ശബരിമല ആസ്തി മൂല്യങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്ന് ദേവസ്വം ബോർഡ്; പൊതുതാൽപര്യത്തിനും ക്ഷേത്ര സുരക്ഷക്കും വിരുദ്ധമാകും
text_fieldsകൊച്ചി: ശബരിമല ക്ഷേത്രത്തിലെ ആസ്തി മൂല്യങ്ങൾ പ്രസിദ്ധപ്പെടുത്താനാകില്ലെന്നും അത് പൊതുതാൽപര്യത്തിനും ക്ഷേത്ര സുരക്ഷക്കും വിരുദ്ധമാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുടെ ആസ്തി നിർണയിച്ച് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്‌മൂലത്തിലാണ് ബോർഡ് സെക്രട്ടറി എസ്.ബിന്ദു ഇക്കാര്യമറിയിച്ചത്.
ആസ്തിമൂല്യം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും നിയമപരമായ അധികാരമുള്ളവർ പരിശോധിക്കുന്നുണ്ടെന്നും ബോർഡ് വ്യക്തമാക്കി. ക്ഷേത്ര സ്വത്തായ അമൂല്യ രത്നങ്ങൾ, വജ്രങ്ങൾ, സ്വർണം, വെള്ളി ആഭരണങ്ങൾ, പാത്രങ്ങൾ, മറ്റ് ജംഗമ വസ്തുക്കൾ തുടങ്ങിയവയുടെ കണക്കുകൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരന്റെ ലക്ഷ്യം സംശയാസ്പദമാണെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു.
തിരുവാഭരണങ്ങളുടെയടക്കം മൂല്യം പരസ്യപ്പെടുത്തിയാൽ ദുഷ്ടലാക്കുള്ളവർ ദുരുപയോഗം ചെയ്യാനിടയുണ്ട്. പ്രതിഷ്ഠയുടെ അവകാശത്തിനും അമ്പലത്തിന്റെ സുരക്ഷക്കും ദോഷകരമാണ്. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം, വെള്ളി എന്നിവയുടെ കണക്ക് ഹരജിക്കാരന് വിവരാവകാശ നിയമപ്രകാരം ലഭിച്ചിരുന്നു.
എന്നാൽ ആസ്തി മൂല്യം വ്യക്തമായിരുന്നില്ല. ഇത് വ്യക്തമാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ദേവസ്വം ബെഞ്ചിനെ സമീപിച്ചത്. എന്നാൽ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ മൂല്യം പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമീഷന്റെ ഉത്തരവ് നേരത്തേ ഹൈകോടതി റദ്ദാക്കിയിട്ടുള്ളതാണെന്നും ബോർഡിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജി മേയ് 22ന് വീണ്ടും പരിഗണിക്കും.