ഭരതന്റെ സഹോദര സ്നേഹം
text_fieldsരാമായണത്തിലെ ഉജ്ജ്വല കഥാപാത്രമായ ഭരതൻ ദശരഥന്റെ രണ്ടാം ഭാര്യയായ കൈകേയിയുടെ മകനാണ്. ദശരഥൻ ശ്രീരാമനെ രാജാവാക്കാൻ തീരുമാനിച്ച വേളയിൽ തന്റെ മകൻ ഭരതനെ രാജാവാക്കുന്നതിനും ശ്രീരാമനെ വനവാസത്തിനയക്കാനും കൈകേയി ആവശ്യപ്പെട്ടു.
ഇതേ സമയം ഭരതനും ശത്രുഘ്നനും അമ്മാവനായ യുധാജിത്തിനോടൊത്ത് കേകയത്തിൽ വസിക്കുകയായിരുന്നു. ശ്രീരാമൻ വനവാസത്തിന് പോയപ്പോൾ ദശരഥൻ പുത്രശോകത്താൽ ഹൃദയം പൊട്ടി മരിച്ചു. അയോധ്യയിൽ നടന്ന സംഭവവികാസങ്ങളറിഞ്ഞ് സമനില നഷ്ടപ്പെട്ട ഭരതൻ ഉറയിൽനിന്നൂരിയ വാൾകൊണ്ട് സ്വയംഹത്യക്ക് ശ്രമിച്ചപ്പോൾ ശത്രുഘ്നൻ ചാടിവീണ് തടഞ്ഞു. സ്വന്തം പിതാവിനെ മരണത്തിന് കാരണമാക്കിയ അമ്മയുടെ ക്രൂരമായ കടുംപിടിത്തത്തെ അദ്ദേഹം അതിശക്തമായി അപലപിക്കുന്നുണ്ട്.
പിന്നീട് സ്വബോധം വീണ്ടെടുത്ത് കൈകേയിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സന്ന്യാസവേഷത്തിൽ ശ്രീരാമനോടൊപ്പം കാട്ടിൽ കഴിയുന്നതിനാണ് ഭരതൻ തീരുമാനിച്ചത്. അദ്ദേഹം ചിത്രകൂടത്തിലെത്തി രാമനെ കാണുകയും അയോധ്യയിലേക്ക് മടങ്ങിവന്ന് രാജാധികാരമേൽക്കുന്നതിന് അപേക്ഷിക്കുകയും ചെയ്തു. പതിനാലുവർഷം കഴിയാതെ താൻ അയോധ്യയിലേക്ക് തിരിച്ചുവരില്ലെന്നും അതുവരെ ഭരതൻ തന്നെ നാട് ഭരിക്കണമെന്നും ശ്രീരാമൻ ശഠിച്ചു.
പതിനാല് വർഷം കഴിഞ്ഞ് തിരിച്ചുവരാൻ ഒരുദിവസംപോലും വൈകിയാൽ താൻ അഗ്നിപ്രവേശം ചെയ്യുമെന്ന പ്രതിജ്ഞയോടെ ശ്രീരാമന്റെ മെതിയടികൾ ഏറ്റുവാങ്ങിയാണ് ആ ഹൃദയാലു മടങ്ങിയത്. ശ്രീരാമൻ ഇല്ലാത്തതിനാൽ ശൂന്യവും കൈകേയി വസിക്കുന്നതുകൊണ്ട് നിന്ദ്യവുമായ അയോധ്യ ഉപേക്ഷിച്ച് സമീപത്തുള്ള നന്ദിഗ്രാമത്തിൽ പാദുകങ്ങൾ രണ്ടും പ്രതിഷ്ഠിച്ച് കാഷായവേഷമണിഞ്ഞ് അവിടെനിന്ന് രാജ്യഭരണം നടത്തുകയാണ് ഭരതൻ ചെയ്തത്.
ജ്യേഷ്ഠനോടുള്ള കറകളഞ്ഞ സ്നേഹാദരങ്ങളും ഭക്തിവിശ്വാസങ്ങളും ആത്മാർപ്പണവുമാണ് വെച്ചുനീട്ടിയ അധികാരത്തെ നിറഞ്ഞ മനസ്സോടെ കൈയൊഴിയുന്നതിനുള്ള ധീരതയും പ്രാപ്തിയുമെല്ലാം ഭരതനേകിയത്. അദ്ദേഹത്തിന്റെ ഉറച്ച ബോധ്യങ്ങളെ സ്വാധീനിക്കാനോ, പിന്തിരിപ്പിക്കാനോ അമ്മയായ കൈകേയിക്കുപോലും കഴിഞ്ഞില്ല. ശ്രീരാമൻ സ്വജീവിതംകൊണ്ട് സാക്ഷാത്കരിച്ച സമുന്നത മൂല്യങ്ങൾക്ക് സാക്ഷ്യവും പശ്ചാത്തലശോഭയുമൊരുക്കുന്നുണ്ട് അദ്ദേഹത്തിന്റെ സഹോദരന്മാർ ഉൾപ്പെടെയുള്ള രാമായണ കഥാപാത്രങ്ങൾ.