ബഹ്‌റൈനിലെ ഏഴാം നോമ്പുകാലം
text_fieldsഫാരിസ് ഹാശിം
തുടർച്ചയായ ഏഴാം വർഷവും റമദാൻ ഈ പവിഴ ദ്വീപിൽ തന്നെ. ബഹ്‌റൈൻ പ്രവാസി ആയി ഈ മണ്ണിൽ കാല് കുത്തിയത് മുതൽ ഇങ്ങോട്ടുള്ള എല്ലാ റമദാനും ദൈവ നിശ്ചയത്താൽ പ്രവാസലോകത്തായി എന്ന് പറയുന്നതാവും ശരി. കഴിഞ്ഞ തവണ പ്രിയതമയോടോത്ത് ഇവിടെ നോമ്പ് അനുഷ്ഠിക്കാൻ ഭാഗ്യം ലഭിച്ചെങ്കിലും ഇത്തവണ അത്ര പ്രിയകരമല്ല. യുദ്ധഭീതി പോലെയുള്ള ചില അപ്രിയ കാര്യങ്ങളാൽ. സൈറണുകളാലും സ്ഫോടന ശബ്‍ദങ്ങളാലും മുഖരിതമായ അന്തരീക്ഷം അത്താഴം മുതൽ ഇഫ്താർ വരെ. ചുറ്റും മനുഷ്യരുടെ മുഖങ്ങളിൽ എത്ര മറച്ചു വച്ചാലും പുറത്ത് അല്പം വെളിവാകുന്ന ഭയ വിഹ്വലതകൾ. കൈയിലെ മൊബൈലിൽ ഓണാക്കിയാൽ തെളിയുന്ന ആക്രമണ വാർത്തകൾ. ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ ഒരു ആന്തൽ ആണ്. തിരിച്ചു പോകേണ്ടിവരുമോ അതോ ഒരിക്കലും തിരിച്ചു പോകാതെ പടച്ചോൻ തിരിച്ചു വിളിക്കുമോ എന്നൊക്കെ മനസ്സ് എഴുതാപ്പുറം വായിക്കാൻ തുടങ്ങും.
അപകടം പറ്റാൻ മിസൈൽ ഒന്നും വീഴണമെന്നില്ല കട്ടിലിൽ നിന്നും ഒന്ന് വീണാൽ മതി എന്ന് ഇന്നലെ പടച്ചോൻ എന്നെ പഠിപ്പിച്ചു എന്റെ പൊന്നുപ്പയിലൂടെ. ഇന്നലെ ഉറക്കമുണർന്നപ്പോൾ നാട്ടിൽ നിന്നും വന്ന ആദ്യ വാട്സാപ്പ് സന്ദേശം ഉപ്പാന്റെ വീഴ്ച്ച ആയിരുന്നു. അസുഖ ബാധിതനായ ഉപ്പയെ കണ്ടിട്ട് മൂന്ന് വർഷം ആകുന്നു. അടുത്ത റമദാൻ നോമ്പ് ഉപ്പയോടൊപ്പം തുറക്കാൻ നാഥൻ എനിക്കും ഉപ്പാക്കും ഭാഗ്യം തരട്ടെ.


