അധ്യാപക ദമ്പതിമാർ തെരഞ്ഞെടുപ്പ് ഗോദയിൽ
text_fieldsപി.സി. സിറാജ് മാഷും ഭാര്യ റസ്ല ടീച്ചറും
പേരാമ്പ്ര: ദമ്പതികളായ സിറാജ് മാഷും റസ് ല ടീച്ചറും ഇനിയുള്ള ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് ഗോദയിലായിരിക്കും. മുസ് ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്‍റായ പി.സി. സിറാജ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നൊച്ചാട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൊച്ചാട് പഞ്ചായത്ത് 13ാം വാർഡിൽനിന്നും രണ്ട് വോട്ടിനാണ് സിറാജ് പരാജയപ്പെടുന്നത്. കളളവോട്ട് ആരോപിച്ച് കോടതിയെ സമീപിച്ചപ്പോൾ കീഴ്കോടതിയിൽനിന്നും അനുകൂല വിധിയുണ്ടായി. എന്നാൽ ഈ വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗം അധ്യാപകനായ സിറാജ് ജീവ കാരുണ്യ പ്രവർത്തകനും മികച്ച സംഘാടകനുമാണ്.
ഭാര്യ റസ് ല പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ താൽക്കാലിക അധ്യാപികയായിരുന്നു. നൊച്ചാട് ഡിവിഷനിൽ ഉൾപ്പെട്ടതാണ് 14ാം വാർഡ്. അതുകൊണ്ട് തന്നെ ഇരുവർക്കും ഒരുമിച്ച് വോട്ടു പിടിക്കാൻ പോകാം. 14ാം വാർഡിൽ റസ് ലയുടെ എതിരാളി പടിഞ്ഞാറെ മoത്തിൽ ആയിഷ ടീച്ചർ ആണ്. സിറാജിനെതിരെ മത്സരിക്കുന്നത് അഡ്വ: ആദിത്യ സുകുമാരൻ ആണ്.


