ദശരഥന്റെ മുനിഹത്യ
text_fieldsകൈകേയി മൂലം താൻ പുത്രദുഃഖം അനുഭവിക്കേണ്ടി വന്നത് (രാമനെ പിരിയേണ്ടി വന്നത്) കർമഫലം നിമിത്തമാണെന്ന് ദശരഥൻ വിലപിച്ചുകൊണ്ട് കൗസല്യയോട് പറഞ്ഞു (അയോധ്യാ കാണ്ഡം. 63:6-7). ഒരിക്കൽ നായാട്ടിനായി സരയൂ തീരത്തെത്തിയ ദശരഥൻ പുഴയിലേക്ക് വെള്ളം കുടിക്കാനിറങ്ങിയ ആനയോ കാട്ടുപോത്തോ ആണെന്ന് കരുതി അമ്പെയ്തു. എന്നാൽ, അമ്പേറ്റത് ഒരു തപസ്വിക്കും. തപസ്വിയുടെ വിലാപം കേട്ട ദിക്കിലേക്ക് ദശരഥൻ ഓടിച്ചെന്നു. മരണത്തോട് മല്ലടിക്കുന്ന താപസ കുമാരനെയാണ് അവിടെ കണ്ടത്.
വൈശ്യന് ശൂദ്രസ്ത്രീയിലുണ്ടായ പുത്രനായ താനൊരു ത്രൈവർണികനല്ലെന്നും തന്നെ വധിച്ചതിനാൽ രാജാവിന് ബ്രഹ്മഹത്യാപാപം ഉണ്ടാകില്ലെന്നും തപസ്വി ദശരഥനോട് വെളിപ്പെടുത്തി (അയോധ്യാകാണ്ഡം. 63:50,51). തപസ്വിയുടെ നിർദേശപ്രകാരം ദശരഥൻ പുത്രൻ വധിക്കപ്പെട്ട വാർത്ത വാനപ്രസ്ഥികളായ വൈശ്യ-ശൂദ്ര താപസികളെ അറിയിച്ചു. ആ വാനപ്രസ്ഥികൾ ദശരഥനെ ‘പുത്രദുഃഖം മൂലം മരിക്കാനിടയാകട്ടെ’ എന്ന് ശപിച്ചു. ത്രൈവർണികരെ (ദ്വിജാതികൾ) വധിച്ചാൽ ബ്രഹ്മഹത്യാ പാപം ലഭിക്കും എന്ന വിശ്വാസം അക്കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന ശ്രേണീ വ്യവസ്ഥയെയാണ് ചൂണ്ടിക്കാട്ടുന്നത്.