ചരിത്ര വീഥിയിലെ റമദാൻ വിളക്കുകൾ
text_fieldsഇസ്ലാമിക ചരിത്രത്തിന്റെ ഓരോ താളും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. വായിക്കും തോറും കാണാനും കാണും തോറും പോകാനും തോന്നുന്ന അത്മീയ പാഥേയം നിറച്ചുവെച്ച ചരിത്ര വീഥികൾ. അതിൽ റമദാൻ എന്ന അധ്യായം മാത്രം എടുത്താൽ ചൈതന്യം ഒളിവീശുന്ന നിരവധി വിസ്മയങ്ങൾ മുന്നിലെത്തും. മരുഭൂമിയിലെ റമദാൻ നിരവധി വിശേഷങ്ങൾ നിറഞ്ഞതാണ്. റമദാനിൽ മാത്രമായി വിടരുന്ന ബദുവിയൻ കവിതകളും പാട്ടുകളുമുണ്ട്. മരുഭൂമിയുടെ ആഴങ്ങളിൽ നിന്ന് ഇറങ്ങിവന്ന് അവ നക്ഷത്രവിളക്കുകളാകും.
നിലാവിൽ നിന്ന് ഇഴകളുരിയെടുത്ത് ബദറിന്റെ ഖദറൊളിയാകും. യു.എ.ഇയുടെ ബദുവിയൻ സംസ്കൃതിയിൽ ഏറെ പ്രധാനപ്പെട്ടതാണ് ഷാർജയുടെ തുറമുഖ ഉപനഗരവും പ്രവാസത്തിന്റെ പത്തേമാരി ഗാഥകൾ പാടുന്ന ഖോർഫക്കാൻ. ഇവിടെ ഒരു അങ്ങാടിയുണ്ട്, പഴമയുടെ മഹിമ പുതുമയുടെ വിസ്മയം വിടർത്തുന്ന സൂക്ക് അൽ ഷാർഖ്. കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന തോട്ടിലൂടെ റമദാൻ നിലാവ് നീന്തി കയറുന്ന സുന്ദരിയായ അങ്ങാടി.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ കച്ചവട തെരുവിനെ ആധുനിക കാലത്തും അതേ അഴകിൽ കാത്ത് വെച്ചിട്ടുണ്ട് ഷാർജ. പഴമ നിലനിറുത്തികൊണ്ടുള്ള പുതുമയിലാണ് ഇപ്പോൾ ഈ അങ്ങാടി ലങ്കി വിലസുന്നത്. പുതുക്കി സ്ഥാപിതമായി ആദ്യ പത്ത് മാസത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് മ്യൂസിയം സ്വീകരിച്ചത്. ഖോർഫക്കാനിലെ പഴയ സൂക്കിലൂടെ നടന്നെത്തുന്നത് ഈ മ്യൂസിയത്തിന്റെ കവാടത്തിലേക്കാണ്.
തുടർന്ന് നിരവധി വാതിലുകൾ തെളിയും. ഓരോ വാതിലും തുറക്കുന്നത് കരവിരുതിന്റെ വിസ്മയങ്ങൾ പകർന്നുതരുവാനാണ്. പറങ്കികളെ തുരത്തിയോടിച്ച ചരിത്രത്തിന്റെ വീര്യം ഇന്നും ഇവിടെ തന്നെയുണ്ട്. പൗരാണിക കച്ചവട കേന്ദ്രങ്ങളും കാർഷിക മേഖലകളുമായി ബന്ധപ്പെട്ട വിപണികളും ഇവിടെയുണ്ട്. എണ്ണ വിപ്ലവത്തിന് മുമ്പ് ഒരു സൂക്ക് എന്തായിരുന്നുവെന്നും കടകൾ എങ്ങനെയായിരുന്നുവെന്നും ദൈനംദിന ജീവിതം ഏതുവിധത്തിലായിരുന്നുവെന്നും മനസിലാക്കാൻ പരമ്പരാഗത കരകൗശല മ്യൂസിയം സന്ദർശിച്ചാൽ മതി. ഖോർഫക്കാൻ നഗരത്തിലെ പഴയ മാർക്കറ്റിൽ ചരിത്ര സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, കടകൾ, വാണിജ്യ സ്റ്റോറുകൾ എന്നിവ ധാരാളമുണ്ട്. പരമ്പരാഗത വാതിലുകളും മച്ചുകളും ജനലുകളും പഴമയുടെ തെളിച്ചം പകരുന്നു.
അറബന മുട്ടി കാറ്റ് സൂക്കിലൂടെ നടക്കുന്നതായി തോന്നും. അത്താഴത്തിന് ആളുകളെ ഉണർത്താൻ പണ്ട് അറബന മുട്ടി പാടുന്ന ഒരു കാലമുണ്ടായിരുന്നു. ഇഫ്താർ സമയം അറിയിക്കാൻ പിരങ്കിയായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനൊന്നും ഇന്നും ഒരുമാറ്റവും സൂക്ക് വരുത്തിയിട്ടില്ല.
അതുകൊണ്ടാണ് റമദാനിൽ സൂക്ക് കൂടുതൽ തിരക്കിലേക്ക് പോകുന്നത്. പരമ്പരാഗത ഇമാറാത്തി സ്വാദും വസ്ത്രങ്ങളും ആഭരണങ്ങളും കരകൗശല വസ്തുക്കളും സൂക്കിൽ ധാരാളം. പ്രവാസി മലയാളികളുടെ പത്തേമാരി യാത്രകൾ ധാരാളം കണ്ടിട്ടുണ്ട് സൂക്കിന്റെ വരാന്തകൾ. പാനുസുകൾ വെളിച്ചം വീശിയിരുന്ന കാലത്ത് കടൽ നീന്തി കടന്ന്, ജീവിതത്തിനും മരണത്തിനും ഇടയിൽ കുടുങ്ങിപോയ മലയാളിക്ക് സൂക്ക് കൊടുത്ത ഗാവക്ക് കണക്കില്ല.
കടലും ഹജർ മലകളും അതിനിടയിലാണ് ഖോർഫക്കാൻ. കടലിൽ ഇറങ്ങികുളിക്കുന്ന കരിമലകളിൽ, തിരകൾ തീർത്ത ശിൽപങ്ങൾ പത്തേമാരി കാലത്തെ കുറിച്ചുള്ളതാണെന്ന് മനസ്സ് പറഞ്ഞുപോകും. റമദാൻ തുടങ്ങിയതോടെ ഏറെ ഒരുങ്ങിയിട്ടുണ്ട് സൂക്ക്. സന്ദർശകരുടെ തിരക്കും കൂടിയിട്ടുണ്ട്. കടലിന്റെ പാട്ടുമായി കനാലിലൂടെ വിരുന്നുവരുന്ന തിരകളെ വെളിച്ചത്തിന്റെ പൊന്നാട ചാർത്തി സ്വീകരിക്കുന്നുണ്ട് സൂക്ക്.
ഖോർഫക്കാനിലെ സൂഖ് ഷാർഖ് പ്രദേശം നിരവധി പൈതൃകങ്ങളാലും ചരിത്രപരമായ ഘടകങ്ങളാലും സമ്പന്നമാണ്. നഗരത്തിന്റെ സമ്പന്നമായ നാടോടി കഥകളെക്കുറിച്ചും അതിന്റെ ആധികാരിക ഭൂതകാലത്തെക്കുറിച്ചും പഠിക്കാനുള്ള മികച്ച അവസരമാണ് ഇവിടെയുള്ളത്.