ഭാര്യക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഭർത്താവ്
text_fieldsഇടവ പഞ്ചായത്തിലെ മുതിർന്ന അംഗം പി.സി. ബാബു എട്ടാം വാർഡംഗമായ ഭാര്യ ശ്രീദേവിയെക്കൊണ്ട് സത്യപ്രതിജ്ഞ ചൊല്ലിക്കുന്നു
വർക്കല: ഭാര്യയെക്കൊണ്ട് ഭർത്താവ് സത്യപ്രതിജ്ഞ ചൊല്ലിച്ചത് കൗതുകക്കാഴ്ചയായി. ഇടവ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നിന്നാണ് പി.സി. ബാബു വിജയിച്ചത്. എട്ടാം വാർഡിൽ നിന്ന് ഭാര്യ ശ്രീദേവിയും. ഞായറാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന അംഗമായ പി.സി. ബാബു ആണ് ആദ്യം വരണാധികാരിക്ക് മുന്നിൽ പ്രതിജ്ഞ കൈക്കൊണ്ടത്. തുടർന്ന് ഇദ്ദേഹമാണ് മറ്റ് അംഗങ്ങളെ പ്രതിജ്ഞയെടുപ്പിച്ചത്.
എട്ടാം വാർഡിലെ അംഗമായ ശ്രീദേവിയെ പ്രതിജ്ഞയെടുക്കാൻ വരണാധികാരി ക്ഷണിച്ചപ്പോൾ സദസിലാകെ കൗതുകം പരക്കുകയും ചിരി വിരിയുകയും ചെയ്തു. സി.പി.എം സ്ഥാനാർത്ഥികളായാണ് ഇരുവരും മത്സരിച്ച് വിജയിച്ചത്. പി.സി. ബാബു മൂന്നാമതും ഭാര്യ ശ്രീദേവി രണ്ടാം തവണയുമാണ് പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പി.സി. ബാബുവിനെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പാർട്ടി പരിഗണിക്കുന്നത്.


