തിരികെ ഭരദ്വാജ ആശ്രമത്തിൽ
text_fieldsസീതയെ വീണ്ടെടുത്ത് രാമാദികൾ പതിനാല് വർഷം പൂർണമായ പഞ്ചമീ തിഥിയിൽ ഭരദ്വാജ മഹർഷിയുടെ ആശ്രമത്തിലെത്തി. ഭരദ്വാജനെ വന്ദിച്ചശേഷം അയോധ്യയിലെ വിവരങ്ങളും ഭരതന്റെ വിശേഷങ്ങളും രാമൻ അന്വേഷിച്ചു. ഭരതൻ ജട ധരിച്ച് പാദുകങ്ങൾ പൂജിച്ച് രാമനെ പ്രതീക്ഷിച്ച് കഴിയുകയാണെന്ന് ഭരദ്വാജൻ രാമനെ അറിയിച്ചു. സമൃദ്ധിയോടെ ബന്ധുമിത്രാദികളോടൊപ്പം വിജയിച്ചവനായി രാമനെ ദർശിച്ചതിൽ താൻ പ്രീതനായി എന്നും ഭരദ്വാജൻ പ്രതിവചിച്ചു. വിപുലമായ ജനസ്ഥാനത്ത് രാമൻ എത്തിയത് ബ്രാഹ്മണ കാര്യം നിർവഹിക്കാനാണെന്ന കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നും ഭരദ്വാജൻ രാമനോട് പറയുന്നുണ്ട് (യുദ്ധകാണ്ഡം. 124:10). സീത അപഹരിക്കപ്പെട്ടതു മുതലുള്ള എല്ലാ വിവരങ്ങളും താൻ അറിഞ്ഞതായും ഭരദ്വാജ മഹർഷി വ്യക്തമാക്കുന്നു.