അഹല്യാമോക്ഷം
text_fieldsരാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളിൽ ചെറിയൊരിടം മാത്രമേ അഹല്യക്കുള്ളൂ എങ്കിലും, മനുഷ്യവ്യവഹാരങ്ങളിലെ ധാർമികതയെയും നൈതികതയെയും മാനവിക മൂല്യങ്ങളെയും അത് അടയാളപ്പെടുത്തുന്നുണ്ട്. കൊടിയ അപരാധം ചെയ്താലും അതിൽ മനംനൊന്ത് പശ്ചാത്തപിച്ചാൽ അതാണ് പ്രായശ്ചിത്തമെന്ന് ഈ കഥ തെളിയിക്കുന്നു.
താടകാനിഗ്രഹ ശേഷം ജനകരാജധാനിയിലേക്ക് പോകുംവഴി ഗൗതമ മഹർഷിയുടെയും ഭാര്യയായ അഹല്യയുടെയും വാസസ്ഥലം രാമലക്ഷ്മണന്മാർക്ക് കാണിച്ചുകൊടുത്ത വിശ്വാമിത്രൻ ആളൊഴിഞ്ഞു കിടക്കുന്ന സുന്ദരമായ ആ പ്രദേശത്തിന്റെ ചരിത്രവും വിവരിച്ചു. ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ട കലവറയില്ലാത്ത സൗന്ദര്യത്തിന്റെ പ്രതിരൂപമായിരുന്നു അഹല്യ. ഗൗതമമുനിയെ ഭർത്താവായി സ്വീകരിച്ച് അവർ ഋഷിപത്നിയായി ജീവിക്കുന്ന കാലം.
ദേവരാജാവായ ഇന്ദ്രന് അഹല്യയുടെ സൗന്ദര്യംകണ്ട് മോഹമുണ്ടായി. മഹർഷി ഇല്ലാത്ത നേരംനോക്കി ഗൗതമമുനിയുടെ വേഷത്തിൽ ഇന്ദ്രൻ അവരെ പ്രാപിക്കാനെത്തി. തീർഥസ്നാനം കഴിഞ്ഞ് തിരിച്ചെത്തിയ മഹർഷി ഇന്ദ്രന്റെ ലൈംഗികശേഷി ശപിച്ച് ഇല്ലാതാക്കി. അനേകായിരം വർഷങ്ങൾ ചാരത്തിൽ കിടക്കുന്നവളായി, മറ്റാർക്കും കാണാനാകാതെ ഘോരവനത്തിൽ ഏകാകിയായി കഴിയാൻ ഇടവരട്ടെ എന്ന് അഹല്യയെയും ശപിച്ച് ശിലയാക്കിയെന്നാണ് അധ്യാത്മരാമായണത്തിലുള്ളത്. ഒടുവിൽ ശ്രീരാമ പാദസ്പർശമേറ്റ് അവർക്ക് പൂർവരൂപം കൈവന്നു.
പൗരാണികമായ വിശ്വാസപ്രമാണങ്ങളിൽപ്പെട്ടതാണ് ശാപവും അതിൽനിന്നുള്ള വിമോചനവും. വ്യക്തികളുടെ പാകപ്പിഴകളും കുറവുകളും പരിഹരിക്കുന്നതിനുള്ള സംസ്കരണപ്രക്രിയയുടെ തലം കൂടി അതിലുണ്ട്. പുരുഷാർഥങ്ങളിൽപ്പെടുന്ന അർഥകാമങ്ങൾ ധർമാനുസൃതമായിരിക്കണം എന്നാണ് ഭാരതീയമതം. അയൽക്കാരന്റെ (മറ്റൊരാളുടെ) ഭാര്യയെ ആഗ്രഹിക്കരുത് എന്ന പത്തുകൽപനകളിൽപ്പെടുന്ന നിർദേശത്തെയും ഇവിടെ സ്മരിക്കാം. ഇങ്ങനെ നിരന്തരമായ സാധനകളിലൂടെയും ഉപാസനകളിലൂടെയും അനേക കാലം സംസ്കരണപ്രക്രിയക്ക് വിധേയമായതുകൊണ്ടാണ് പഞ്ചകന്യകമാരിൽ ഒരാളായി അഹല്യയെ മാനിക്കുന്നത്.