തിരുവാഭരണം അണിഞ്ഞുള്ള ദർശനം നാളെ കൂടി
text_fieldsശബരിമല: അയ്യപ്പഭക്തർക്ക് ദർശനം അനുവദിക്കുന്ന ഞായറാഴ്ച വരെയും ദർശനത്തിനായുള്ള സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ്ങിന് സൗകര്യം. വെർച്വൽ ക്യൂ ബുക്കിങ് 19 വരെ ഉണ്ടാകും.
ശബരിമല സന്നിധാനത്ത് ബുധനാഴ്ച അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ നേതൃത്വത്തിൽ മണിമണ്ഡപത്തിൽനിന്ന് പതിനെട്ടാംപടിയിലേക്ക് ആഘോഷമായി എഴുന്നള്ളത്ത് നടന്നു.
17 വരെ ഭക്തർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാവു. 18ന് ദീപാരാധനയ്ക്ക് ശേഷം മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 19ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 19ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ട്.
20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ ദർശന ശേഷം ഭസ്മ വിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പസ്വാമിയെ യോഗനിദ്രയിലാക്കും. തുടർന്ന് ഹരിവരാസനം പാടി ശ്രീകോവിൽ നടയടയ്ക്കുന്നതോടെ മകരവിളക്ക് ഉത്സവ കാലത്തിന് സമാപനമാകും.