മായാസീത
text_fieldsഅധ്യാത്മ രാമായണത്തിൽ മായാസീത എന്നൊരു കല്പന അവതരിപ്പിക്കപ്പെടുന്നുണ്ട്. യഥാർഥ സീതയെയല്ല, മായാസീതയെയാണ് രാവണൻ അപഹരിച്ചതെന്നും യഥാർഥ സീത രാവണസ്പർശം ഏറ്റിട്ടില്ലെന്നുമാണ് മായാസീത എന്ന സങ്കല്പം പറഞ്ഞുവെക്കുന്നത്. ഇത്തരമൊരു ആഖ്യാനം വാല്മീകി രാമായണം പങ്കുവെക്കുന്നില്ല.
രാവണൻ സീതയെ അപഹരിച്ച ചിത്രം വാല്മീകി കൃത്യമായി വരച്ചിടുന്നുണ്ട്. കഠിന വാക്കുകൾ പറഞ്ഞുകൊണ്ട് സീതയെ രാവണൻ തന്റെ ഒക്കത്ത് എടുത്ത് രഥത്തിൽ കയറ്റി എന്ന് വാല്മീകി വർണിക്കുന്നു (തതസ്താം പരുഷൈർ വാക്യൈരതിതർജ്യ മഹാസ്വന: /അങ്കേനാദായ വൈദേഹീം രഥമാരോപത് യദാ//ആരണ്യകാണ്ഡം, 49:20).
സീതയെ കുറിച്ചുള്ള സങ്കൽപത്തിലെ മാറ്റമാണ് പിൽക്കാലത്ത് അധ്യാത്മ രാമായണത്തിൽ ദർശിക്കുന്നത്. ഭക്തിപാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട അധ്യാത്മ രാമായണത്തിൽ സീത ഒരു ദേവതയായി പരിണമിക്കുന്നു. എന്നാൽ വാല്മീകിയാവട്ടെ, സീതയെ അസാധാരണമായ കല്പനകളില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്നു. സീതയുടെ മായാസീതയായുള്ള ഈ രൂപാന്തരം ഭക്തിപ്രസ്ഥാന സ്വാധീനത്തിന്‍റെ കൂടി അനന്തരഫലമാണ്.