ശബരിമലയിൽ പഞ്ചലോഹ വിഗ്രഹം: അനുമതി പിൻവലിച്ചതായി ദേവസ്വം ബോർഡ്
text_fieldsശബരിമല ക്ഷേത്രം
കൊച്ചി: ശബരിമല സന്നിധാനത്ത് സ്വാമി അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ നൽകിയ അനുമതി പിൻവലിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈകോടതിയിൽ. ബോർഡിന്‍റെ അനുമതിയുടെ മറവിൽ തമിഴ്‌നാട് ഈറോഡിലെ ലോട്ടസ് മൾട്ടിസ്‌പെഷാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇ.കെ. സഹദേവൻ ഇതിനായി പണപ്പിരിവ് തുടങ്ങിയത് സംബന്ധിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഇക്കാര്യം അന്വേഷിക്കാൻ നേരത്തെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പമ്പ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ സർക്കാർ, അന്വേഷണ പുരോഗതി അറിയിക്കാൻ സമയം തേടിയതിനെ തുടർന്ന് ഹരജി സെപ്റ്റംബർ 10ലേക്ക് മാറ്റി.
വിഗ്രഹത്തിന്‍റെ പേരിൽ സഹദേവൻ പണം പിരിക്കുന്നതിനെക്കുറിച്ച് ശബരിമല സ്പെഷൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് വിഷയം കോടതി പരിഗണിക്കുന്നത്. എങ്ങനെയാണ് ഇത്തരമൊരു കാര്യത്തിന് അനുമതി നൽകുകയെന്നും അക്കൗണ്ട് നമ്പർ വഴി പണം പിരിക്കുകയെന്നും കോടതി ചോദിച്ചു.
തുടർന്നാണ് അനുമതി പിൻവലിച്ചതായി ബോർഡ് അറിയിച്ചത്. തന്ത്രിയുമായി വിഷയം ചർച്ച ചെയ്തതായും ബോർഡിന്‍റെ സത്യവാങ്മൂലത്തിലുണ്ട്.