ശൂദ്ര താപസ വധം
text_fieldsരാമന്റെ രാജ്യഭരണം നടന്നുകൊണ്ടിരിക്കെ ഒരിക്കൽ ഒരു വൃദ്ധബ്രാഹ്മണൻ മരിച്ച പുത്രന്റെ ശരീരവുമായി അയോധ്യ നഗരിയുടെ രാജദ്വാരത്തിലെത്തി. രാമൻ ചെയ്ത ദുഷ്കൃതം നിമിത്തമാണ് തന്റെ മകൻ മരിക്കാനിടയായതെന്ന് വയോധികൻ വിലപിച്ചു (ഉത്തര കാണ്ഡം. 73:10). ഇതുകേട്ട രാമൻ വസിഷ്ഠാദികളെ വിളിച്ചുവരുത്തി മരണകാരണം ആരാഞ്ഞു. രാമന്റെ രാജ്യാതിർത്തിയിൽ ശൂദ്രൻ തപസ്സ് ചെയ്യുന്നത് നിമിത്തമാണ് ബ്രാഹ്മണ ബാലൻ മരിക്കാനിടയായതെന്ന് വസിഷ്ഠാദി ബ്രാഹ്മണർ രാമനെ ബോധിപ്പിച്ചു (ഉത്തര കാണ്ഡം. 73:26-29). രാമൻ ശൂദ്ര താപസനെ തേടി ഹിമവൽ പർവതപ്രദേശത്തേക്ക് പുറപ്പെട്ടു. അവിടെ സരസിന്റെ തീരത്ത് വൃക്ഷത്തിൽ അധോമുഖനായി കിടന്ന് തപസ്സ്് ചെയ്യുന്ന ഒരു മുനിയെ കണ്ടു. രാമൻ ആ മുനിയോട് ഏതു വർണത്തിൽ പിറന്നവനാണ് അദ്ദേഹമെന്ന് ചോദിച്ചു (ഉത്തര കാണ്ഡം. 75:18). ചോദ്യം കേട്ട മുനി താൻ ശൂദ്ര യോനിയിൽ പിറന്നവനാണെന്നും പേര് ശംബൂകൻ എന്നാണെന്നും പറഞ്ഞു (ഉത്തര കാണ്ഡം. 76:2-3). ഉടൻ തന്നെ രാമൻ ശംബൂകന്റെ ശിരസ്സ് വാളിനാൽ ഛേദിച്ചു. ഇന്ദ്രനും അഗ്നിയും ഈ കർമത്തിന് രാമനെ പ്രശംസിച്ചു. ശംബൂകൻ വധിക്കപ്പെട്ട മാത്രയിൽ ബ്രാഹ്മണ ബാലന് ജീവൻവെച്ചു.
‘രാമാദികളുടെ കാലത്ത് ശൂദ്രാദികൾക്ക് സന്യസിപ്പാൻ പാടില്ലെന്നല്ലേ വിധി’ എന്നും ‘നമുക്ക് സന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ്’ എന്നുമുള്ള നാരായണ ഗുരു സ്വാമികളുടെ വാക്കുകൾ ശംബൂകവധത്തോടുള്ള ചരിത്രപരമായ വിമർശനമാണ്.