കൗസല്യാ വിലാപം
text_fieldsരാമൻ കാട്ടിലേക്ക് പോയപ്പോൾ ആർത്തയായി വിലപിച്ചു കൊണ്ട് കൗസല്യ ദശരഥനോട് ഇപ്രകാരം പറയാൻ തുടങ്ങി: ‘‘നല്ല ഭക്ഷണം കഴിച്ച് ശീലിച്ച സീത കാട്ടിലെ വരിനെല്ലുണ്ട് ജീവിക്കുന്നതെങ്ങനെ ?’’. രാമൻ കാട്ടിൽ നിന്നെത്തിയാലും രാജ്യം സ്വീകരിക്കുകയില്ലെന്നും കൗസല്യ പറയുന്നുണ്ട്. അതിലേക്ക് ചില ദൃഷ്ടാന്തങ്ങൾ അവർ അവതരിപ്പിക്കുന്നു. ഗുണവാന്മാരും പണ്ഡിതന്മാരുമായ ദ്വിജാതികളിൽ പിറന്നവർ പിൻപന്തിയിൽ വിളമ്പുന്നത് അമൃതായാലും സ്വീകരിക്കുകയില്ലെന്ന് കൗസല്യ വ്യക്തമാക്കുന്നു (അയോധ്യാകാണ്ഡം. 61:13). ആദ്യം ശ്രാദ്ധമുണ്ടവർ ബ്രാഹ്മണരായാൽപോലും ദ്വിജോത്തമന്മാർ പിന്നീട് വിളമ്പുന്ന പന്തിയിൽ ഇരിക്കുകയില്ലെന്നും മേഞ്ഞുകഴിഞ്ഞ ശേഷമുള്ള കുറ്റിപ്പുല്ലിനെ ഋഷഭങ്ങൾ വർജിക്കുന്നപോലെ ദ്വിജോത്തമന്മാർ പിൻപന്തി വർജിക്കുന്നുവെന്നും തുടർന്ന് പ്രസ്താവിക്കുന്നു (അയോധ്യാ കാണ്ഡം. 61:14).
സാരം ഇല്ലാത്ത സുര പോലെയും സോമം ഇല്ലാത്ത യജ്ഞം പോലെയും ഈ രാജ്യം രാമൻ സ്വീകരിക്കുകയില്ലെന്ന് കൗസല്യ അറിയിക്കുന്നു (അയോധ്യാകാണ്ഡം. 61:18). ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നിവരടങ്ങുന്ന ദ്വിജാതികൾക്ക് സമൂഹത്തിലുണ്ടായിരുന്ന ആധിപത്യമാണ് ഈ വാക്കുകളിൽ വെളിവാകുന്നത്.