Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഅവർക്ക് കൂടി...

അവർക്ക് കൂടി പെരുന്നാളിന് അർഹതയുണ്ട്

text_fields
bookmark_border
അവർക്ക് കൂടി പെരുന്നാളിന് അർഹതയുണ്ട്
cancel

പ്രതീക്ഷയാകേണ്ട മനുഷ്യർക്ക് എവിടെയാണ് വഴിപിഴക്കുന്നത്. താളം തെറ്റുന്ന മനസ്സുകൾ കത്തികൊണ്ട് നിരപരാധികളെ കൊന്നൊടുക്കി വൈരാഗ്യം തീർത്തിട്ടെന്താണ് അവർക്ക് കിട്ടാനുള്ളത്. പലയിടത്തും പെരുന്നാളിന്‍റെ ആഘോഷങ്ങളുണ്ടാകേണ്ടിയിരുന്ന വീടകങ്ങളിലെ പൊലിമ കെടുത്തിയത് ലഹരികളാണ്

പെരുന്നാളുകളുടെ അനുഭൂതിയിൽ പുത്തനുടുപ്പും സ്നേഹത്തിന്‍റെ വാരിപ്പുണരലുകളും നിത്യമ‍ായ ലോകത്ത് ഇന്ന് സങ്കുചിത ചിന്താഗതികൾ ശക്തിപ്പെടുന്നുവെന്ന ദുരവസ്ഥ മറ‍യില്ലാത്ത വസ്തുതയാണ്. അടിച്ചമർത്തലുകളുടെയും വംശഹത്യകളുടെയും കിരാത കൈപ്പടകൾ പതിഞ്ഞുകൊണ്ടിരുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതങ്ങൾ ഒരു വശത്ത്.

ഐക്യത്തിന്‍റെ സ്നേഹാദരവുകൾ അന്യംനിൽക്കുകയും സ്വന്തമെന്ന് കരുതുന്ന ബന്ധങ്ങൾ വിഷത്തണലുകളാകുന്ന കാഴ്ച മറ്റൊരു വശത്തും. കൊന്നും കൊലവിളിച്ചും സ്വന്തം വീടകങ്ങളിൽ കുടിയേറിയ ലഹരി, അരങ്ങുവാഴുന്ന ദയനീയത മനുഷ്യന് വർത്തമാനകാലം സമ്മാനിക്കുന്ന ദുരിതങ്ങളാണെന്ന് പറയാതെ വയ്യ. സ്വാർഥ ലക്ഷ്യങ്ങളോടെ വേർതിരിവിന്‍റെ വിഷവിത്തുകൾ ആഗോള മനുഷ്യനിൽ മനുഷ്യമൃഗങ്ങൾ കുത്തിവെച്ചു തുടങ്ങിയിട്ട് കാലങ്ങളോളമായി.

സഹോദരനെപോലും അന്യനായി കാണണമെന്ന് കണ്ണുകളെ പറഞ്ഞ് പാകപ്പെടുത്തുന്ന മനുഷ്യരുള്ള സമൂഹം അധികരിച്ചു വരുന്നു എന്നത് ഖേദകരവും മാറ്റപ്പെടേണ്ടതുമാണ്. അധികാര ദുർവിനിയോഗത്തിന്‍റെ നരനായാട്ടിന്‍റെ പ്രതിഫലമായി പെരുന്നാളിന്‍റെ സന്തോഷങ്ങൾ ഹനിക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യർ ഇന്ന് ഗസ്സയുടെ മണ്ണിൽ ദീർഘവിശ്രമത്തിലാണ്.

ഭരണവിരുദ്ധ വികാരത്താല്‍ നിലനില്‍പ്പുതന്നെ അപകടത്തിലായ നെതന്യാഹുവിന്‍റെ സര്‍ക്കാര്‍, ഫലസ്തീനിലെ പിഞ്ചോമനുകളുടെയും സത്രീകളുടെയും യുവാക്കളുടെയുമെല്ലാം ചുടുചോരകൊണ്ട് അധികാരക്കസേരയെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വെടിനിർത്തൽ കരാർപോലും ലംഘിച്ച് അതിദാരുണമായ കൊലപാതകങ്ങൾ തുടരുന്ന ഇസ്രായേൽ നരനായാട്ടിനെ എന്ത് പേരിട്ട് വിശേഷിപ്പിക്കണമെന്നതിലാവും മനുഷ്യത്വമുള്ള മനുഷ്യരുടെ കാലിക ചിന്ത. ഹനിക്കപ്പെടുന്ന സന്തോഷങ്ങൾ ഗസ്സയിൽ മാത്രമല്ല. ലഹരി തിന്ന മനുഷ്യബന്ധങ്ങളും, കത്തിക്കിരയായ ജീവനുകളും പെരുന്നാളിനെ അർഹിച്ചവരാണ്. പരസ്പര സന്തോഷങ്ങളെ വൈരാഗ്യ മനോഭാവത്തോടെ തല്ലിക്കെടുത്തിയ വർഗീയത ദ്രുവീകരണങ്ങൾ ലോകത്ത് അനുദിനം വർധിച്ചു വരുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്.

വെള്ളയുടുപ്പിട്ട പെരുന്നാൾ

ഫലസ്തീനിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് ഇത്തവണയും പുത്തനുടുപ്പിനൊപ്പം വെളുത്ത കഫംപുടവകളും എത്തിയേക്കാം. കാലങ്ങളായുള്ള പതിവാണ്. മനുഷ്യമനസ്സിന്‍റെ മരവിപ്പ് അങ്ങേയറ്റം കാണിക്കുന്ന ദയനീയത ഗസ്സയുടെ നിരത്തുകളിൽ ഇതെഴുതുമ്പോഴും നിങ്ങൾ വായിക്കുമ്പോഴും മുഴങ്ങുന്നുണ്ട്. പുത്തനുടുപ്പിട്ട് ഓടിക്കളിക്കേണ്ട കുഞ്ഞുദേഹങ്ങളിന്ന് അനക്കമില്ലാതെ ആ മണ്ണിൽ വെള്ളയുടുപ്പിട്ട് വിറങ്ങലിച്ച് കിടക്കുകയാണ്.

മുഖത്ത് ഓമനത്വം മാറാത്ത, മുലപ്പാലിന്‍റെ രുചി മതിയാവോളം അനുഭവിക്കാത്ത എന്തിനെന്നറിയാതെ കണ്ണടച്ചു പോയ ആ മനുഷ്യക്കുഞ്ഞുങ്ങൾക്കു കൂടി അവകാശപ്പെട്ട പെരുന്നാളാണ് നമ്മളടക്കം ആഘോഷിക്കാനൊരുങ്ങുന്നത്. പരസ്പരം സമാധാനിപ്പിക്കാൻപോലും കഴിയാത്ത നിസ്സഹായരായ മനുഷ്യരുടെ വേദനകൾ കാണാതെ നമ്മൾ പെരുന്നാളാഘോഷിക്കുന്നതിൽ അർഥമില്ല.

മനുഷ്യമാംസം തിന്നുന്ന ലഹരി

ലഹരി ഉപയോഗിക്കുന്ന മനുഷ്യൻ തിന്നുന്നതും മനുഷ്യമാംസങ്ങളാണ്. അതിൽ ബന്ധങ്ങളോ പരിചയങ്ങളോ ഒന്നും തടസ്സമാകാത്ത കെട്ടകാലത്തു കൂടിയാണ് നമ്മൾ ജീവിക്കുന്നത്. രാവന്തിയോളം പെടാപ്പാടുപെട്ടും മറ്റും ചോരനീരാക്കി അധ്വാനിക്കുന്ന പ്രവാസിയെ ലഹരിയെന്ന പുറംകാൽ കൊണ്ട് തട്ടുന്ന മക്കളുടെ കാലമാണിത്. കൊന്നും കൊലവിളിച്ചും പരിസരബോധമില്ലാതെയായി വളരുന്ന മനുഷ്യർക്ക് ആരാണ് വളം വെക്കുന്നത്. പ്രതീക്ഷയാകേണ്ട മനുഷ്യർക്ക് എവിടെയാണ് വഴിപിഴക്കുന്നത്.

താളം തെറ്റുന്ന മനസ്സുകൾ കത്തികൊണ്ട് നിരപരാധികളെ കൊന്നൊടുക്കി വൈരാഗ്യം തീർത്തിട്ടെന്താണ് അവർക്ക് കിട്ടാനുള്ളത്. പലയിടത്തും പെരുന്നാളിന്‍റെ ആഘോഷങ്ങളുണ്ടാകേണ്ടിയിരുന്ന വീടകങ്ങളിലെ പൊലിമ കെടുത്തിയത് ലഹരികളാണ്. താമരശ്ശേരിയും വെഞ്ഞാറമൂടും അതിൽ ചെറിയ ഉദാഹരണങ്ങളാണ്. ഷിബിലയും അഫ്സാനും ശഹബാസുമാരും അർഹിച്ച പെരുന്നാളായിരുന്നു ഇത്.

എന്തിന് മരിച്ചെന്നു പോലുമറിയാത്ത നിരവധിപേർ അതുപോലെ ഭൂലോകത്തുനിന്ന് ഇല്ലാതെയായി. നഷ്ടബോധത്തിൽ കണ്ണീരണിഞ്ഞിരിക്കുന്ന മാതാപിതാക്കളുടെ മുഖങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട മക്കളെ ഇല്ലാതാക്കിയവരോട് പകരം ചോദിക്കണമെന്ന് ഭാഷ്യത്തിലല്ല, മറിച്ച് അവസാനിപ്പിക്കേണ്ട ലഹരി ഉപയോഗത്തിന്‍റെ ആവശ്യകതകളെക്കുറിച്ചാണ്. നാളെ മറ്റൊരു കുട്ടിക്കും തന്‍റേതല്ലാത്ത കാരണത്താൽ ഒരു പകലും നഷ്ടപ്പെടാൻ പാടില്ല എന്ന ചിന്തയിലാണ്.

വേർതിരിവുകളില്ലാത്ത നാട്

അറബ് നാടുകളുമായി സഹസ്രാബ്‌ദങ്ങൾക്കപ്പുറം മുതൽ പരസ്‌പരാശ്രിത സാമൂഹികബന്ധം പുലർത്തിയ നാടെന്നനിലയിൽ കേരളത്തിലെയും ചിരപുരാതനമായ ആഘോഷങ്ങളിൽപ്പെട്ടവയാണ് പെരുന്നാളുകൾ. ഹിന്ദുക്കളും ക്രൈസ്ത‌വരും മുസ്‌ലിംകളും ഏകോദരസഹോദരങ്ങളെപ്പോലെ സഹകരിച്ച് ജീവിതം കെട്ടിപ്പടുത്ത നാടാണ് നമ്മുടേത്. ഓണവും ക്രിസ്‌മസും പെരുന്നാളും ഏതെങ്കിലും സമുദായത്തിന്‍റേതുമാത്രമായല്ല കണ്ടത്, നാടിന്‍റെയാകെ വിശുദ്ധദിനങ്ങളായാണ്.

ആഘോഷങ്ങൾ നടക്കുമ്പോൾ പരസ്പരം ക്ഷണിക്കുന്നതും ആതിഥ്യം സ്വീകരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പണ്ടുമുതലേ നിലനിൽക്കുന്ന ആഹ്ലാദകരമായ അനുഭവങ്ങളാണ്. എന്നാൽ നാട്ടിൽ പലയിടത്തും വേർത്തിരിവിന്‍റെ നീർകുമിളകൾ അണപൊട്ടി തുടങ്ങിയെന്നത് വസ്തുതയാണ്. അത് സ്വന്തം നാട്ടിലേക്കും ബന്ധങ്ങളിലേക്കുമെത്തുന്നതിന് മുമ്പ് ഇല്ലാതെയാക്കണം.

ഇത്തരത്തിലുള്ള വേർതിരിവുകളില്ലാത്തയിടമായി പ്രവാസലോകം ഇന്നും തുടരുന്നു എന്നതാണ് പ്രവാസികളെയും ഈ രാജ്യത്തെയും മനോഹരമാക്കുന്നത്. അർഹതപ്പെട്ട പെരുന്നാൾ സന്തോഷങ്ങളും ആഘോഷങ്ങളും ഹനിക്കപ്പെടുന്ന മനുഷ്യത്വരാഹിത്യമായ പ്രവണതകളെ എന്തിനേറെ വാഴ്ത്തണം. വാക്കുകൊണ്ടെങ്കിലും പ്രതിരോധിക്കേണ്ട സമയത്തെ മൗനത്തിന് വലിയ വില നൽകേണ്ട കാലം വിദൂരമല്ലെന്ന് കൂടി ഓർമപ്പെടുത്തട്ടെ.

Show Full Article
TAGS:Eid Al Fitr 2025 Ramadan 2025 
News Summary - They also deserve a feast
Next Story