‘ബന്ധം തകർക്കുന്ന പുതിയ അംഗത്തെ കരുതണം’
text_fieldsഇന്നത്തെ കാലത്ത് ദമ്പതികൾ വേർപിരിയുന്നതിന്റെ തോത് വളരെ കൂടുന്നതിന് പ്രധാന കാരണമായി, നടനും നിർമാതാവുമായ സോനു സൂദ് പറയുന്നത് വ്യത്യസ്തമായൊരു യാഥാർഥ്യമാണ്. ആളുകൾക്ക് പരസ്പരം കേൾക്കാൻ സമയവും അതിനേക്കാളുപരി ക്ഷമയും ഇല്ലതായിരിക്കുന്നുവെന്നാണ് സോനു സൂദ് പറയുന്നത്.
‘‘എല്ലാതരം വിവരങ്ങളിലും ന്യായങ്ങളിലും ഓരോ വ്യക്തിക്കുമുള്ള അറിവ് ഇന്ന് അപാരമാണ്. എല്ലാവർക്കും ഇന്റർനെറ്റ് വഴി എന്തെങ്കിലുമൊക്കെ കിട്ടിക്കൊണ്ടിരിക്കുന്നു. അതവരെ പല വഴികളിലേക്കും കൊണ്ടുപോകുന്നു. കുടുംബത്തിലേക്കുള്ള സമയമാണ് ഇങ്ങനെ വഴിതെറ്റി പോകുന്നത്. കുടുംബത്തിലേക്ക് പുതിയൊരു അംഗം വന്നതിന്റെ മാറ്റമാണിത്. മൊബൈൽ ഫോണാണ് ഈ അംഗം.
അതിലൂടെ, തങ്ങളുടേതല്ലാത്ത ഒരു ലോകത്തോട് കൂടുതൽ അടുക്കയാണ് ആളുകൾ’’ -സൂദ് നിരീക്ഷിക്കുന്നു. സ്വന്തക്കാരെ കേൾക്കാൻ നമുക്ക് സമയമില്ലാത്തത് എന്തൊരു ദൗർഭാഗ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘‘ഫോൺ ദൂരെ വെച്ചിട്ട് മറ്റുള്ളവരെ കേൾക്കൽ വളരെ പ്രധാനമാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതും പ്രധാനമാണ്. അങ്ങനെ സാധിക്കുമെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നു.
കണക്ടഡ് കാലം ബന്ധങ്ങളെ തളർത്തുന്ന വിധം
എപ്പോഴും ഡിജിറ്റൽ ലോകവുമായി കണക്ട് ചെയ്തിരിക്കുന്ന ഇന്നത്തെ കാലത്ത് ഇത് ബന്ധങ്ങളെ പലവിധത്തിൽ ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു. ‘‘ഇത് ബന്ധത്തിന്റെ സ്വഭാവംതന്നെ മാറ്റിയേക്കാം. ഡിജിറ്റൽ കണക്റ്റിവിറ്റി നമ്മുടെ അധികാര ബലാബലം, പരസ്പരാശ്രിതത്വം, നിയന്ത്രണബോധം തുടങ്ങിയവയെ മാറ്റിമറിച്ചിരിക്കാൻ നല്ല സാധ്യതയുണ്ട്. ആശയവിനിമയത്തെ ഇത് നന്നായി ബാധിക്കും’’ -ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കാമ്ന ഛിബ്ബർ നിരീക്ഷിക്കുന്നു.
ഏതൊരു ബന്ധത്തിലെയും പ്രധാന ഘടകം പരസ്പര ബഹുമാനവും ആ ബന്ധത്തിലേക്ക് അവർ എന്താണ് സംഭാവന ചെയ്യുന്നതെന്നുമുള്ളതാണ്. ഫോണില്ലാതെ പരസ്പരം സമയം ചെലവിടണമെന്ന് നിരവധി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ‘‘തങ്ങളെ സംബന്ധിച്ച നല്ലതും മോശമായതുമായ കാര്യങ്ങൾ പരസ്പരം പങ്കുവെക്കാൻ പ്രചോദനം നൽകും. ജീവിതത്തിന്റെ വ്യത്യസ്തമായ സാഹചര്യങ്ങൾ നേരിടാനും ഈ പങ്കുവെപ്പ് സഹായിക്കും’’ -ഛിബ്ബർ കൂട്ടിച്ചേർക്കുന്നു.


