മകരവിളക്ക്; സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായി
text_fieldsഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായതായി കലക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. സുരക്ഷ ഉറപ്പുവരുത്താന്‍ 1500ല്‍ അധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം, അടിയന്തര സേവനം, ശുചിത്വം, ആരോഗ്യ സൗകര്യങ്ങള്‍, കുടിവെള്ളം എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കി.
ഗതാഗതത്തിരക്ക് നിയന്ത്രിക്കാന്‍ കുമളി, കമ്പംമെട്ട് പാതകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പുല്ലുമേട്ടിലും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. റവന്യു വകുപ്പിന്റെ സഹകരണത്തോടെ അക്സ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു.
കാനന പാതയില്‍ ഓരോ കിലോമീറ്ററിലും പോയന്റ് ഡ്യൂട്ടിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അപകടകരമായ സ്ഥലങ്ങളില്‍ ഉറപ്പുള്ള ബാരിക്കേഡ് സ്ഥാപിച്ചു. കുമളി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ കണ്ട്രോള് റൂം തുറന്നു. മകരവിളക്ക് ദിവസം കുമളി-കോഴിക്കാനം റൂട്ടില്‍ രാവിലെ ആറു മുതല്‍ കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വിസ് നടത്തും. വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.


