ശബരിമലയിൽ ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് ദർശനം; പ്രവേശനം ബലിക്കൽപുര വഴി ശ്രീകോവിലിലേക്ക്
text_fieldsശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പദർശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. മീനമാസ പൂജക്ക് നട തുറക്കുന്ന മാർച്ച് 14 മുതലുള്ള അഞ്ച് ദിവസങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കും.
പതിനെട്ടാംപടി കയറിയെത്തുന്ന തീർഥാടകരെ കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ബലിക്കൽപുര വഴി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് പ്രവേശിപ്പിക്കും. ഫ്ലൈഓവർ വഴി കടത്തിവിടുമ്പോൾ നടക്കുമുന്നിൽ എത്തുന്ന തീർഥാടകർക്ക് കേവലം നാലോ അഞ്ചോ സെക്കൻഡുകൾ മാത്രമാണ് ദർശനസൗകര്യം ലഭിച്ചിരുന്നത്. പുതിയ രീതി നടപ്പാകുന്നതോടെ കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും ദർശനം ലഭിക്കും. ഇത് 30 സെക്കൻഡ് വരെ നീളാനും സാധ്യതയുണ്ട്.
തീർഥാടകരെ രണ്ടുവരിയായി കടത്തിവിടുന്നതിനായി നീളത്തിൽ കാണിക്കവഞ്ചി സ്ഥാപിക്കും. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തുന്നവരെ വടക്കേ നടവഴിയിലൂടെ ശ്രീകോവിലിന് മുന്നിലെ വരിയിലേക്ക് കടത്തിവിടും. പുതിയ സംവിധാനം നടപ്പാക്കാൻ തന്ത്രിയുടെയും ഹൈകോടതിയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. മരക്കൂട്ടം വരെ വരിനീളുന്ന സാഹചര്യമോ, മറ്റ് അടിയന്തര ഘട്ടങ്ങളോ വന്നാൽ തിരക്ക് നിയന്ത്രിക്കാനായി ഫ്ലൈഓവർ നിലനിർത്തും.
ശബരിമല സ്പെഷൽ കമീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ, കമീഷണർ സി.വി. പ്രകാശ്, എക്സിക്യൂട്ടിവ് എൻജിനീയർ രഞ്ജിത്ത് ശേഖർ, എക്സിക്യൂട്ടിവ് ഓഫിസർ കെ. മുരാരി ബാബു എന്നിവർ ചേർന്ന് പദ്ധതിയുടെ വിശകലനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച നിർമാണ പ്രവർത്തനങ്ങൾ ഈ മാസം ഇരുപതോടെ ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ശബരിമല സന്നിധാനത്ത് നടപ്പാക്കാനൊരുങ്ങുന്ന പുതിയ പദ്ധതിയുടെ രൂപരേഖ