പരാതികളില്ലാതെ മണ്ഡല- മകരവിളക്ക് കാലത്തിന് സമാപനം
text_fieldsശബരിമല ക്ഷേത്രനട അടച്ചശേഷം ശ്രീകോവിലിന്റെ താക്കോൽ പന്തളം രാജപ്രതിനിധി രാജരാജ വർമ ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ
ബിജു വി. നാഥിന് കൈമാറുന്നു
ശബരിമല: ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തിയ ശബരിമലയിൽ ഇപ്രാവശ്യത്തെ മണ്ഡല - മകരവിളക്ക് തീർഥാടനകാലം സുഖകരം.
സുഖദർശനം ലഭിച്ച് സംതൃപ്തിയോടെ മലയിറങ്ങുന്ന തീർഥാടകരെയാണ് മണ്ഡല - മകരവിളക്ക് കാലയളവിൽ കാണാനായത്. പരാതി രഹിതം കൂടിയായിരുന്നു. മാസങ്ങൾക്കുമുമ്പേ നടപ്പാക്കിയ മുന്നൊരുക്കങ്ങളും നട തുറന്നശേഷം നടപ്പാക്കിയ ക്രമീകരണങ്ങളും ഫലം കണ്ടതിന്റെ തെളിവാണ് ഈ തീർഥാടനകാലം. തീർഥാടക പ്രവാഹത്തിനിടയിലും മുഴുവൻ പേർക്കും സുഖദർശനം ഉറപ്പാക്കാനായി.
ലക്ഷത്തിനുമേൽ തീർഥാടകർ എത്തിയ ദിനങ്ങളിലും എല്ലാവർക്കും സുഖ ദർശനം സാധ്യമാക്കി മലയിറങ്ങാൻ കഴിയുന്ന സാഹചര്യം സർക്കാറും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന് ഒരുക്കിയിരുന്നു.
55 ലക്ഷത്തോളം തീർഥാടകർ ഈ സീസണിൽ എത്തിയതാണ് പ്രാഥമിക കണക്ക്. പാർക്കിങ്, യാത്രാ സൗകര്യം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകൾ, അന്നദാനം ഇവയിലെല്ലാം കൂടുതൽ മുൻകരുതലുകളുമായാണ് തീർഥാടനകാലത്തെ സ്വീകരിച്ചത്. പൊലീസ് ശക്തവും സുരക്ഷിതവുമായ തീർഥാടക നിയന്ത്രണ സംവിധാനമാണ് നടപ്പാക്കിയത്.
ദർശനസമയം വർധിപ്പിച്ചതും പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും ഗുണകരമായി. പമ്പയിലെ ജർമൻ പന്തലും നടപ്പന്തലുകളും സന്നിധാനത്തെ പന്തലുകളും തീർഥാടകർക്ക് ഏറെ ആശ്വാസമായി. നട തുറക്കുമ്പോൾതന്നെ കരുതൽ ശേഖരം വർധിപ്പിച്ചത് അരവണ യഥേഷ്ടം നൽകാനും കാരണമായി.
ശബരിമല ദർശനത്തിന് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ഇക്കുറി ശബരിമലയിൽ ഒരുക്കിയിരുന്ന ക്രമീകരണങ്ങൾ സംബന്ധിച്ച് സംതൃപ്തി പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.
ശബരിമല നട അടച്ചു
ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. പന്തളം രാജപ്രതിനിധി രാജരാജ വർമയുടെ ദർശനത്തോടെ തിങ്കളാഴ്ച രാവിലെ 6.30നാണ് നട അടച്ചത്. പുലർെച്ച അഞ്ചിന് നട തുറന്നശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചു. രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പദർശനം നടത്തി. ശേഷം മേൽശാന്തി അരുൺകുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു.
ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേൽശാന്തി ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാംപടിയിറങ്ങി ആചാരപരമായ ചടങ്ങുകൾ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബിജു വി. നാഥിന് കൈമാറി. രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. തിരുവാഭരണ ഘോഷയാത്ര 23ന് പന്തളത്ത് എത്തും.