Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightറമദാൻ വിടപറയുമ്പോൾ

റമദാൻ വിടപറയുമ്പോൾ

text_fields
bookmark_border
റമദാൻ വിടപറയുമ്പോൾ
cancel

ആത്മീയോൽക്കർഷത്തിന്റെയും ആത്മവിചാരണയുടെയും മാസമായ റമദാന്റെ ഈ വർഷത്തെ അവസാന നാളുകളിലാണ് നാം. സുദീർഘമായ പകലിൽ ദൈവപ്രീതി മാത്രം ലക്ഷ്യംവെച്ച് പൈദാഹങ്ങൾ അവഗണിച്ച്, ശാരീരിക ആഗ്രഹങ്ങൾ മാറ്റിവെച്ച്, മനസ്സിന്റെ സഞ്ചാരങ്ങളെ, നോട്ടങ്ങളെപ്പോലും നിയന്ത്രിച്ച് നോമ്പെടുത്ത സത്യവിശ്വാസി തന്റെ പാപങ്ങളത്രയും കരിച്ചുകളഞ്ഞിരിക്കുന്നു. നിശയുടെ നിശ്ശബ്ദതയിൽ സ്രഷ്ടാവിന്റെ മുന്നിൽ ആവലാതികളും വേവലാതികളും സമർപ്പിച്ചും ഗതകാല ജീവിതത്തിന്റെ പാപക്കറ കഴുകി വൃത്തിയാക്കിയും നവ ജീവിതത്തിന്റെ പുതുലോകത്തേക്ക് കാലെടുത്തുവെക്കാനൊരുങ്ങുകയാണ് ഓരോരുത്തരും.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ അനുസ്മരിക്കാനും നന്ദി പ്രകാശിപ്പിക്കാനുമുള്ള സന്ദർഭമാണ് ഓരോ റമദാനും. ദൈവിക കൽപന ശിരസ്സാവഹിച്ച് , അവന് സമർപ്പണം നടത്തുന്ന ഒരു മുസ്‍ലിം നോമ്പു വഴി ആർജിച്ചെടുക്കുന്ന ശക്തിയും ആവേശവും ധൈര്യവും സീമാതീതമാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സഹിക്കാനും ത്യജിക്കാനും പഠിപ്പിച്ചിരിക്കുന്നു ഈ മാസം. നിഷിദ്ധ കാര്യങ്ങൾ വെടിയാനും ദൈവേച്ഛ പ്രകാരം മാത്രം ജീവിക്കാനും വിശ്വാസികളെ പ്രാപ്‌തരാക്കിയിരിക്കുന്നു. ജീവിത പരീക്ഷണങ്ങളെ ക്ഷമാപൂർവം നേരിട്ട് വിജയം വരിക്കാൻ അതവർക്ക് കരുത്തേകും.

വ്യക്തിജീവിതത്തിൽ നന്മയും ദൈവഭക്തിയും സൂക്ഷ്‌മതബോധവും വളർത്തുക എന്നതാണ് ഇസ്‍ലാമിലെ ആരാധനകളുടെ അടിസ്ഥാന ലക്ഷ്യം. അതുവഴി വ്യക്തിയും സമൂഹവും രാജ്യവും ലോകവും നന്നായിത്തീരുന്നു. വിശ്വാസികളിൽ കാരുണ്യത്തിന്റെ നീരുറവകളൊഴുകിയ നാളുകളായിരുന്നു ഇത്. ആരാധനകളുടെ പാർശ്വഫലം സഹജീവികൾക്കും ലഭ്യമാകുന്ന സംവിധാനമാണ് സകാത്തും ഹജ്ജിലെ ബലികർമവും റമദാന് സമാപ്തി കുറിക്കെ നൽകുന്ന ഫിത്ർ സകാത്തുമെല്ലാം.

സത്യവിശ്വാസികളെ സംസ്‌കാരസമ്പന്നരും ഉത്തമ സ്വഭാവങ്ങളുടെ ഉടമകളുമാക്കി മാറ്റുകയെന്ന ഉദാത്ത ലക്ഷ്യം വ്രതത്തിന് പിന്നിലുണ്ട്. ഇസ്‍ലാം ആഗ്രഹിക്കുന്ന സംസ്‌കാരവും സ്വഭാവമഹിമയും നോമ്പുകാരിൽ വിളങ്ങിനിൽക്കണം. റമദാൻ അവസാനിച്ചാലും അതു തുടരണം... ജീവശ്വാസം നിലക്കുന്നതുവരെ.

Show Full Article
TAGS:Dharmapatha ramadhan life` 
News Summary - When Ramadan says goodbye
Next Story