ഗ്രന്ഥം ചുമക്കുന്ന കഴുതകൾ
text_fieldsഖുർആൻ എന്ന അറബി വാക്കിന്റെ അർഥം വായന എന്നാണ്. എത്ര അന്വർഥമായ പേര്! ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ഗ്രന്ഥത്തിന്റെ പേര് വായന! വായിക്കാനും പഠിക്കാനും ജീവിതത്തിൽ പകർത്താനുമായി അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ് വായന എന്ന് പേര് വെക്കപ്പെട്ട വിശുദ്ധ ഖുർആൻ.
ഖുർആൻ ഒരു വിജ്ഞാന സാഗരമാണ്. മനസ്സ് തുറന്നുവെച്ച് വായിച്ചാൽ ഒട്ടേറെ രത്നങ്ങളും മുത്തുകളും ലഭിക്കും. തീരത്തുകൂടെ നടന്നാൽ പോലും അതിന്റെ കാറ്റേറ്റ് ഹൃദയം ശുദ്ധീകരിക്കാം, മനസ്സ് കുളിർപ്പിക്കാം. ഹൃദയത്തിന് താഴിട്ട് പൂട്ടിയ ശേഷം വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനിരിക്കുന്നവന് ഒന്നും കിട്ടില്ല. കമിഴ്ത്തി വെച്ച കുടത്തിൽ വെള്ളം ഒഴിക്കുന്നത് പോലുള്ള പാഴ്വേലയാണത്.
അല്ലാഹു ചോദിക്കുന്നു: അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടി വെച്ചിരിക്കുകയാണോ? (വിശുദ്ധ ഖുർആൻ 47:24).
വേദഗ്രന്ഥം ലഭിച്ചിട്ടും അത് വായിച്ച് മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യാതെ വേദവും കൈയിലേന്തി അതിന്റെ ആളുകളാണെന്ന് പറഞ്ഞ് നടക്കുന്നവരെ ഗ്രന്ഥം ചുമക്കുന്ന കഴുതയോടാണ് അല്ലാഹു ഉപമിച്ചിരിക്കുന്നത്.
തൗറാത്തിന്റെ വാഹകരാക്കുകയും എന്നിട്ടത് ശരിയായ രൂപത്തിൽ വഹിക്കാതിരിക്കുകയും ചെയ്തവരുടെ ഉപമയിതാ. ഗ്രന്ഥക്കെട്ടുകള്‍ പേറുന്ന കഴുതയെപ്പോലെയാണവര്‍. അല്ലാഹുവിന്റെ സൂക്തങ്ങളെ നിഷേധിച്ച് തള്ളിയവരുടെ ഉപമ വളരെ നീചം തന്നെ. ഇത്തരം ആക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല (വിശുദ്ധ ഖുർആൻ 62:5). വിശുദ്ധ ഖുർആനിലൂടെ അല്ലാഹു മനുഷ്യനോട് സംസാരിക്കുകയാണ്. സ്രഷ്ടാവ് നമ്മോട് സംസാരിക്കുമ്പോൾ അത് ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യാതിരിക്കുന്നത് കടുത്ത അഹങ്കാരവും ധിക്കാരവുമാണ്. അതിന്റെ വാഹകരെന്ന് അവകാശപ്പെടുന്നവർ വിശേഷിച്ചും ശ്രദ്ധിക്കേണ്ട കാര്യമാണിത്.