മതമൈത്രി വിളിച്ചോതി തെയ്യത്തിന്റെ ബാങ്കുവിളി
text_fieldsമാണിച്ചി ബപ്പിരിയൻ തെയ്യത്തിന് സമീപത്തുനിന്ന് ബാങ്ക് വിളിക്കുന്നു
നീലേശ്വരം: മനുഷ്യൻ മതങ്ങൾ പറഞ്ഞ് തമ്മിലടിക്കുമ്പോൾ മതസൗഹാർദത്തിന്റെ പ്രതീകമായി തെയ്യത്തിന്റെ ബാങ്ക് വിളി. മടിക്കൈമുണ്ടോട്ട് താഴത്ത് വീട് കോമറായ ദേവസ്ഥാനത്തെ കളിയാട്ടത്തോടനുബന്ധിച്ച് അരങ്ങിലെത്തിയ മാണിച്ചി തെയ്യമാണ് മതസൗഹാർദത്തിന്റെ ബാങ്ക് വിളിച്ചത്. കൂടെയുണ്ടായ മാപ്പിളത്തെയ്യമായ ബപ്പിരിയൻ ബാങ്ക് വിളിയിൽ വിശ്വാസപ്പെരുമയോടെ കാതോർത്തുനിന്നു.
നലിക്കത്തായ വിഭാഗക്കാരാണ് ഈ അപൂർവ തെയ്യക്കോലമണിഞ്ഞത്. ബാങ്ക് കൊടുക്കാൻ സമയമായെന്ന് മാണിച്ചി മുസ്‍ലിമായ ബപ്പിരിയനോട് പറയുമ്പോൾ സമയം തെറ്റിയല്ലോ, അങ്ങനെയെങ്കിൽ നീതന്നെ ബാങ്ക് വിളിച്ചോളാൻ ബപ്പിരിയൻ പറഞ്ഞു. ഇതോടെ സ്ത്രീവേഷമണിഞ്ഞ മാണിച്ചി തലയിൽ തുണിയിട്ട് ഇരുകൈകളും ചെവിയിൽ ചേർത്തുപിടിച്ച് വിശ്വാസപൂർവം ബാങ്ക് വിളിച്ചെന്നാണ് ഐതിഹ്യം.
ബാങ്ക് വിളിച്ച് നമസ്കരിച്ച മാണിച്ചി മതമൈത്രിയുടെ പര്യായമാവുകയായിരുന്നു. മലനാട്ടിലേക്ക് മരക്കലത്തിൽ (കപ്പൽ) കയറി വന്ന തെയ്യങ്ങളാണിതെന്നും ഐതിഹ്യമുണ്ട്. മൂന്നു വർഷത്തിലൊരിക്കൽ മാത്രമാണ് മുണ്ടോട്ട് താഴത്തെ വീട് കോമറായ ദേവസ്ഥാനത്ത് ഇത്തരം അപൂർവ തെയ്യങ്ങൾ കെട്ടിയാടാറുള്ളത്.


