കാത്തിരിപ്പിന്റെ മധുരവും കൂടിച്ചേരലിന്റെ പെരുന്നാളും
text_fieldsപുണ്യ റമദാൻ നാളുകൾ വിടവാങ്ങുകയായി. ചെറുപ്പകാലം തൊട്ട് മനസിലുള്ള റമദാൻ ഓർമകൾ വീണ്ടും മനസിൽ വന്നു നിറയുകയാണ്. എന്റെ ജോലി തിരക്കിൽ മങ്ങിത്തുടങ്ങുന്ന സ്നേഹ സൗഹൃദങ്ങൾ വീണ്ടെടുക്കാൻ കഴിയുന്ന അവസരമാണ് ഇഫ്താർ വിരുന്നുകൾ. അതുകൊണ്ടാകാം, ഓരോ വർഷവും റമദാന്റെ വരവിനായി എന്റെ മനസ്സ് കാത്തിരിക്കുന്നത്. നോമ്പ് കാലമെനിക്ക് കാത്തിരിപ്പിന്റെ മധുരവും, കൂടിച്ചേരലിന്റെ പെരുന്നാളുമായിട്ടാണ് അനുഭവിക്കാൻ കഴിയുന്നത്.
ഒമാനിലെത്തിയ ശേഷമാണ് റമദാനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയത്. എത്ര കൃത്യനിഷ്ഠയോടെയാണ് നമ്മുടെ മുസ്ലിം സഹോദരങ്ങൾ ഓരോ നോമ്പും എടുക്കുന്നത്. ആ ഇച്ഛാശക്തി എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അതിന്റെ പ്രതിഫലം പടച്ച തമ്പുരാൻ ഏവർക്കും കൊടുക്കട്ടെയെന്നാണ് പ്രാർഥന. ഉദയത്തിന്റെ ആദ്യ കിരണങ്ങൾക്ക് മുമ്പേ എഴുന്നേറ്റ് പ്രാർഥന നിർഭരമായ മനസോടെ നോമ്പ് ആരംഭിക്കുകയും, സൂര്യാസ്തമനം വരെ ദാഹത്തിന്റെയും വിശപ്പിന്റെയും ആളിക്കത്തലുകളോട് സന്ധിയില്ലാതെ പോരാടുന്ന വിശ്വാസി, ദൈവ കൽപനയോടുള്ള സ്നേഹം കൊണ്ട് വിശപ്പിനെ മറികടക്കുകയാണ്. ഭക്തി കൊണ്ട് നേടുന്ന ജീവിത വിശുദ്ധി. ഇതൊരു പവിത്ര ദർശനം തന്നെയാണ്. ഖുർആൻ വേദം നൽകപ്പെട്ട മാസമാണല്ലോ റമദാൻ. അതിന്റെ നന്ദി സൂചകമായിട്ടാണ് വിശ്വാസികൾ ഈ റമദാൻ മാസത്തിലെ നോമ്പ് എടുക്കുന്നത്. സമ്പന്നനും, ദരിദ്രനും ഒരു പോലെ വിശപ്പും, ദാഹവും അറിയുന്നു. ദൈവ കൽപന ജീവിതത്തിൽ പാലിക്കുന്നു. അവനവന്റെ ഇഷ്ടങ്ങളേക്കാൾ ഈശ്വരന്റെ, അല്ലാഹുവിന്റെ ഇഷ്ടത്തിന് മുന്നിൽ ജീവിതം സമർപ്പിക്കുന്നു.
നോമ്പുകാലത്തെ കുറിച്ച് ഓർക്കുമ്പോൾ, എന്റെ മനസ്സ് പാലക്കാട്ടെ കുട്ടിക്കാലത്തേക്ക് പറന്നുയരുന്നു. അയൽവീട്ടിലെ സൈനു താത്ത... ഞങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്നത് ചൈനത്താത്ത എന്നായിരുന്നു. റമദാൻ വൈകുന്നേരങ്ങളിൽ പള്ളിയിൽ നിന്ന് നോമ്പ് കഞ്ഞി വാങ്ങാൻ പോകുന്ന ഇത്തയെ കാണുമ്പോൾ, ഞങ്ങൾ കുട്ടികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കും. കാരണം, ആ ചൂടുള്ള കഞ്ഞിയിൽ ഞങ്ങൾക്കും ഒരു ഓഹരിയുണ്ടെന്ന് അറിയാമായിരുന്നു. ചൈനതാത്ത വിളമ്പിത്തന്നിരുന്ന കഞ്ഞിയുടെ മണവും, രുചിയും ഇപ്പോഴും നാവിലുണ്ട്. സ്നേഹത്തിന്റെ, പങ്കുവെക്കലിന്റെ റമദാൻ നന്മയുടെ രുചിതന്നെയാണ് ആ കഞ്ഞി.
പ്രവാസജീവിതത്തിൽ കടന്നുപോയത് 29 വർഷങ്ങൾ, ഒട്ടേറെ കൂട്ടായ്മകൾ, സംഘടനകൾ, ഒമാനിലൊരുക്കിയ ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കാൻ അവസരമുണ്ടായി. ഒരു ദൈവനിയോഗം പോലൊരു ഭാഗ്യം. ജാതിയും മതവും മറന്ന്, എല്ലാവരും ഒരുമിച്ചിരിക്കുന്ന വശ്യസുന്ദരമായ കാഴ്ച തന്നെ. നോമ്പുതുറക്കാനുള്ള ആ നിമിഷത്തിനായി കാത്തിരിക്കുന്ന മുഖങ്ങളിൽ തിളങ്ങുന്ന പ്രതീക്ഷയും, പ്രാർഥനയും മറ്റൊരിടത്തും അനുഭവിക്കാൻ കഴിയുന്നതായി തോന്നിയിട്ടില്ല. മത പണ്ഡിതന്മാർ റമദാനിന്റെ സന്ദേശങ്ങൾ മധുരമായ വാക്കുകളിൽ പകർന്നു നൽകുമ്പോൾ, ഞാൻ ആവേശത്തോടെ കേട്ടിരിക്കാറുണ്ട്. ആ വാക്കുകൾ എന്റെ മനസ്സിനെ ഒരു പവിത്ര വെളിച്ചത്തിലേക്ക് ആനയിക്കുന്നു.
ഓരോ ഇഫ്താറിലും ഞാൻ ചിന്തിക്കാറുണ്ട്. നമ്മൾ പ്രവാസികൾ എത്ര ഭാഗ്യവാന്മാരാണ്! ഇവിടെ, നോമ്പുകാലവും പെരുന്നാളും ഒരു കുടുംബം പോലെ, ഒരുമയോടെ ആഘോഷിക്കുന്നു. വലിയവനെന്നോ ചെറിയവനെന്നോ, ജാതി, മത വേർതിരിവില്ലാതെയുള്ള ഒത്തൊരുമ. അതിനേക്കാൾ മഹത്തരമായ മാനവികത മറ്റെന്താണ്. ഇന്നത്തെ കാലത്ത് അപൂർവമായ ഈ കാഴ്ചകൾ സമ്മാനിക്കുന്ന റമദാൻ സ്നേഹസാഹോദര്യം ആർക്കാണ് മറക്കാൻ കഴിയുക. ഈ റമദാൻ പുണ്യനാളുകൾ ഏവർക്കും ജീവിത വിശുദ്ധിയുടെ തിളക്കവും, ഐശ്വര്യവും തണലും പകർന്നു നൽകട്ടെ.