സാമ്പാർ, അവിയൽ, തോരൻ, പായസം... ഏഴ് വിഭവങ്ങളുമായി ശബരിമലയിൽ ഭക്തർക്ക് സദ്യ വിളമ്പും; ചൊവ്വാഴ്ച മുതൽ
text_fieldsശബരിമല സന്നിധാനത്ത് വെള്ളിയാഴ്ച രാവിലെ അനുഭവപ്പെട്ട തിരക്ക്
ശബരിമല: അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ഡിസംബർ രണ്ടുമുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക.
സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
‘പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സമീപനം ശബരിമലയുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്’ -കെ. ജയകുമാർ വിശദീകരിച്ചു.
സദ്യക്കുള്ള പായസം ഓരോ ദിവസവും മാറി മാറി നൽകും. മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച ആകുമ്പോൾ തീർത്ഥാടനം സുഗമമായ നിലയിൽ പുരോഗമിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
‘പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം’
കൊച്ചി: ശബരിമല ദർശനത്തിനെത്തുന്നവർ പമ്പ നദിയിലും തീരത്തും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈകോടതി. ഇത്തരം നടപടികൾ ഭക്തരിൽ നിന്ന് ഉണ്ടാകുന്നത് തടയാനും നിലവിലുള്ള വസ്ത്ര മാലിന്യം നീക്കം ചെയ്യാനും ദേവസ്വം ബോർഡ് നടപടിയെടുക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ആചാരമാണെന്ന ധാരണയിൽ ഭക്തർ പമ്പയിലും തീരത്തും വസ്ത്രങ്ങൾ വലിച്ചെറിയുന്നത് പതിവായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. ഇതിനായി പ്രചാരണം നടത്തണമെന്നും കോടതി നിർദേശിച്ചു.


