Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightപ്രകൃതികാവ്യം

പ്രകൃതികാവ്യം

text_fields
bookmark_border
പ്രകൃതികാവ്യം
cancel

മാനവരാശിയും ഈ വിശ്വപ്രകൃതിയും ഉൾപ്പെടുന്ന വലിയൊരു ആവാസവ്യവസ്ഥയുടെ ഇതിഹാസം കൂടിയാണ് രാമായണം. സരമ എന്ന പട്ടിയും വർത്തിക എന്ന കുരുവിയും തവളയും കുറുക്കനുമെല്ലാം സജീവമാകുന്ന വൈദികസാഹിത്യം നമുക്ക് സുപരിചിതമാണ്. മനുഷ്യനും ചരാചരപ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ആഖ്യാനസമ്പ്രദായമാണിത്.

അതുപോലെ രാമാദികൾ അധികാരം ഉപേക്ഷിച്ച് വനവാസത്തിന് ഇറങ്ങിയതുപോലും ഒരർഥത്തിൽ ഈ പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള തിരിച്ചുപോക്കാണ്. ക്രൗഞ്ചപ്പക്ഷികളിലൊന്നിന്റെ പതനം പ്രകൃതിയ്ക്കേറ്റ മുറിവായി കാണുന്ന ആദികവി ഓരോ തരുവിലും തണലിലും തനിക്ക് കാണാൻ കഴിഞ്ഞ രാമനെയാണ് അവതരിപ്പിക്കുന്നത്. പക്ഷിമൃഗാദികളും വൃക്ഷലതാദികളും നദീതടങ്ങളും നീർച്ചോലകളും പുളിനങ്ങളും അലയാഴിയുമെല്ലാം വിവിധ കഥാസന്ദർഭങ്ങളിൽ കടന്നുവരുന്നതും ചേർന്നുപോകുന്നതും അതുകൊണ്ടാണ്.

പഞ്ചവടിയിലെ പർണാശ്രമത്തിൽനിന്ന് സീതയെ തട്ടിക്കൊണ്ടുപോകുമ്പോൾ രാവണന് ആദ്യം എതിരിടേണ്ടി വന്നത് പക്ഷീന്ദ്രനായ ജടായുവിനെയാണ്. 'യാഗം നടത്തുന്നതിനുള്ള ദ്രവ്യം പട്ടികൊണ്ടുപോകുന്നതുപോലെ എെന്റ സ്വാമിയുടെ പത്നിയെ എേങ്ങാട്ടാണ് മൂഢാത്മാവേ കൊണ്ടുപോകുന്നത്' എന്ന് ചോദിച്ച് ആ പക്ഷീന്ദ്രൻ കൊക്കും നഖവും ചിറകുകളുംകൊണ്ട് രാവണനെ കടന്നാക്രമിക്കുന്നു.

അപ്രതീക്ഷിതമായ ആക്രമണം രാവണനെ പിടിച്ചുലച്ചെങ്കിലും ഒടുവിൽ തന്റെ വാളുകൊണ്ട് ജടായുവിനെ വെട്ടി വീഴ്ത്തുകയാണുണ്ടായത്. പിന്നീട് സീതയെ അന്വേഷിച്ചിറങ്ങിയ രാമലക്ഷ്മണന്മാർ പക്ഷികളോടും മൃഗങ്ങളോടും വൃക്ഷലതാദികളോടും സീതയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. രാമലക്ഷ്മണന്മാരുടെ അടങ്ങാത്ത നെടുവീർപ്പും നൊമ്പരവും വിലാപവും ഈ പ്രകൃതി തന്നെ ഏറ്റുവാങ്ങുന്നതായി ആരണ്യകാണ്ഡത്തിലൂടെ കടന്നുപോകുമ്പോൾ നമുക്ക് അനുഭവപ്പെടും.

സീതയെ ദക്ഷിണദിക്കിലേക്കുകൊണ്ടുപോയെന്ന വിവരം രാമലക്ഷ്മണന്മാരെ അറിയിച്ചാണ് ജടായു അന്ത്യശ്വാസം വലിക്കുന്നത്. പിന്നീട് കിഷ്ക്കിന്ധയിലെത്തി സഖ്യം ചെയ്യുന്നത് വാനരരാജാവായ സുഗ്രീവനുമായിട്ടാണ്. ഭക്തോത്തമനായ ഹനുമാനെ കാണുന്നതും അവിടെവെച്ചുതന്നെ. സീതാന്വേഷണത്തിനിറങ്ങിയ വാനരസൈന്യത്തിന് സീതയെക്കുറിച്ച് പറഞ്ഞുകൊടുത്തതുകൊണ്ട് പൂർണാരോഗ്യം നേടിയ സമ്പാതി ജടായുവിന്റെ സഹോദരനാണ്. പ്രസ്തുത മാർഗനിർദേശമനുസരിച്ച് ചിറകെട്ടി ലങ്കയിൽ കടന്ന് യുദ്ധം നടത്തി സീതയെ തിരിച്ചുകൊണ്ടുവന്നതിലും വലിയ പങ്കുവഹിച്ചത് വാനരസേനയാണ്.

സകലതിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യം ഏകവും രണ്ടാമതൊന്നില്ലാത്തതും ആയതുകൊണ്ട് എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഒന്നും മറ്റൊന്നിനുവേണ്ടി ഒരുകാലത്തും ഒരിടത്തേക്കും മാറ്റിനിർത്തപ്പെടേണ്ടതല്ല എന്ന ഉത്തമബോധ്യം കവികൂടിയായ ഋഷിക്കുണ്ട്. അതിന്റെ കാവ്യാത്മകവും പ്രായോഗികവുമായ ആവിഷ്ക്കാരമാണ് രാമകഥ. പ്രകൃതിയുമായി ഇഴുകിച്ചേർന്ന് ജീവിതാനുഭവങ്ങളും ആവശ്യങ്ങളും അന്യോന്യം പങ്കുവെച്ച് സാന്ത്വനവും കരുതലും കാരുണ്യവും ആശ്രയസ്ഥാനങ്ങളുമാകേണ്ട, സർവജീവജാലങ്ങളുടെയും ഹിതത്തിന് ജാഗ്രതയോടെ നിലകൊള്ളേണ്ട നമ്മുടെ ധാർമികബാധ്യതയെയാണ് അത് നിരന്തരം ഓർമപ്പെടുത്തുന്നത്.

Show Full Article
TAGS:Ramayana karkidakam Karkidakam 2023 
News Summary - ramayana masam
Next Story