ശബരിമലയിൽ നട തുറന്നു, പുതിയ നവഗ്രഹ ശ്രീകോവിൽ പ്രതിഷ്ഠ പൂജകൾക്കായി
text_fieldsശബരിമല: പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
തുടർന്ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ തുടങ്ങി. ശനിയാഴ്ച പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. 13ന് പകൽ 11 നും12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. പ്രതിഷ്ഠ ദിനത്തിൽ രാവിലെ ഗണപതി ഹോമം, ശയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമിക്കുന്നത്.
നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവ പ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി 10 മണിക്ക് നട അടക്കും.