രാമായണ പാരായണം നടത്താൻ കവി ശങ്കുണ്ണി മാഷില്ല
text_fieldsശങ്കുണ്ണി മാഷ്
എടപ്പാൾ: ഇന്ന് കർക്കടം ഒന്ന്. ഈ കർക്കിടക്കത്തിന് രാമായണ പാരായണം നടത്താൻ കവി ശങ്കുണ്ണി മാഷില്ല. കവിയും ഭക്തി പ്രഭാഷകനുമായ വട്ടംകുളം ശങ്കുണ്ണി മാഷിന്റെ നിര്യാണം കാവ്യലോകത്തിന്റെ നഷ്ടമായി. രാമായണത്തിന്റെ അഞ്ചു വ്യത്യസ്ത ശൈലിയിലുള്ള രചനകൾ നടത്തിയാണ് കൂടുതൽ ശ്രദ്ധയനാക്കുന്നത്. ആ കവി കർക്കടകം പിറക്കാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് വിട വാങ്ങിയത്.
മഹാകവി അക്കിത്തത്തിനും കവി കുഞ്ഞുണ്ണി മാഷിനും പ്രിയപ്പെട്ടവനായിരുന്നു വട്ടംകുളം ശങ്കുണ്ണി മാഷ്. കാല്‍നൂറ്റാണ്ടിലേറെയായി കര്‍ക്കടക മാസത്തിൽ കാടാമ്പുഴ ഭഗവതിക്ഷേത്രം, കുളങ്കര ശ്രീഭഗവതി ക്ഷേത്രം, ഉദിയന്നൂര്‍ അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളില്‍ അദ്ദേഹം രാമായണ പാരായണവും ഭക്തിപ്രഭാഷണങ്ങളും നടത്തുന്നത് പതിവാണ്.
സാധാരണക്കാരന് വായിച്ചാല്‍ എളുപ്പം മനസ്സിലാകുന്ന തരത്തില്‍ വളരെ ലളിതവും കഥാംശം തീരെ വിട്ടുപോകാത്തതുമായ രാമായണത്തിന്റെ അഞ്ചു വ്യത്യസ്ത ശൈലിയിലുള്ള രചനകള്‍ നടത്തിയിട്ടുണ്ട്. രാമായണയാത്ര, രാമായണമുത്തുകള്‍, ആറിന് വഴി, ഒരു പോക്കറ്റു രാമായണം, കേരള ഫോക്്ലോര് അക്കാദമി പ്രസിദ്ധീകരിച്ച നാടോടിരാമായണം, രാമായണ കഥകള്‍ എന്നിവ ശങ്കുണ്ണി മാഷിന്റെ പുസ്തകങ്ങളായുണ്ട്.
കൂടാതെ മഹാകവി അക്കിത്തത്തിന്റെ പ്രേരണയാലും പ്രമുഖ എഴുത്തുകാരനായ സി. രാധാകൃഷ്ണന്റെ വിശിഷ്ടമായ അവതാരികയിലും പുറത്തിറങ്ങിയ ഗീതാപരിഭാഷയായ സാധാരണക്കാരന്റെ ഭഗവദ് ഗീത എന്ന പുസ്തകം വളരെയധികം പ്രചാരം നേടിയെടുത്തിട്ടുണ്ട്.
മഹാകവി അക്കിത്തം, എസ്. രമേശന് നായര്‍, പി.എം. പള്ളിപ്പാട്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, സി. രാധാകൃഷ്ണന്, ആര്. സഞ്ജയന്, ഡോ.എന്‍.ആര്. മധു, കെ.വി. രാമകൃഷ്ണന്, ആലംകോട് ലീലാകൃഷ്ണന്, പി. സുരേന്ദ്രന്, പി.പി. രാമചന്ദ്രന് തുടങ്ങി ഒട്ടേറെ പ്രമുഖരുമായി അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തിയായിരുന്നു ശങ്കുണ്ണി മാഷ്. തപസ്യ കലാ സാഹിത്യ വേദിയുടെ എടപ്പാള്‍ യൂനിറ്റിന്റെ അധ്യക്ഷനുമായിരുന്നു.