കിനാക്കൾ വിരിഞ്ഞ കാഴ്ചകൾ
text_fieldsവർഷങ്ങളോളം അകത്തളങ്ങളിൽ ആണ്ടുപോയ നാളുകളിലെ പെരുന്നാൾ ഓർത്തെടുക്കുമ്പോൾ, സന്തോഷത്തേക്കാൾ സങ്കടം ഇട കലർന്നത് കൂടിയായിരുന്നു. പെരുന്നാളിന്റെ പൊലിവിൽ വീട്ടിൽ വിരുന്നെത്തിയ പ്രിയപ്പെട്ടവരോടെല്ലാം വിശേഷങ്ങൾ പറഞ്ഞും കളി തമാശകൾ പങ്കുവെച്ചും ആ ഒരു ദിവസം വളരെ പെട്ടെന്ന് കഴിഞ്ഞുപോയിരുന്നു...
കുട്ടിക്കാലത്ത്, പെരുന്നാൾ ദിവസത്തെ സന്തോഷത്തിൽ സമ പ്രായക്കാർ ആഹ്ലാദത്തോടെ വീടിന്റെ അടുത്തുള്ള മൈതാനത്ത് ഓടിക്കളിക്കുന്നതും, പുത്തൻ കോടിയുടുത്ത് വിരുന്ന് പോകുന്നതും കാണുമ്പോൾ എന്തിനെന്നറിയാതെ കരച്ചിൽ ചങ്കിൽ കൊളുത്തി വലിച്ചിരുന്നു...
പെരുന്നാൾ പകലുകളിൽ എല്ലാവരും കൂടെയുണ്ടായിട്ടും കൂടുതൽ നേരം ആ സന്തോഷം നിലനിന്നിരുന്നില്ല... നേരം വെളുത്ത് രാത്രിയാകുന്നതുവരെ കട്ടിലിനടുത്ത് കിടക്കുമ്പോൾ എന്നും കാണുന്ന ജനൽപ്പുറ കാഴ്ചക്കപ്പുറം ദിവസം മുഴുവൻ നിറയുന്ന സന്തോഷങ്ങളാണ് ഈ ആഘോഷ നാളുകളിൽ ഉണ്ടായിരുന്നത്...
ഒന്നിച്ചിരുന്ന് ഉണ്ടും മിണ്ടിയും വിരുന്ന് വന്നവരും കാണാൻ വന്നവരും തിരികെ യാത്ര പറഞ്ഞു പോകുമ്പോൾ ‘ഇതുപോലെ ഇനിയെന്ന് ഒത്തുകൂടും’ എന്നോർത്ത് എങ്ങോട്ടും പോകാൻ കഴിയാത്ത, മിണ്ടിപ്പറഞ്ഞിരിക്കാൻ ആരുമില്ലാത്ത രാപ്പകലുകളിലെ ഒറ്റപ്പെടലിൽ, കാരണങ്ങളറിയാത്ത സങ്കടങ്ങളുടെ ഈറൻ നനവ് കണ്ണുകളിൽ പെയ്തിറങ്ങാറുണ്ടായിരുന്നു...
എന്റേതായി മാത്രം കണ്ടിരുന്ന ഒരുപാട് സങ്കടങ്ങളിൽ നിന്നും, എന്നെ പോലെ പരിമിതികളുള്ള ആളുകളെ അടുത്തറിയാനും കേൾക്കാനും തുടങ്ങിയതിന് ശേഷമാണ് പലതും എന്റെ മാത്രം പ്രശ്നങ്ങളല്ല എന്ന് തിരിച്ചറിയുന്നത്. നിരാശ നിറഞ്ഞ നിമിഷങ്ങളിൽ ആളിക്കത്തിയിരുന്ന ഭ്രാന്തൻ ചിന്തകളെ ഊതി അണക്കാനുള്ള വഴി കണ്ടെത്തുക എന്നതായിരുന്നു പിന്നെയുള്ള എന്റെ ശ്രമങ്ങൾ. ആദ്യമൊക്കെ ചെയ്യുന്നതെല്ലാം പാഴ് ശ്രമങ്ങൾ ആയി മടുത്തു. മടുപ്പോടെയാണെങ്കിലും പലതും ആവർത്തിച്ച് ചെയ്ത കാര്യങ്ങളിലൂടെയാണ് പിന്നീട് ജീവിതത്തിന്റെ പുതിയൊരു പാത തെളിഞ്ഞുവന്നത്. ജീവിതം മാറിമറിയുന്നതും.
പല വിധത്തിൽ പരിമിതികളുള്ള ഒരു വിഭാഗം ആളുകൾ എല്ലാ കാര്യങ്ങളിലും മാറ്റിനിർത്തപ്പെട്ട കാലത്തുനിന്നും, പുതിയ കാലത്തിന്റെ ആവേശങ്ങൾ തൊട്ടതും പിടിച്ചതുമെല്ലാം ആഘോഷമാക്കി തിമിർക്കുമ്പോഴും, ഇപ്പോഴും ആരൊക്കെയോ അറിഞ്ഞോ അറിയാതെയോ ആരാലും ശ്രദ്ധിക്കപ്പെടാതെ, അവഗണിക്കപ്പെട്ട് ഒന്നിലും കൂട്ടുകൂടാനാവാതെ മാറിനിൽക്കേണ്ടിവരുന്നുണ്ട്...
എല്ലാവർക്കും എന്ന പോലെ കൂട്ടത്തിൽ പരിമിതികൾ ഉള്ളവരെ കൂടി ഉൾക്കൊള്ളാനാവാത്ത ആഘോഷങ്ങൾ, അവശ്യ സാധനങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്താൻ കഴിയാത്ത കെട്ടിട നിർമാണ രീതികൾ, ഒറ്റക്ക് യാത്ര ചെയ്യാനാവാത്ത ബസ്, ട്രെയിൻ സൗകര്യങ്ങൾ...വീൽചെയർ ഉപയോഗയോഗ്യമല്ലാതെ സഞ്ചാര സ്വാതന്ത്ര്യം വഴിമുടക്കുന്നത്, ആരാധനാലയങ്ങൾ, തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, കടകൾ, ഹോട്ടലുകൾ, വഴിയോര നിരത്തുകൾ... താൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം നമുക്കിടയിൽ തന്നെയുള്ള പലർക്കും അനുഭവിക്കാൻ കഴിയുന്നുണ്ടോ എന്ന് നാം തിരിച്ചറിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
ഒരുപാട് ഇഷ്ടങ്ങൾ ഉള്ളിലൊതുക്കി പെരുന്നാൾ ദിവസമെങ്കിലും സ്വന്തമായി പള്ളിയിലേക്ക് പോകാനോ, ആഘോഷങ്ങളിൽ പങ്കെടുക്കാനോ, മിണ്ടിപ്പറയാനോ സഹായത്തിനോ പോലും കൂട്ടില്ലാതെ, ഒന്നിനും കഴിയാതെ ജീവിതം മടുത്ത് നരക യാതന അനുഭവിക്കുന്ന എത്രയോ ആളുകൾ നമുക്ക് ചുറ്റിനും ഉണ്ടെന്ന് ആർക്കൊക്കെ അറിയാം...? അതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ സാമൂഹികമായും സാംസ്കാരികമായും മതപരമായും കൃത്യമായ ഇടപെടലുകൾ നടക്കുന്നുണ്ടോ...?
ആരാലും തിരിച്ചറിയാതെ, മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാവാതെ, മരിക്കായ്കയാൽ ജീവിക്കുന്ന കുറെ ജന്മങ്ങൾ. തങ്ങൾ മരിക്കുന്നതിനുമുമ്പ് പരിമിതികളോടെ ജനിക്കുന്ന തങ്ങളുടെ മക്കൾ മരിക്കക്കാകയാൽ പ്രാർഥിക്കുന്ന രക്ഷിതാക്കളുണ്ട്... തങ്ങളുടെ കാലം കഴിഞ്ഞാൽ മക്കൾക്ക് പകരം ഇനി മറ്റാര് എന്ന ആശങ്കകളോടെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ സ്വയം ചോദിച്ചും പറഞ്ഞും നിസ്സഹായതകൾ വീർപ്പുമുട്ടി എല്ലാം മറന്നൊന്ന് ഉറങ്ങാൻ പോലും കഴിയാതെ നിശ്ശബ്ദരായി പോയവർ. ആരെയും തങ്ങളുടെ ദയനീയതകൾ അറിയിക്കാതെ, ഇനിയെന്ത് എന്ന് ഒരു ഉത്തരവും കിട്ടാതെ ജീവിതം വഴിമുട്ടുമ്പോഴാണ് മറ്റാർക്കും ബാധ്യതയായി തീരരുത് എന്ന സങ്കടത്തോടെ പരിമിതിയുള്ള മക്കളെയും ഇല്ലാതാക്കി സ്വയം ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
എനിക്ക് കിട്ടിയ സന്തോഷങ്ങളെല്ലാം കൂടെയുള്ളവരിൽ നിന്ന് പകർന്നുകിട്ടിയതാണ്. പ്രതിസന്ധികളെയും സങ്കടങ്ങളെയും അതിജീവിക്കാൻ കഴിഞ്ഞത്, ആത്മ വിശ്വാസം തന്ന് ഏറ്റവും പ്രിയപ്പെട്ടവർ ജീവിതം കൊണ്ട് കൂടെ നിന്നതിനാലാണ്. പരിമിതിയിൽ ഇരുന്ന് കൊണ്ടുതന്നെ, തന്നാലാവുന്നത് ഓരോന്നും ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ജീവിതത്തിൽ മാറ്റങ്ങൾ വന്നത്. ചേർത്തുപിടിക്കുക എന്നത് ഒരു വെറും വാക്ക് മാത്രമല്ല. അതൊരു സമർപ്പണം കൂടിയാണ്. അതിന്റെ ആത്മാർഥത കിട്ടുന്നവരും കൊടുക്കുന്നവരും ഒരുപോലെ പാലിക്കേണ്ടതുമാണ്.
ജീവിതത്തിന് ഒരു എളുപ്പവഴികളുമില്ല. അറിഞ്ഞും അനുഭവിച്ചും തന്നെ പഠിക്കണം. ഇഷ്ടങ്ങളെല്ലാം തൊട്ടരികെ എത്തി നിൽക്കുമ്പോൾ ജീവിതവും പെരുന്നാളുകളും ആസ്വദിക്കാൻ തുടങ്ങുന്നതേയുള്ളൂ എന്ന് ദീർഘനിശ്വാസത്തോടെ സമാശ്വസിക്കുമ്പോൾ, ഈ കാലത്തിന് എത്ര വേഗമാണ് എന്നതാണ് ഇപ്പോൾ നെഞ്ചിടിപ്പ് കൂട്ടുന്നത്.
കാലം ഒന്നിനെയും കാത്തുനിൽക്കില്ല. ഓരോ നിമിഷങ്ങളിലും ഏറെ കണ്ടെത്തലുകളും പുതുമകളും മാറ്റങ്ങളും നിറച്ചുകൊണ്ട് കാലം കുതിക്കുകയാണ്... നമ്മൾ ഇല്ലാതെയും കാലം തിരിയും. എന്നെപ്പോലെ ഉള്ളവർക്ക് കിട്ടാതെ പോയ സൗകര്യങ്ങളൊക്കെയും വരും തലമുറകൾ ഉപയോഗപ്പെടുത്തി കൂടുതൽ മുന്നേറാൻ കഴിയട്ടെ.
എല്ലാവരുടെയും കൂട്ടത്തിൽ എല്ലാവർക്കും ഒരുപോലെ തടസ്സങ്ങളില്ലാതെ ജീവിക്കാൻ കഴിയണം... നേരിൽ കാണുമ്പോൾ പുഞ്ചിരിക്കുന്നത് പുണ്യമാണെന്ന് പഠിച്ചവരാണ് നമ്മൾ. ഹസ്തദാനം ചെയ്ത് പരസ്പരം ശാന്തിയും സമാധാനവും കൈവരാൻ സലാം പറയുന്നതിൽ എത്രത്തോളം ആത്മാർഥത പുലർത്താനാവുന്നുണ്ട് എന്ന് നാം നെഞ്ചിൽ കൈവെച്ച് ഓർക്കേണ്ടതുണ്ട്. ആരെങ്കിലും കൂടെയുണ്ട് എന്ന് അറിയുമ്പോൾ അലിഞ്ഞുപോകുന്നതാണ് പല നോവുകളും.