നല്ല വാക്കും ചീത്തവാക്കും
text_fieldsഎല്ലാവരും നല്ല വാക്ക് കേൾക്കാനാണാഗ്രഹിക്കുന്നത്. ചീത്ത വർത്തമാനം ആർക്കും കേൾക്കാൻ താൽപര്യമില്ല. എന്നാൽ നല്ല വാക്ക് കേൾക്കണമെങ്കിൽ നല്ല വാക്ക് പറയണമെന്ന് പലപ്പോഴും നമ്മൾ മറന്നു പോകുന്നു. എല്ലാവരും നല്ലത് പറഞ്ഞാൽ എല്ലാവർക്കും നല്ലത് കേൾക്കാം.
നല്ല വാക്കിനെ ആഴത്തിൽ വേരുകളുള്ള, ആകാശത്ത് പടർന്ന് പന്തലിച്ചു നിൽക്കുന്ന ഒരു വൃക്ഷത്തോടാണ് അല്ലാഹു ഉപമിക്കുന്നത്. ഇത് അല്ലാഹുവിന്റെ ഏകത്വമുൽഘോഷിക്കുന്ന അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല എന്ന ഉത്തമ വചനമാണ് എന്ന് വ്യഖ്യാതാക്കൾ അഭിപ്രായപ്പെടുന്നു. ഈ വചനം വളരെ ഉപകാരപ്രദവും ഭൂമിയേയും ആകാശത്തേയും ഗ്രസിച്ചു നിൽക്കുന്നതുമാണ്. പ്രപഞ്ചത്തിന്റെ താളമാണ് ഈ വാക്കിന്റെയും താളം. ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഉൾക്കൊള്ളുന്ന, ജീവിതത്തെ അടിമുടി നിയന്ത്രിക്കുന്ന വാക്കാണത്. അല്ലാഹു പറയുന്നു.
ഉത്തമ വചനത്തിന് അല്ലാഹു നല്കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്ക്കുന്നു
എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍ (വിശുദ്ധ ഖുർആൻ 14:24,25).
ചീത്ത വാക്കിനെ ചീത്ത വൃക്ഷത്തോടാണ് അല്ലാഹു ഉപമിച്ചിരിക്കുന്നത്. അതിന് അടിസ്ഥാനമോ അടിത്തറയോ ഇല്ല. ഇളം കാറ്റിൽ പാറി പോവാൻ മാത്രം ദുർബലമാണത്. അതുകൊണ്ട് മനുഷ്യർക്ക് യാതൊരു ഉപകാരവുമില്ല.
ചീത്ത വചനത്തിന്റെ ഉപമ ഒരു ക്ഷുദ്ര വൃക്ഷത്തിന്റേതാണ്. ഭൂതലത്തില്‍നിന്ന് അത് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. അതിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഒന്നുമില്ല (വിശുദ്ധ ഖുർആൻ 14:26).