സന്നിധാനത്തെ അന്നദാനം; ലക്ഷം കവിഞ്ഞു
text_fieldsശബരിമല ദർശനത്തിനെത്തിയ കുരുന്ന്
ശബരിമല: സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായി ദേവസ്വം ബോര്‍ഡിന്റെ അന്നദാനം. പതിനായിരത്തിലധികം പേരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം നട തുറന്നശേഷം ശനിയാഴ്ച വരെ ഭക്ഷണം കഴിച്ചവരുടെ എണ്ണം ലക്ഷം കവിഞ്ഞു.
മൂന്നു നേരമാണ് ഭക്ഷണം വിളമ്പുന്നത്. രാവിലെ ആറു മുതല്‍ 11 വരെ ഉപ്പുമാവ്,കടലക്കറി,ചുക്കുകാപ്പി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നല്‍കും. ഉച്ചക്ക് 12ന് ആരംഭിക്കുന്ന ഉച്ചഭക്ഷണം 3.30 വരെ നീളും. പുലാവ്, ദാല്‍കറി, അച്ചാര്‍ എന്നിവയാണ് ഉച്ചക്ക് വിളമ്പുന്നത്. വൈകീട്ട് 6.45 മുതലാണ് അത്താഴവിതരണം.
ഇത് നട അടയ്ക്കുന്നതുവരെ തുടരും. കഞ്ഞിയും പുഴുക്കും(അസ്ത്രം)ആണ് നല്‍കുന്നത്. മാസ പൂജയ്ക്കടക്കം നട തുറക്കുന്ന ദിവസങ്ങളിലെല്ലാം അന്നദാനമുണ്ട്. മകരവിളക്കിന് പ്രത്യേക സൗകര്യവുമൊരുക്കും. ഇത്രയധികം ഭക്തരെത്തുമ്പോഴും ഒരു പരാതിയുമില്ലാതെ വൃത്തിയോടെ ഭക്ഷണം നല്‍കാനാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അന്നദാനത്തിന്റെ ചുമതലയുള്ള സ്‌പെഷല്‍ ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു. പാചകത്തിനും വിളമ്പുന്നതിനും ശുചീകരണത്തിനുമായി 235 ജീവനക്കാരാണുള്ളത്.
ഭക്തര്‍ കഴുകിവെയ്ക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും ഡിഷ് വാഷര്‍ ഉപയോഗിച്ച് വീണ്ടും ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കും. ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പുന്ന ഇവിടെ തിരക്കു കൂടുന്നതനുസരിച്ച് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ക്രമീകരിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നാണ് ശബരിമലയിലേത്. മാളികപ്പുറം ക്ഷേത്രത്തിനു പിന്നിലായാണ് അന്നദാനമണ്ഡപം.
ചുമതലയേറ്റ് ആര്‍.എ.എഫ് സംഘം
ശബരിമല: ശബരിമലയില്‍ സുരക്ഷ ഒരുക്കാൻ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിന്റെ നേതൃത്വത്തില്‍ 140 അംഗ സംഘമാണ് ശനിയാഴ്ച ചുമതലയേറ്റത്. കേന്ദ്ര സേനയായ സി.ആര്‍.പി.എഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് ശബരിമലയില്‍ എത്തിയത്.
സന്നിധാനത്തും മരക്കൂട്ടത്തുമാണ് ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റായാണ് പ്രവര്‍ത്തനം. ഒരു ഷിഫ്റ്റില്‍ 32 പേരാണ് ഉണ്ടാവുക. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പത്തംഗ ക്വിക്ക് റെസ്‌പോണ്‍സ് ടീമും 24 മണിക്കൂറും രംഗത്തുണ്ടാകും.
മണ്ഡല മകരവിളക്ക് സീസണ്‍ അവസാനിക്കുന്നതുവരെ സംഘം ശബരിമലയില്‍ തുടരും. സുരക്ഷയും തിരക്ക് നിയന്ത്രണവുമാണ് പ്രധാന ചുമതലയെന്നും പൊലീസുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഡെപ്യൂട്ടി കമാന്‍ഡര്‍ പറഞ്ഞു.


