ടിയായിരിക്കും അത്തരക്കാർ ദാനധർമം ചെയ്യുന്നത്. അവരുടെ കർമങ്ങളെ അല്ലാഹു ഉദാഹരിക്കുന്നത് ഇങ്ങനെയാണ്:
"വിശ്വസിച്ചവരേ, കൊടുത്തത് എടുത്തുപറഞ്ഞും സ്വൈരം കെടുത്തിയും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ പാഴാക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കാനായി മാത്രം ചെലവഴിക്കുന്നവനെപ്പോലെ. അതിന്റെ ഉപമയിതാ: ഒരുറച്ച പാറ; അതിന്മേല് ഇത്തിരി മണ്ണുണ്ടായിരുന്നു. അങ്ങനെ അതിന്മേല് കനത്ത മഴ പെയ്തു. അതോടെ അത് മിനുത്ത പാറപ്പുറം മാത്രമായി. അവര്‍ അധ്വാനിച്ചതിന്റെ ഫലമൊന്നുമനുഭവിക്കാനവര്‍ക്ക് കഴിഞ്ഞില്ല. അല്ലാഹു സത്യനിഷേധികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല (വിശുദ്ധ ഖുർആൻ 2:262,263).