ഗുഹനുമായുള്ള കൂടിക്കാഴ്ച
text_fieldsസൗഹൃദത്തിന്റെയും സ്നേഹാദരങ്ങളുടെയും പ്രതീകമായ ഗുഹൻ എന്ന വനവാസി രാജാവിന്റെ കഥ രാമായണത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗങ്ങളിലൊന്നാണ്. ഗംഗാ തീരത്തുള്ള ശൃംഗിവേരപുരത്തെ നിഷാദ രാജാവ് ആയിരുന്നു ഗുഹൻ. വനവാസത്തിന് പോകവെ നദിയുടെ തീരത്ത് വിശ്രമിച്ച രാമ- സീത- ലക്ഷ്മണൻമാരെ താനും തന്റെ സൈന്യവും സംരക്ഷിക്കുമെന്ന ഉറപ്പുനൽകി വലിയ ഉത്സാഹത്തോടെ ഗുഹൻ രാജോചിതമായി സ്വീകരിക്കുന്നു.
രാജാധികാരം ഉപേക്ഷിച്ച് വനവാസത്തിലേക്ക് തിരിഞ്ഞ രാമന്റെ ധർമനിഷ്ഠയിൽ ആകൃഷ് ടനായ അദ്ദേഹം അയോധ്യയെപ്പോലെ തന്റെ രാജ്യത്തെയും കാണണമെന്ന് ഉണർത്തിച്ചു. ശ്രീരാമനെ യഥാവിധി പൂജിച്ച് ഫലമൂലാദികളും സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങളും കാഴ്ചവെച്ചു. വിശ്രമിക്കാൻ പൂമെത്തയൊരുക്കി. വനവാസവ്രതം പാലിക്കുന്നതിനായി അതെല്ലാം സ്നേഹപൂർവം നിരസിച്ച് വെള്ളം മാത്രം കുടിച്ച് ശ്രീരാമൻ മരച്ചുവട്ടിൽ വിശ്രമിക്കുന്നതും സീതയും ലക്ഷ്മണനും വൃക്ഷത്തടിയിൽ മണ്ണിൽ കിടക്കുന്നതും കണ്ട് ഗുഹന്റെ മനസ്സ് വിങ്ങിപ്പോകുന്നു.
അടുത്തദിവസം രാമലക്ഷ്മണന്മാരെയും സീതയെയും തോണിയിൽ കയറ്റി ഗുഹൻ തന്നെ തുഴഞ്ഞ് മറുകരയെത്തിച്ചു. ശ്രീരാമനെ അന്വേഷിച്ചു വന്ന ഭരതന് മാർഗദർശനമേകുന്നതും സൈന്യങ്ങളെ അയച്ചുകൊടുക്കുന്നതും ഗുഹനാണ്. ഭകതിയും സ്നേഹവും ധർമനിഷ്ഠയോട് ആത്മബന്ധവുമുള്ള ഉത്തമസുഹൃത്താണ് ഗുഹനെന്ന് സാക്ഷ്യപ്പെടുത്തുന്ന ശ്രീരാമൻ തങ്ങളുടെ ഗാഢ സൗഹൃദത്തെക്കുറിച്ച് ഭരതനെ അറിയിക്കുന്നുണ്ട്. നിഷാദവംശത്തിൽ പിറന്ന ഗുഹനെ വർണാശ്രമ ധർമത്തിന്റെ എല്ലാ മാനദണ്ഡങ്ങളെയും അപ്രസക്തമാക്കിയാണ് ശ്രീരാമൻ ഉൾക്കൊണ്ടത്.