വൃത്രൻ
text_fieldsദേവാസുരന്മാർ ഒന്നിച്ച് സ്നേഹത്തിൽ കഴിഞ്ഞിരുന്ന കാലത്ത് ലോകസമ്മതനായ വൃത്രൻ എന്ന് പേരായ ഒരു ദൈത്യൻ ഉണ്ടായിരുന്നെന്ന് ആദികാവ്യം പറയുന്നു. ദേവന്മാരുടെയും ദൈത്യന്മാരുടെയും പിതാക്കൾ ഒന്നാണെന്ന് വാല്മീകി രാമായണം സൂചിപ്പിക്കുന്നുമുണ്ട്. ഈ പരാമർശം ദൈത്യന്മാരും ദേവന്മാരുമായി പിൽക്കാലത്ത് വേർതിരിഞ്ഞവർ ആദ്യകാലത്ത് ഒരു പൊതു പാരമ്പര്യം പങ്കിട്ടവരാണെന്ന സൂചനയാണ് നൽകുന്നത്. വൃത്രൻ മൂന്നു ലോകങ്ങളെയും സ്നേഹത്താൽ ഭരിച്ചെന്ന് വാല്മീകി രാമായണം പ്രസ്താവിക്കുന്നു (ഉത്തര കാണ്ഡം. 84:5). ആ ഭരണകാലത്ത് ഭൂമി സർവകാമങ്ങളെയും ചുരത്തി നൽകി. ഫലമൂലാദികളും പുഷ്പങ്ങളുമെല്ലാം രസവത്തായി ഭവിച്ചു. ഭൂമിയിൽനിന്ന് നല്ല വിളവു ലഭിച്ചു. അദ്ഭുതകരമായ രീതിയിൽ വൃത്രൻ രാജ്യം ഭരിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ വൃത്രൻ ഉഗ്രമായ തപസ്സാരംഭിച്ചു. തപസ്സുകൊണ്ട് വൃത്രൻ സകല ലോകങ്ങളും കീഴടക്കിയത് കണ്ട് ഇന്ദ്രൻ മഹാവിഷ്ണുവിനെ സമീപിച്ച് വൃത്രവധത്തിന് ഉപായം തേടി. നേരിട്ട് വൃത്രനെ വധിക്കാൻ നിവർത്തിയില്ലെന്ന് വിഷ്ണു അറിയിച്ചു. തുടർന്ന് തപസ്സ് ചെയ്യുന്ന വൃത്രനെ ഇന്ദ്രൻ വജ്രം കൊണ്ട് മൂർധാവിലിടിച്ചു വധിച്ചു. അസുരനായ വൃത്രൻ പ്രത്യേകിച്ചൊരു ദ്രോഹവും ദേവന്മാരോട് ചെയ്തിട്ടില്ലെന്ന് വൃത്ര വധ ചരിതം തെളിയിക്കുന്നു. സർവോപരി വൃത്രൻ ഏറെ സ്നേഹത്തോടെയാണ് രാജ്യം ഭരിച്ചതെന്നും രാമായണം വിവരിക്കുന്നു. മഹാബലിയെ നിഷ്കാസിതനാക്കിയത് പോലെ എല്ലാവർക്കും പ്രിയങ്കരനായ, സുസമ്മതനായ, നന്നായി രാജ്യം ഭരിച്ച വൃത്രനെ അദ്ദേഹത്തിന്റെ തപസ്സ് സർവലോകങ്ങളെയും കീഴടക്കുമെന്ന് ഭയന്ന് ഉന്മൂലനം ചെയ്യുകയാണുണ്ടായത്.