Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightശബരിമലയിലേക്ക്...

ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു; ഇതുവരെ മലചവിട്ടിയത് 8,48,085 ഭക്തർ

text_fields
bookmark_border
ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു; ഇതുവരെ മലചവിട്ടിയത് 8,48,085 ഭക്തർ
cancel

സന്നിധാനം: ശബരിമല സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ ഒഴുക്ക് തുടരുന്നു. തീർഥാടനത്തിന്റെ പത്താം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ മലചവിട്ടിയത് 71,071 ഭക്തരാണ്. രാവിലെ മുതൽ പമ്പയിൽ നിന്ന് ഇടമുറിയാതെ ഭക്തജനപ്രവാഹമായിരുന്നു. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതലേ ഭക്തരെ കടത്തിവിട്ടതിനാൽ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമമായി ദർശനം നടത്താനായി. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ ഭക്തർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. ഈ തീർഥാടന കാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം8,48,085 ആണ്.

മണ്ഡലകാലം: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

ശബരിമല മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 350 പരിശോധനകള്‍ നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. 292 ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനക്ക് വിധേയമാക്കി. ഭക്ഷ്യ സംരംഭകര്‍ക്ക് 8 ബോധവല്‍ക്കരണ പരിപാടികളും രണ്ട് ലൈസന്‍സ് രജിസ്‌ട്രേഷന്‍ മേളകളും സംഘടിപ്പിച്ചു. തീർഥാടകര്‍ കൂടുതലെത്തുന്ന സ്ഥലങ്ങളിലും ഇടത്താവളങ്ങളിലും പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നു. ഇത് കൂടാതെ സംസ്ഥാന വ്യാപകമായും പരിശോധനകള്‍ നടത്തി വരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

മണ്ഡലകാലത്തോട് അനുബന്ധിച്ച് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കുന്നതിനായി സന്നിധാനത്ത് ലാബ് സജ്ജീകരിച്ച് പരിശോധനകള്‍ നടത്തിവരുന്നു. അപ്പം, അരവണ എന്നിവയുടെ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാര പരിശോധന പമ്പയില്‍ പ്രവര്‍ത്തിക്കുന്ന ലാബില്‍ നടത്തിവരുന്നു. നിലയ്ക്കലും എരുമേലിയിലും സജ്ജമാക്കിയിട്ടുള്ള ഫുഡ് സേഫ്റ്റി ഓണ്‍ വീല്‍സ് ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി ശേഖരിച്ചിട്ടുള്ള ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തുന്നു. ഇത് കൂടാതെ പത്തനംതിട്ടയില്‍ ആരംഭിച്ച ജില്ലാ ഭക്ഷ്യസുരക്ഷാ ലാബിലും ഭക്ഷ്യ വസ്തുക്കള്‍ പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധനകള്‍ തിരുവനന്തപുരം ലാബിലും നടത്തുന്നുണ്ട്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ, എരുമേലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നു. ഭക്ഷ്യസംരംഭകര്‍ക്ക് ആവശ്യമായ ശുചിത്വ പരിപാലനം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധം നല്‍കുന്നതിനായി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിവരുന്നു. തീര്‍ത്ഥാടകര്‍ക്കും ഭക്ഷ്യ സംരംഭകര്‍ക്കും ഭക്ഷ്യസുരക്ഷാ അവബോധം നല്‍കുന്നതിന് 6 ഭാഷകളിലായി അച്ചടിച്ച ബോധവത്ക്കരണ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.

Show Full Article
TAGS:Sabarimala sabarimala pilgrims devotee Latest News Devotees 
News Summary - The flow of pilgrims to Sabarimala continues; 8,48,085 devotees have visited the temple so far
Next Story