ഹൃദയങ്ങളിലേക്ക് മലർക്കെ തുറന്ന് മസ്ജിദിന്റെ വാതിലുകൾ...
text_fieldsജമാഅത്തെ ഇസ്ലാമി മസ്ജിദ് ലുഅ് ലുഅിൽ സംഘടിപ്പിച്ച ‘സൗഹൃദത്തിന്റെയും
അറിവിന്റെയും വേദി’ സായാഹ്ന സദസ്സിൽ ടി. മുഹമ്മദ് വേളം സംസാരിക്കുന്നു
കോഴിക്കോട്: കാണാനാഗ്രഹിച്ചവരുടെയെല്ലാം മുന്നിൽ മലർക്കെ തുറന്ന് മസ്ജിദ് വാതിലുകൾ. ഇതര മതസ്ഥർക്ക് മുസ്ലിം പള്ളികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച മതേതര സൗഹൃദത്തിന്റെയും അറിവിന്റെയും വേദിയായ ‘ഓപൺ മസ്ജിദ്’ പരിപാടിയാണ് വേറിട്ട സംഗമമായത്. ബുധനാഴ്ച രാവിലെ 11 മുതലാണ് മാവൂർ റോഡിലെ ലുഅ്ലുഅ് മസ്ജിദിൽ പരിപാടി തുടങ്ങിയത്. ഹൃദയം തുറന്ന് പരസ്പരം മനസ്സിലാക്കാനും സഹവർത്തിത്വത്തിനും കൂട്ടായ്മ വഴിയൊരുക്കിയെന്ന് വിവിധ തുറകളിൽനിന്നെത്തിയവർ അഭിപ്രായപ്പെട്ടു.
പ്രാർഥിക്കുന്നവരുടെയും പ്രാർഥനയുടെയും കേന്ദ്രമായ പള്ളി എല്ലാവരുടേതുമാണെന്ന ഇസ്ലാമിക ദർശനത്തെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അത് ബോധപൂർവമാണെന്നും അതിനെ മാറ്റിയെടുക്കാനുള്ള വിളംബരമായി പരിപാടിയെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത് പറഞ്ഞു. എല്ലാ ആരാധനാലയങ്ങളും എല്ലാവർക്കും അഭയ കേന്ദ്രങ്ങളാകണമെന്നും അത് പ്രളയകാലത്ത് മാത്രം പോരെന്നും ആ ധാരണ ഉറപ്പിക്കാൻ ഓപൺ മസ്ജിദ് സഹായകമായതായും ഫാ. ജെറോം പറഞ്ഞു.
‘മസ്ജിദ്: ആരാധനാലയമല്ല, ജീവിതപാഠശാലയാണ്’ എന്ന ആശയവുമായി ആരംഭിച്ച പരിപാടിയിൽ എല്ലാ മതവിഭാഗങ്ങളിലെയും ആളുകൾ വിദ്യാർഥികൾ, സാമൂഹികപ്രവർത്തകർ, വനിതകൾ തുടങ്ങിയവർ പങ്കെടുത്തു. മസ്ജിദ് സന്ദർശനത്തിനുപുറമെ, വിവിധ ഭാഷകളിലുള്ള ഖുർആൻ പ്രദർശനം, ഖുർആൻ പാരായണ സെഷൻ, അറിവിന്റെ നിമിഷങ്ങൾ, വിദഗ്ധരുടെ ഹ്രസ്വ പ്രഭാഷണങ്ങൾ, സമവായ സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു.
ഖുർആൻ പാരായണത്തിന്റെ അർഥങ്ങൾ പങ്കുവെച്ച ‘ഖുർആൻ ആസ്വാദനം’ സെഷൻ ഏറെ ശ്രദ്ധനേടി. മനുഷ്യർക്കിടയിലുള്ള തെറ്റിദ്ധാരണകളില്ലാതാക്കി വിശ്വാസത്തിന്റെ മനുഷ്യസന്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ ‘ഓപൺ മസ്ജിദ്’ പരിപാടിക്ക് കഴിഞ്ഞതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്വി ഉദ്ഘാടനം നിർവഹിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക സായാഹ്നം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു.
സിറ്റി പ്രസിഡന്റ് ശിഹാബുദ്ദീൻ ഇബ്നു ഹംസ അധ്യക്ഷതവഹിച്ചു. ബാബുരാജ്, പി.ടി. മൊയ്തീൻ കുട്ടി, തങ്കപ്രസാദ്, ജി.കെ എടത്തനാട്ടുകര, എൻ.എം. അബ്ദുറഹ്മാൻ, യു.പി. സിദ്ദീഖ്, പ്രോഗ്രാം ജനറൽ കൺവീനർ പി.കെ. നൗഷാദ് തുടങ്ങിയർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ. അശ്കറലി സ്വാഗതവും മസ്ജിദ് ലുഅ്ലുഅ് പ്രസിഡന്റ് എ.എം. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.