അനുഗ്രഹങ്ങളിൽ മതിമറക്കുന്നവർ
text_fieldsഅനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അമിതമായി ആഹ്ലാദിക്കുന്നവരുണ്ട്. പ്രയാസം വരുമ്പോൾ അവർ അങ്ങേയറ്റം നിരാശരാവുകയും ചെയ്യും. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അഹങ്കാരികളാവുന്നവരെ കുറിച്ച് അല്ലാഹു പറയുന്നു. മനുഷ്യന് നാം അനുഗ്രഹമേകിയാല്‍ അവന് തിരിഞ്ഞുകളയുന്നു. തനിക്കു തോന്നിയപോലെ തെന്നിമാറിപ്പോകുന്നു. അവന് വല്ല വിപത്തും വന്നാലോ നിരാശനാവുകയും ചെയ്യുന്നു (വിശുദ്ധ ഖുർആൻ 17:82). ചിലർ ദൈവം നൽകിയ അനുഗ്രഹം കൊണ്ട് തന്നെ ദൈവത്തിന് എതിര് പ്രവർത്തിക്കുന്നു.
ദൈവ നിഷേധത്തിനും നന്ദികേടിനുമുള്ള ഉപകരണമാക്കി അതിനെ മാറ്റുന്നു. അല്ലാഹു ചോദിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തിന് പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്റെ താവളത്തിലേക്ക് തള്ളിയിടുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ? (വിശുദ്ധ ഖുർആൻ 14:28). ഒരു നാടിനെ അല്ലാഹു നശിപ്പിക്കാൻ തീരുമാനിച്ചാൽ അവിടത്തെ അഹങ്കാരികളെയും ധൂർത്തമാരെയും താന്തോന്നികളെയും അല്ലാഹു അയച്ചു വിടും. പിന്നെ അവർ തന്നെ മതി ആ നാട് നശിപ്പിക്കാൻ. അല്ലാഹു പറയുന്നത് കാണുക. ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു. അങ്ങനെ, നാമതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നു (വിശുദ്ധ ഖുർആൻ 17:16). ഒരു നാടിന്റെ ഉദാഹരണത്തിലൂടെ അല്ലാഹു ഈ അവസ്ഥ നമുക്ക് പഠിപ്പിച്ചു തരുന്നു.
അല്ലാഹു ഒരു നാടിന്റെ ഉദാഹരണം എടുത്തുകാണിക്കുന്നു. അത് നിര്‍ഭയവും ശാന്തവുമായിരുന്നു. അവിടേക്കാവശ്യമായ ആഹാരം നാനാഭാഗത്തുനിന്നും സമൃദ്ധമായി വന്നുകൊണ്ടിരുന്നു.
എന്നിട്ടും ആ നാട് അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് നന്ദികേടു കാണിച്ചു. അപ്പോള്‍ അല്ലാഹു അതിനെ വിശപ്പിന്റെയും ഭയത്തിന്റെയും ആവരണമണിയിച്ചു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി (വിശുദ്ധ ഖുർആൻ 16:112).